| Friday, 23rd October 2026, 12:01 pm

'സ്വന്തം തട്ടകത്തിൽ ചെയ്യാത്തത് യു.പിയിൽ പറയരുത്’; ഒവൈസിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന കോൺഗ്രസ്

ശ്രീലക്ഷ്മി പി.പി

ഹൈദരാബാദ്: നെഹ്‌റു-ഗാന്ധി കുടുംബത്തെയോ യാദവ പാർട്ടികളെയോ ആശ്രയിക്കുന്ന പ്രവണത അവസാനിപ്പിച്ച് സ്വന്തം സമുദായത്തിൽ നിന്ന് നേതൃത്വം ഉയർത്തിക്കൊണ്ടുവരണമെന്ന എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ ആഹ്വാനത്തിനെതിരെ തെലങ്കാന കോൺഗ്രസ്.

സ്വന്തം തട്ടകമായ ഹൈദരാബാദിലോ തെലങ്കാനയിലോ ഇന്നുവരെ പ്രാവർത്തികമാക്കാത്ത ഒരു രാഷ്ട്രീയ ഫോർമുലയാണ് ഒവൈസി ഇപ്പോൾ യു.പിയിലെത്തി ‘കയറ്റുമതി’ ചെയ്യുന്നതെന്ന് സംസ്ഥാനത്തെ ഭരണകക്ഷി നേതാക്കൾ തുറന്നടിച്ചു.

സ്വന്തം മണ്ണിൽ പരീക്ഷിക്കുകയോ നടപ്പാക്കുകയോ ചെയ്യാത്ത കാര്യങ്ങളാണ് ഒവൈസി ഇതര സംസ്ഥാനങ്ങളിൽ പോയി ഉപദേശിക്കുന്നതെന്ന് ഹൈദരാബാദ് ലോക്സഭാ മണ്ഡലം കോൺഗ്രസ് ഇൻ-ചാർജും മുൻ ഡി.സി.സി പ്രസിഡന്റുമായ മുഹമ്മദ് വലിയുല്ല സമീർ പറഞ്ഞു.

പതിറ്റാണ്ടുകളായി തെലങ്കാന രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുണ്ടായിട്ടും, തങ്ങളുടെ സ്ഥിരം കോട്ടകൾക്ക് പുറത്ത് സ്വതന്ത്രരായ എത്ര മുസ്‌ലിം നേതാക്കളെ വളർത്തിയെടുക്കാൻ എ.ഐ.എം.ഐ.എമ്മിന് കഴിഞ്ഞിട്ടുണ്ടെന്ന ചോദ്യത്തിന് ഒവൈസി ആദ്യം മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റുള്ളവർക്ക് പരവതാനി വിരിച്ചു കൊടുക്കാതെ ‘അബ്ദുൾ’ തന്നെ നേതാവാകണമെന്ന് യു.പിയിലെ പൊതുവേദികളിൽ പറയുന്ന ഒവൈസി, രാംപൂരിലും അസംഘറിലും ക്ലാസെടുക്കുന്നതിന് മുൻപ് തെലങ്കാനയിലെ ‘അബ്ദുളി’ന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണമെന്ന് സമീർ പറഞ്ഞു.

ഹൈദരാബാദിലെ ഏതാനും ചില പ്രത്യേക മണ്ഡലങ്ങൾക്കപ്പുറത്തേക്ക് സമുദായത്തിൽ നിന്നുള്ള പുതിയ നേതൃത്വത്തെ വളരാൻ അനുവദിക്കാതിരുന്നത് എന്ത് കാരണത്താലാണെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞദിവസം യു.പിയിലെ രാംപൂരിൽ നടന്ന പൊതുയോഗത്തിലാണ് കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും ലക്ഷ്യമിട്ട് ഒവൈസി കടുത്ത പരാമർശങ്ങൾ നടത്തിയത്.

‘ഗാന്ധി കുടുംബത്തിലെയും യാദവ കുടുംബത്തിലെയും നേതാക്കൾക്ക് ചാരിയിരുന്ന് വിശ്രമിക്കാൻ പരവതാനി വിരിച്ചുകൊടുക്കുക എന്നത് മാത്രമാണ് അബ്ദുളിന്റെ പണിയെന്നാണ് അവർ കരുതുന്നത്. എന്നാൽ മറ്റുള്ളവർക്ക് പരവതാനി വിരിച്ചു കൊടുക്കാൻ മാത്രമായി ജനിച്ചവനല്ല അബ്ദുൾ. ഒരു അബ്ദുൾ സ്വന്തമായി നേതാവാകുന്നത് അവർക്ക് സഹിക്കില്ല,’ എന്നായിരുന്നു ഒവൈസിയുടെ പ്രസംഗം.

എന്നാൽ ഈ പ്രയോഗങ്ങൾക്കെതിരെ തെലങ്കാന സർക്കാരിന്റെ ഉപദേഷ്ടാവ് ഷബ്ബീർ അലി ശക്തമായി പ്രതികരിച്ചു. ‘പരവതാനി വിരിക്കുന്നവൻ’, ‘ഷേർവാണി’, ‘താടി’, ‘തൊപ്പി’ തുടങ്ങിയ വികാരപരമായ വാക്കുകൾ നിരന്തരം ഉപയോഗിച്ച് മുസ്‌ലിം സമൂഹത്തെ ഒന്നുമറിയാത്ത, വെറും ദയനീയരായ അനുയായികളായി പൊതുസമൂഹത്തിന് മുന്നിൽ ചിത്രീകരിക്കാനാണ് ഒവൈസി ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

മുസ്‌ലിങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഒവൈസിയുടെ വാദങ്ങളിലെ വൈരുധ്യവും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
തെലങ്കാന നിയമസഭയിലെ ആകെയുള്ള 119 സീറ്റുകളിൽ വെറും ഒൻപത് സീറ്റുകളിൽ മാത്രം എ.ഐ.എം.ഐ.എം മത്സരിച്ചത് എന്തുകൊണ്ടാണെന്നും ബാക്കി മണ്ഡലങ്ങളിൽ സമുദായത്തിലെ കഴിവുള്ള യുവാക്കൾക്ക് അവസരം നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും എ.ഐ.സി.സി വക്താവ് ഡോ. ഷമാ മുഹമ്മദ് ചോദിച്ചു.

മുസ്‌ലിം സമൂഹത്തിന് കൂടുതൽ എം.എൽ.എമാരും എം.പിമാരും മന്ത്രിമാരും ജനപ്രതിനിധികളും വേണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്ന് സമീർ വിശദീകരിച്ചു.
‘ആ പ്രാതിനിധ്യം സംസ്ഥാനത്താകെ വ്യാപിപ്പിക്കുകയാണോ അതോ ചെറിയൊരു ഭൂപ്രദേശത്ത് തങ്ങളുടെ കുടുംബത്തിന് മാത്രമായി കുത്തകയാക്കി വെക്കുകയാണോ ഒവൈസി ചെയ്തതെന്നാണ് യഥാർത്ഥ ചോദ്യം. വലിയ പാർട്ടികൾ മുസ്‌ലിം യുവാക്കൾക്ക് അവസരം നിഷേധിക്കുകയാണെന്ന് ഒവൈസി ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 110 മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്താതെ മാറിനിന്നത് എന്തിനാണ്? അവിടങ്ങളിലൊന്നും കഴിവുറ്റ മുസ്‌ലിം അഭിഭാഷകരോ ഡോക്ടർമാരോ സംരംഭകരോ വിദ്യാസമ്പന്നരോ സ്ത്രീകളോ ഉണ്ടായിരുന്നില്ലേ’ എന്നും അദ്ദേഹം ചോദിച്ചു.

മത്സരിക്കാത്ത ഭൂരിഭാഗം മണ്ഡലങ്ങളിലും മുൻ ഭരണകക്ഷിയായ ബി.ആർ.എസിന് പരസ്യ പിന്തുണ നൽകിയതിലൂടെ ഒവൈസിയുടെ രാഷ്ട്രീയ കാപട്യം വ്യക്തമായെന്ന് സമീർ പറഞ്ഞു.

യു.പിയിൽ ചെന്ന് മറ്റുള്ളവരെ ആശ്രയിക്കരുതെന്ന് പ്രസംഗിക്കുന്നയാൾ, സ്വന്തം സംസ്ഥാനത്ത് മറ്റൊരു പാർട്ടിക്ക് രാഷ്ട്രീയ ഇടം പൂർണമായി അടിയറവ് വെക്കുകയാണ് ചെയ്തത്.

‘ഇത് സ്വതന്ത്ര നേതൃത്വമല്ല, മറിച്ച് തികഞ്ഞ അവസരവാദ രാഷ്ട്രീയമാണ്. തെലങ്കാനയിൽ ഒരു പുതിയ തലമുറ നേതാക്കളെ വളർത്തിയെടുക്കാൻ ഒരു ശ്രമവും നടത്താത്ത പാർട്ടിക്ക് ഇത്തരം കാര്യങ്ങൾ യു.പിയിൽ പോയി പറയാൻ യാതൊരു ധാർമിക അവകാശവുമില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളായി ഭരിച്ചിട്ടും സാധാരണ കുടുംബങ്ങളിൽനിന്ന് പുതിയ നേതാക്കളെ വളർത്താൻ കഴിയാത്ത ഒവൈസിയുടെ സാക്ഷ്യപത്രം മുസ്‌ലിം വോട്ടർമാർക്ക് ആവശ്യമില്ലെന്നും, സ്വന്തം രാഷ്ട്രീയ വിവേകത്തോടെയാണ് അവർ നിലപാടുകൾ സ്വീകരിക്കുന്നതെന്നും സമീർ പറഞ്ഞു.

Content Highlight:‘Don’t preach in UP what you don’t practice on your own turf’; Telangana Congress lashes out at Owaisi.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more