പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനൻ. ദുൽഖറിനെ പ്രധാനകഥാപാത്രമാക്കി അഴകപ്പൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ വിജയമായിരുന്നില്ല. പിന്നീട് തമിഴിലേക്കും ബോളിവുഡിലേക്കും നടി ചേക്കേറി.
മാളവികയുടെ ഏറ്റവും പുതിയ മലയാള ചിത്രം മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ആണ്. ചിത്രം ഓഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തും.
മോഹൻലാലിനൊപ്പം മാളവിക മോഹനൻ നായികയായി അഭിനയിക്കുന്നതിനെ ചിലർ വിവാദമാക്കിയിരുന്നു. പ്രായമായിരുന്നു അതിന്റെ മാനദണ്ഡം. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് മാളവിക മോഹനൻ.
താനൊരു കമന്റിന് മറുപടി കൊടുത്തിട്ടുണ്ടായിരുന്നുവെന്നും ഒരു പടത്തിന്റെ സ്‌ക്രിപ്‌റ്റോ സ്റ്റോറിയോ ഒന്നുമറിയാതെ കണ്ണുമടച്ച് കമന്റ് ചെയ്യുന്നത് കുറച്ച് മോശമാണെന്നും മാളവിക പറയുന്നു.
ആദ്യം പടം റിലീസ് ആവട്ടെയെന്നും, റിലീസ് ആയിക്കഴിഞ്ഞതിന് ശേഷം അതിനെക്കുറിച്ച് നിങ്ങൾക്കെന്തുവേണമെങ്കിലും പറയാമെന്നും മാളവിക മോഹനൻ കൂട്ടിച്ചേർത്തു. ഹൃദയപൂർവ്വം ഒരു വ്യത്യസ്ത കഥയാണെന്നും ടിപ്പിക്കൽ പ്രണയകഥയല്ലെന്നും നടി പറഞ്ഞു.
‘കുറച്ച് വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഞാൻ മലയാളത്തിലൊരു പടം ചെയ്യുന്നത്. എന്റെ ലാസ്റ്റ് കുറച്ച് റിലീസുകൾ തമിഴും ഹിന്ദിയുമൊക്കെയായിരുന്നു. പിന്നെ ഇതൊരു സത്യൻ അന്തിക്കാട് – മോഹൻലാൽ പടമായതുകൊണ്ട് എനിക്ക് അത് ഒരിക്കലും സ്‌ട്രെസ് ആയിരുന്നില്ല.
ഇവർ രണ്ടുപേരും ഐക്കോൺസ് അല്ലേ.. പ്രേക്ഷകർ അവരുടെ സിനിമ എന്തായാലും തിയേറ്ററിൽ പോയി കാണും. ഈ ലെജൻസിന്റെ സിനിമയിൽ അഭിനയിക്കുന്നതിൽ എക്‌സൈറ്റ്‌മെന്റ് ആണ് എനിക്ക്,’ മാളവിക പറയുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു മാളവിക.
ഹൃദയപൂർവ്വം
മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. പത്ത് വർഷത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രവും ഇരുവരും ഒന്നിച്ച 20ാമത്തെ സിനിമയുമാണ് ഇത്. മോഹൻലാലിനോടൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത നായർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Content Highlight: Don’t post bad comments without knowing the story of the movie says Malavika Mohanan