ടെല്‍അവീവ്: ഇസ്രഈല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ശത്രുക്കള്‍ തങ്ങളെ അക്രമിക്കാന്‍ പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ തങ്ങളോട് കളിക്കാന്‍ നിക്കണ്ടെന്നും സൈന്യം തേടിപ്പിടിച്ച് ഇല്ലാതാക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഐ.ഡി.എഫ് വ്യോമസേനയുടെ ടെല്‍ നോഫ് ബേസില്‍ സംസാരിക്കവെയായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം.
‘ നമ്മള്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അത് ഉപേക്ഷിക്കാന്‍ വലിയ സമ്മര്‍ദമുണ്ട്. പക്ഷേ നമ്മുടെ പോരാളികളുടെ ധീരതയിലൂടെ നേടിയെടുത്ത കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല. തെരഞ്ഞെടുപ്പിന് മുന്‍പായി നമ്മളെ ആക്രമിക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുമെന്ന് സൂചനയുണ്ട്. ഈ വ്യോമസേനാ താവളത്തില്‍ നിന്ന് അവര്‍ക്കൊരു സന്ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഞങ്ങളോട് കളിക്കാന്‍ നില്‍ക്കേണ്ട, ഇപ്പോഴും എപ്പോഴും. ഞങ്ങളുടെ കൈകള്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും നിങ്ങളിലേക്ക് എത്തും,’ നെതന്യാഹു പറഞ്ഞു.
ഗസയിലേയും ലെബനിലേയും സൈനീക നീക്കങ്ങളേക്കുറിച്ച് സംസാരിക്കവെ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ നൂറിവധികം ഭീകരരെ ഇസ്രഈല്‍ വധിച്ചിട്ടുണ്ടെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി പറഞ്ഞു.
‘ഹമാസിന്റെ നോര്‍ത്തേണ്‍ ഗസ ബ്രിഗേഡ് കമാന്‍ഡറെ വധിച്ചു. ഇതിന് മുന്‍പും പലരെയും നമ്മള്‍ ഇല്ലാതാക്കിയിട്ടുണ്ട്. ഗസയില്‍ മാത്രം നൂറിലധികം ഭീകരരെയാണ് ഈ ആഴ്ചകളില്‍ വധിച്ചത്. ലെബനനിലും നമ്മുടെ സൈന്യം ശക്തമായി ഇടപെടുന്നുണ്ട്. അലി താഹര്‍ റിഡ്ജില്‍ നമ്മള്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകുമല്ലോ,’ നെതന്യാഹു ചോദിച്ചു.
ഗസയില്‍ ഹമാസ് ഇല്ലാതാവുന്നത് വരെ കമാന്‍ഡര്‍മാര്‍ മുതല്‍ അവസാനത്തെ പ്രവര്‍ത്തകനെ വരെ പിന്തുടര്‍ന്ന് വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Don’t mess with us; wherever they hide, we will hunt down our enemies: Netanyahu.