| Monday, 2nd June 2025, 9:43 am

തീകൊണ്ടാണ് കളിക്കുന്നത്; തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയുടെ പ്രകോപനങ്ങള്‍ക്ക് മറുപടിയുമായി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: തായ്‌വാന്‍ വിഷയത്തില്‍ ചൈനയെ ഭീഷണിപ്പെടുത്തിയ യു.എസിന് മറുപടിയുമായി ചൈന. തായ്‌വാന്‍ വിഷയം പൂര്‍ണമായും ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ഒരു വിദേശരാജ്യത്തിനും ഇടപെടാന്‍ സാധിക്കില്ലെന്നും യു.എസ് തീകൊണ്ടാണ് കളിക്കുന്നതെന്നും ചൈന പറഞ്ഞു.

സിംഗപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ആദ്യ പ്ലീനറി സെഷനില്‍ വെച്ച് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ്‌ഹെഗ്‌സത്ത് ചൈന തായ്‌വാനെതിരേ ഭീഷണി ഉയര്‍ത്തുകയാണെന്ന് മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് മറുപടി നല്‍കുകയായിരുന്നു ചൈന.

ദക്ഷിണ ചൈനാക്കടലില്‍ യു.എസ് സൈന്യം വിന്യാസം നടത്തി പ്രശ്‌നം ആളിക്കത്തിക്കുകയാണെന്നും ഏഷ്യ-പസഫിക് മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും ചൈന അവകാശപ്പെട്ടു. മേഖലയിലെ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ പ്രദേശത്തെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും ചൈന കൂട്ടിച്ചേര്‍ത്തു.

ചൈന മേഖലയുടെ ചില ഭാഗങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നും ഹെഗ്സെത്ത് അവകാശപ്പെട്ടിരുന്നു. കൂടാതെ ബലപ്രയോഗത്തിലൂടെ അത് നടപ്പിലാക്കാന്‍ ചൈനയെ യു.എസ് അനുവദിക്കില്ലെന്നും ഹെഗ്‌സത്ത് പറയുകയുണ്ടായി.

ഹെഗ്സെത്തിന്റെ പ്രസംഗം പ്രകോപനകരവും ചൈന  ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നതായി ചൈന പ്രസ്താവനയിലൂടെ അറിയിച്ചു.

സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുള്ള പ്രാദേശിക രാജ്യങ്ങളുടെ ശ്രമങ്ങളെ ആത്മാര്‍ത്ഥമായി ബഹുമാനിക്കണമെന്നും സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും പെരുപ്പിച്ചു കാണിച്ച് പ്രാദേശിക സംഘര്‍ഷങ്ങള്‍ വഷളാക്കരുതെന്നും ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര തലത്തില്‍ തര്‍ക്ക പരിഹാരത്തിനായുള്ള സംഘടന സ്ഥാപിക്കുന്നതിനുള്ള കണ്‍വെന്‍ഷനില്‍ ചൈന ഒപ്പുവെച്ചിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് തുല്യമാകുന്ന വിധത്തില്‍ അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായുള്ള ഓര്‍ഗനൈസേഷനാണ് ചൈനയുടെ നേതൃത്വത്തില്‍ രൂപീകരിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, രാജ്യവും മറ്റൊരു രാജ്യത്തെ പൗരന്മാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയവ ഈ കൂട്ടായ്മ ചര്‍ച്ച ചെയ്യുമെന്നും കൈകാര്യം ചെയ്യുമെന്നും പറഞ്ഞിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ അന്താരാഷ്ട്രതലത്തില്‍ ചൈനയുടെ സ്വാധീനം ശക്തമാകുന്നു എന്ന സൂചന നല്‍കുന്നതാണ് പുതിയ കൂട്ടായ്മ.

ഇന്തോനേഷ്യ, പാകിസ്ഥാന്‍, ലാവോസ്, കംബോഡിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഹോങ്കോങ്ങില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ 20 അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Don’t play with fire  China warns US on their statement on Taiwan issue

We use cookies to give you the best possible experience. Learn more