ന്യൂദല്‍ഹി: സര്‍ബത്ത് ജിഹാദ് പരാമര്‍ശത്തില്‍ ബാബാ രാം ദേവിനെതിരെ വീണ്ടും വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി. സര്‍ബത്ത് ജിഹാദ് പരാമര്‍ശത്തിന് സമാനമായ അപകീര്‍ത്തികരമായ ഒരു പരാമര്‍ശവും സോഷ്യല്‍ മീഡിയ പോസ്റ്റുകളും പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
സര്‍ബത്ത് ജിഹാദെന്ന് കാണിച്ച് റൂഹ് അഫ്‌സയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ ഹംദാര്‍ദ് നാഷണല്‍ ഫൗണ്ടേഷന്‍ ഇന്ത്യ നല്‍കിയ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ്. പകല്‍ സമയത്ത് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ബാബാ രാംദേവിനോടും പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡിനോടും നിര്‍ദേശിച്ചു.
ആരുടെയും നിയന്ത്രണമില്ലാതെ സ്വന്തം ലോകത്ത് ഇഷ്ടാനുസരണം വിഹരിക്കുന്ന മട്ടിലാണ് രാംദേവിന്റെ പ്രവര്‍ത്തിയെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അമിത് ബന്‍സാല്‍ പറഞ്ഞു. മറ്റുള്ള കമ്പനികള്‍ക്ക് നേരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും കോടതി ബാബാ രാംദേവിനോട് ഉത്തരവിട്ടു.
കഴിഞ്ഞാഴ്ചയും കേസ് പരിഗണിക്കുന്നതിനിടെ കോടതി ബാബാ രാംദേവിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട എല്ലാ വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പിന്‍വലിക്കുമെന്നും ബാബാ രാംദേവ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
തങ്ങളുടെ ഉത്പന്നത്തെ ലക്ഷ്യമിട്ട് അപകീര്‍ത്തികരവും വര്‍ഗീയവുമായ പ്രസ്താവനകളാണ് നടത്തിയതെന്നാരോപിച്ചാണ് ഹംദാര്‍ദ് ലബോറട്ടറീസ് ബാബാ രാംദേവിനെതിരെ കേസ് ഫയല്‍ ചെയ്തത്. ഏപ്രില്‍ മൂന്നിനാണ് ബാബാ രാം ദേവ് അപകീര്‍ത്തികരവും വര്‍ഗീയവുമായ പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇത് ഞെട്ടിപ്പിക്കുന്നൊരു കേസാണെന്നും അപകീര്‍ത്തിപ്പെടുത്തുന്നതിനുമപ്പുറമാണ് പരാമര്‍ശമെന്നും വിദ്വേഷ പ്രസംഗത്തിന് സമാനമായ വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്ന കേസാണിതെന്നും ഹംദാര്‍ദിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ രാജ്യത്ത് അനുവദിക്കരുതെന്നും രാജ്യത്ത് ഇപ്പോള്‍ തന്നെ ആവശ്യത്തിന് പ്രശ്നങ്ങളുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു.
പതഞ്ജലിയുടെ പരസ്യത്തിന് വേണ്ടിയായിരുന്നു മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ബാബാ രാംദേവ് രംഗത്തെത്തിയത്. സാധാരണ സര്‍ബത്ത് കുടിച്ചാല്‍ പള്ളികളും മദ്രസകളുമാണ് ഉണ്ടാവുകയെന്നും പതഞ്ജലിയുടെ സര്‍ബത്ത് കുടിച്ചാല്‍ ഗുരുകുലവും ആര്യകുലവുമാണ് ഉണ്ടാവുകയെന്നുമായിരുന്നു ബാബാ രാം ദേവിന്റെ പരാമര്‍ശം.
പതജ്ഞലിയുടെ പ്രൊഡക്ട് പരസ്യത്തോടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. മറ്റൊരു സോഫ്റ്റ് ഡ്രിങ്കിനെയാണ് സര്‍ബത്ത് ജിഹാദെന്ന് പറയാനായി ബാബാ രാംദേവ് ഉപമിച്ചത്. വേനല്‍കാലത്ത് ദാഹം ശമിപ്പിക്കാന്‍ സോഫ്റ്റ് ഡ്രിങ്കാണെന്ന പേരില്‍ ആളുകള്‍ കുടിക്കുന്നത് ടോയ്‌ലറ്റ് ക്ലീനറുകളാണെന്നും സര്‍ബത്ത് ജിഹാദിന്റെ പേരില്‍ ടോയ്‌ലറ്റ് ക്ലീനറുകളാണ് വില്‍ക്കുന്നതെന്നും ബാബാ രാംദേവ് പറഞ്ഞിരുന്നു.
Content Highlight: Don’t spread hate speech against other companies; Delhi High Court again slams Baba Ramdev for Sarbat Jihad remark