| Friday, 25th April 2025, 8:27 pm

വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസുകളില്‍ തീര്‍ക്കരുത്; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസുകളില്‍ വന്ന് തീര്‍ക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖല സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലപ്പത്തുള്ളവരെയാണ് കീഴിലുള്ള ഉദ്യോഗസ്ഥര്‍ മാതൃകയാക്കേണ്ടതെന്നും ഏതെങ്കിലും തരത്തിലുള്ള ബ്ലാക്ക് മാര്‍ക്ക് വന്നുപോയാല്‍ തുടര്‍ന്ന് ലഭിക്കേണ്ട അംഗീകാരങ്ങള്‍ക്ക് തടസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഫീസുകളിലെ നടപടികള്‍ സുതാര്യമായിരിക്കണമെന്നും കാര്യങ്ങള്‍ സംശുദ്ധമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസില്‍ സ്ഥാപനത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാതൃക കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമേഖല സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള നടപടി എടുത്തിട്ടുണ്ടെന്നും അവയെല്ലാം പൊതുവെ ഫലം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതാപം ഉണ്ടായിരുന്ന ചില പൊതുമേഖല സ്ഥാപനങ്ങള്‍ താഴോട്ട് പോയെന്നും അതില്‍ കെല്‍ട്രോണ്‍ പോലുള്ളവ ഇപ്പോള്‍ ശരിയായി മുന്നേറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാപനങ്ങള്‍ അഭിവൃദ്ധിപ്പെടുത്താന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും നേരത്തെ നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Don’t settle conflicts at home in offices; CM tells officials

We use cookies to give you the best possible experience. Learn more