| Saturday, 6th December 2025, 2:40 pm

അവസരം മുതലെടുക്കരുത്; വിമാനടിക്കറ്റ് നിരക്ക് കൂട്ടിയാല്‍ നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ സാഹചര്യം മുതലെടുത്ത് അമിതമായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഈ അവസരം മുതലെടുത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചു. യാത്രക്കാരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും വ്യോമയാന വകുപ്പ് മന്ത്രി റാം മോഹന്‍ നായിഡു കിന്‍ജാരപു എക്‌സിലൂടെ പ്രതികരിച്ചു.

അവസരം മുതലെടുത്തുള്ള വില വര്‍ധനവില്‍ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്നതിനായി, വിമാനം റദ്ദാക്കല്‍ കാരണം ബാധിക്കപ്പെട്ട എല്ലാ റൂട്ടുകളിലും ന്യായമായ നിരക്കാണ് ഈടാക്കുന്നതെന്ന് മന്ത്രാലയം ഉറപ്പാക്കും. അതിനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

റിയല്‍ ടൈം ഡാറ്റയിലൂടെയും എയര്‍ലൈനുകളുമായും ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റ്ഫോമുകളുമായും സജീവമായ ഏകോപനത്തിലൂടെയും മന്ത്രാലയം നിരക്ക് നിലവാരം സൂക്ഷ്മമായി നിരീക്ഷിക്കും.

നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി നിരക്കുകളില്‍ വര്‍ധനവ് വരുത്തിയാല്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി എക്‌സിലൂടെ അറിയിച്ചു.

Content Highlight: Don’t take advantage of the opportunity; Ministry of Civil Aviation warns of action if air ticket prices increase

We use cookies to give you the best possible experience. Learn more