ന്യൂദൽഹി: വോട്ടർപട്ടിക കുറ്റമറ്റതാക്കിയതിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ ബഹുമതി നൽകണമെന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ ആവശ്യപ്പെട്ടതിന് പിന്നാലെ കടുത്ത പരിഹാസവുമായി കോൺഗ്രസ്.
പത്മഭൂഷൺ വളരെ ചെറിയ പുരസ്കാരമാണെന്നും മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ പ്രാപ്തിയുള്ള ഗ്യാനേഷ് കുമാറിനെത്തന്നെ പ്രധാനമന്ത്രിയാക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് മാധ്യമവിഭാഗം അധ്യക്ഷൻ പവൻ ഖേര തിരിച്ചടിച്ചു.
ദീർഘകാലത്തിന് ശേഷം ഭയപ്പെടുത്തലുകളോ രാഷ്ട്രീയ കൊലപാതകങ്ങളോ ഇല്ലാതെ സമാധാനപരമായി വോട്ട് ചെയ്യാൻ അവസരമൊരുക്കിയതിനും, അതിർത്തി സംസ്ഥാനമായ ബംഗാളിലെ വോട്ടർപട്ടികയിൽ നിന്ന് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതിനും ഗ്യാനേഷ് കുമാറിന് ചുരുങ്ങിയത് പത്മഭൂഷൺ എങ്കിലും നൽകി ആദരിക്കണമെന്നായിരുന്നു ഷമിക് ഭട്ടാചാര്യയുടെ പ്രസ്താവന.
എന്നാൽ ബി.ജെ.പിയുടെ ഈ പ്രശംസയെ പരിഹസിച്ചതിനൊപ്പം, പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിക്ക് പിന്നിൽ ആരാണെന്ന ചോദ്യവും പവൻ ഖേര ഉന്നയിച്ചു. രാജ്യവ്യാപകമായി എസ്.ഐ.ആർ നടപ്പാക്കാൻ അനുമതി നൽകിയത് ‘ഷെഹൻഷായോ അതോ അമിത് ഷായോ’ എന്ന് അദ്ദേഹം ചോദിച്ചു.
സാമൂഹിക പ്രവർത്തകയായ അഞ്ജലി ഭരദ്വാജിന് വിവരാവകാശ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടി ചൂണ്ടിക്കാട്ടിയാണ് ഖേര കേന്ദ്ര സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പ്രതിരോധത്തിലാക്കിയത്.
2025-ൽ രാജ്യത്തുടനീളം ഇത്തരമൊരു നടപടിക്ക് ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കമ്മീഷൻ തന്നെ രേഖാമൂലം വ്യക്തമാക്കുമ്പോൾ, അനുമതിയില്ലാതെ എങ്ങനെയാണ് ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിക്കൊണ്ട് രാജ്യവ്യാപകമായി ഇത് നടപ്പാക്കിയതെന്ന് കോൺഗ്രസ് ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണർമാരുടെ എതിർപ്പുകൾ മറികടന്നാണ് എസ്.ഐ.ആർ വഴി വോട്ടർപട്ടികയിൽ നിന്നും വൻതോതിൽ പേരുകൾ വെട്ടിമാറ്റിയതടക്കമുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതെന്ന് അടുത്തിടെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlight:Don’t Settle for a Padma Bhushan, Make the Election Commissioner Prime Minister”: Congress Mocks Modi Government.