| Saturday, 25th October 2025, 2:57 pm

അബദ്ധത്തില്‍ പോലും അരിവാളില്‍ കുത്തരുത്; സി.പി.ഐ.എമ്മിനെ ഇനി എങ്ങനെ വിശ്വസിക്കും: സന്ദീപ് വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: അബദ്ധത്തില്‍ പോലും ഇനി അരിവാളില്‍ കുത്തരുതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. നരേന്ദ്ര മോദിയുടെ പണം വാങ്ങാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം വരെ ഉപേക്ഷിക്കുന്ന സി.പി.ഐ.എമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.

വിദ്യാഭ്യാസരംഗത്തെ ആര്‍.എസ്.എസ് അജണ്ടക്ക് സി.പി.ഐ.എം കൂട്ടുനില്‍ക്കുമ്പോള്‍ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് യു.ഡി.എഫ് മാത്രമേയുള്ളുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പുവെച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ മുന്നറിയിപ്പ്.

നേരത്തെ പിണറായിക്ക് ബി.ജെ.പി ‘ശ്രീ’യും സി.പി.ഐ ‘അശ്രീകര’വും ആയിരിക്കുന്നുവെന്ന് സന്ദീപ് പരിഹസിച്ചിരുന്നു.

ഘടകക്ഷിയായ സി.പി.ഐയുടെ എതിര്‍പ്പ് അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പദ്ധതിയില്‍ ഒപ്പുവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സന്ദീപിന്റെ പ്രതികരണം. ആട്ടും തുപ്പും സഹിച്ച് ഇടത് കൂടാരത്തില്‍ തുടരണോ എന്ന് സി.പി.ഐക്കാര്‍ ചിന്തിക്കട്ടെ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

അതേസമയം ഏറ്റവും ഒടുവില്‍ നടന്ന മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ സി.പി.ഐ.എം ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ത്തിരുന്നു. പി.എം ശ്രീയെ ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചുകടത്താനുള്ള പദ്ധതിയെന്നാണ് സി.പി.ഐ.എം വിശേഷിപ്പിച്ചിരുന്നത്.

ഇതുമാത്രമല്ല 2020ല്‍ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ഒരു സമീപനരേഖയും പുറത്തിറക്കിയിരുന്നു. ഏതെങ്കിലും സംസ്ഥാനം പി.എം ശ്രീയില്‍ ഒപ്പുവെക്കുന്നുണ്ടെങ്കില്‍ ആ സംസ്ഥാനത്തിന് ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കേണ്ടി വരുമെന്നാണ് സി.പി.ഐയുടെ നിലപാട്.

എന്നാല്‍ ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ചത്. നിലവില്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ചെങ്കിലും കേരളത്തിലെ സ്‌കൂളുകളുടെ ലിസ്റ്റ് ഉടന്‍ കൈമാറില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

കേരളത്തിന്റെ എസ്.എസ്.കെ പദ്ധതിക്കായി കേന്ദ്രം നല്‍കാനുള്ളത് 971 കോടി രൂപയാണ്. ഇത് നേടിയെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

Content Highlight: Don’t stab yourself in the scythe even by mistake; How can you trust CPIM anymore: Sandeep Varier

We use cookies to give you the best possible experience. Learn more