| Thursday, 13th March 2025, 4:48 pm

ഇലയില്‍ ചവിട്ടരുത്, എല്ലാ വീട്ടിലെയും മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി; ആശാവര്‍ക്കര്‍മാരെ ഉപദേശിച്ച് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരമിരിക്കുകയും പൊങ്കാലയിടുകയും ചെയ്ത ആശാവര്‍ക്കര്‍മാര്‍ക്ക് ഉപദേശം നല്‍കി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പൊങ്കാലയിടുന്ന സ്ഥലത്തെ ഇലയില്‍ ചവിട്ടരുതെന്നും വീട്ടിലെ മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നുമാണ് സുരേഷ് ഗോപിയുടെ ഉപദേശം.

പൊങ്കാല നടക്കുന്ന സ്ഥലത്ത് സന്ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപി ഇലയില്‍ ചവിട്ടരുതെന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എല്ലാ വീട്ടിലെയും മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും അവര്‍ നേരെയായാല്‍ കേരളവും രാജ്യവും രക്ഷപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിന് വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും എന്നാല്‍ നിങ്ങള്‍ക്കും നന്മയുണ്ടാവുമെന്നും സുരേഷ് ഗോപി ഉപദേശിച്ചു.

ആറ്റുകാല്‍ പൊങ്കാലദിനത്തില്‍ സെക്രട്ടേറിയറ്റിലെ സമരപ്പന്തലില്‍ പൊങ്കാലയിടുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് പൊങ്കാല കിറ്റുമായി കേന്ദ്ര സഹമന്ത്രി നേരത്തെ എത്തിയിരുന്നു. ഇന്നലെ വൈകിട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് കിറ്റ് വിതരണം ചെയ്തത്. നൂറോളം പേര്‍ക്കുള്ള അരി, ശര്‍ക്കര, വാഴക്കുല, തേങ്ങ തുടങ്ങിയവയാണ് സുരേഷ് ഗോപി എത്തിച്ചുനല്‍കിയത്.

ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന തങ്ങള്‍ സര്‍ക്കാരിന്റെ കനിവ് തേടിയാണ് പൊങ്കാലയിടുന്നതെന്ന് ആശാവര്‍ക്കര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാര്‍ പറയുകയുണ്ടായി.

Content Highlight: Don’t step on the leaves, just pray for the children of every household; Suresh Gopi advises ASHA workers

We use cookies to give you the best possible experience. Learn more