സിനിമയിലെ തിരക്കുകള്‍ക്കിടയിലും തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയ തകര്‍ച്ചകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. പ്രണയബന്ധങ്ങളില്‍ സ്ത്രീകള്‍ അനാവശ്യമായി വിട്ടുവീഴ്ചകള്‍ ചെയ്ത് സ്വന്തം ഐഡന്റിറ്റി നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ചും, എപ്പോഴാണ് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടത് എന്ന് തിരിച്ചറിയേണ്ടതിനെക്കുറിച്ചും ഐശ്വര്യ വ്യക്തമാക്കുന്നു. ജെ.എഫ്.ഡബ്ല്യൂ ബിഞ്ചിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം തന്റെ നിലപാടുകളും ബ്രേക്ക്അപ്പ് സമയത്തെ അതിജീവനത്തെക്കുറിച്ചുമൊക്കെ വ്യക്തമാക്കിയത്.
‘ബ്രേക്ക്അപ്പ് എന്നത് തീര്‍ച്ചയായും വളരെ ബുദ്ധിമുട്ടേറിയ സമയമാണ്. അതിലൂടെ കടന്നുപോകുക എന്നല്ലാതെ വേറൊന്നും ചെയ്യാനില്ല. കുറേനേരം ഇരുന്ന് കരഞ്ഞിട്ട്, പിന്നീട് ഒരു പ്രശ്‌നവുമില്ലാത്തതുപോലെ നടിക്കും. ആ വേദന പൂര്‍ണമായി അനുഭവിച്ച് തന്നെ മുന്നോട്ട് പോകുക എന്നത് മാത്രമാണ്.
തനിക്ക് ചുറ്റുമുള്ളവരോട് മോശമായി പെരുമാറുന്നവരെ സഹിക്കാന്‍ കഴിയില്ലെന്നും ഐശ്വര്യ തുറന്നുപറയുന്നു. ‘നമുക്ക് ചിലരെ കാണുമ്പോഴേ അറിയാം. ഒരാള്‍ തന്റെ ചുറ്റുമുള്ളവരോട് മോശമായി പെരുമാറിയാല്‍ അത് തെറ്റാണെന്ന് ഞാന്‍ മുഖത്തുനോക്കി പറയും. പ്രത്യേകിച്ച് തനിക്ക് താഴെയുള്ളവരോട് മോശമായി പെരുമാറുന്ന ഒരാളുടെ അടുത്തുപോലും പോകാന്‍ ഞാന്‍ താല്പര്യപ്പെടില്ല. നമുക്ക് ഇവിടെ പരമ്പരാഗതമായ ചില സാമൂഹ്യ ഘടനകള്‍ ഉണ്ടല്ലോനമുക്ക് താഴെയുള്ളവരോട് എങ്ങനെയും പെരുമാറാമെന്ന് കരുതുന്നവര്‍. വ്യക്തിപരമായ ബന്ധമാണെങ്കില്‍ പോലും അങ്ങനെയുള്ളവരെ ജീവിതത്തില്‍ അടുപ്പിക്കാന്‍ എനിക്ക് താല്പര്യമില്ലെന്ന് മനസ്സിലായി.’ താരം പറഞ്ഞു.
പ്രണയതകര്‍ച്ചയുടെ ആ വേദനകള്‍ തന്റെ സര്‍ഗാത്മകതയെ ഉണര്‍ത്താറുണ്ടെന്നും ഐശ്വര്യ പറഞ്ഞു.’ജീവിതത്തില്‍ വേദനാജനകമായ എന്തെങ്കിലും സംഭവിക്കുമ്പോള്‍ എന്റെ സര്‍ഗ്ഗാത്മകത മുഴുവന്‍ ഉണരും. ഞാന്‍ ഒരുപാട് കാര്യങ്ങളും കവിതകളുമൊക്കെ എഴുതും. പിന്നീട് സമാധാനമായി ഇരുന്ന് അതൊക്കെ വായിക്കുമ്പോള്‍ എനിക്ക് തന്നെ വലിയ ‘ക്രിഞ്ച്’ ആയി തോന്നാറുണ്ട്. ആ സമയത്തൊക്കെ ഞാന്‍ ധാരാളം ഡയറിക്കുറിപ്പുകള്‍ എഴുതുമായിരുന്നു. അത് നമ്മളെ ഒരുപാട് സഹായിക്കും.’ ഐശ്വര്യ പറഞ്ഞു.
ജീവിതത്തില്‍ പ്രതിസന്ധികളില്‍ പെട്ടിരിക്കുമ്പോള്‍ തീര്‍ച്ചയായും അവിടേക്ക് കടന്നുവരുന്ന ചിലരുണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘എന്റെയും എന്റെ ഒരു സുഹൃത്തിന്റെയും ജീവിതത്തില്‍ ഒരേ സമയത്താണ് ബ്രേക്ക്അപ്പ് സംഭവിക്കുന്നത്. അവള്‍ ആകെ തകര്‍ന്ന് കരഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ എനിക്ക് തോന്നുന്നത്, നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ സന്തോഷം കണ്ടെത്താന്‍ തയ്യാറാകുമ്പോള്‍, ശരിയായ സമയത്ത് ദൈവം ഒരാളെ നമ്മുടെ ജീവിതത്തിലേക്ക് അയക്കുമെന്നാണ്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ടോക്‌സിസിറ്റിയുടെ കാര്യത്തില്‍ നമ്മള്‍ എപ്പോഴും മറ്റൊരാളെ കുറ്റപ്പെടുത്താനാണ് ശ്രമിക്കാറുള്ളതെന്നും താരം പറഞ്ഞു.
പലപ്പോഴും ഇത്തരം ബന്ധങ്ങളില്‍ അകപ്പെടുമ്പോള്‍ ജീവിതത്തില്‍ എനിക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ തന്നെ മറന്നുപോകാറുണ്ട്. ഒരു വ്യക്തി എന്ന നിലയിലുള്ള എന്റെ നിലനില്‍പ്പോ, എന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ ഒന്നും ഞാന്‍ ഓര്‍ക്കാറില്ല. അതൊരു നിസ്സാര കാര്യമായി തോന്നാമെങ്കിലും സ്വന്തം ഐഡന്റിറ്റി തന്നെ ഇല്ലാതാകുന്ന അവസ്ഥയാണിത്.
ഇതിനെ ഒരു പൂര്‍ണമായ ഉപേക്ഷിക്കല്‍ എന്ന് പറയാനാകില്ലെങ്കിലും അതിനോട് വളരെ അടുത്തൊരു അവസ്ഥയാണിത്. സത്യത്തില്‍ അതൊരു ടോക്‌സിക് അവസ്ഥയാണ്. കാരണം പിന്നീട് നമ്മള്‍ അവിടെ നിലനില്‍ക്കുന്നത് മറ്റൊരാള്‍ക്ക് വേണ്ടിയാണ്. അതൊരുതരം ഭ്രമം പോലെയാണ്, അല്ലാതെ ഒരിക്കലും സ്‌നേഹമല്ല. അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല,’ ഐശ്വര്യ വ്യക്തമാക്കി.
താന്‍ പൊതുവേ കാര്യങ്ങളില്‍ കടുംപിടുത്തമുള്ള ഒരാളായതുകൊണ്ട് തന്നെ പലതും ആഗ്രഹിക്കുന്നതുപോലെ നടക്കാന്‍ വേണ്ടി ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ മുതിരുമെന്നും താരം പറയുന്നു.
‘ഒരു ബന്ധത്തില്‍ നിന്ന് എപ്പോഴാണ് പുറത്തുകടക്കേണ്ടത് എന്ന് നമ്മള്‍ കൃത്യമായി അറിയണം. പലപ്പോഴും ഞാന്‍ അനാവശ്യമായി ബന്ധങ്ങളില്‍ തന്നെ തൂങ്ങിക്കിടക്കാറുണ്ട്. സ്ത്രീകള്‍ ഇത്തരത്തില്‍ അമിതമായി വിട്ടുവീഴ്ചകള്‍ ചെയ്യുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, എന്നാല്‍ അത് ഒടുവില്‍ വലിയൊരു മോശം കാര്യമായി മാറും. മറ്റേ വ്യക്തിയില്‍ നിന്നും തിരിച്ച് ഒന്നും ലഭിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ മാത്രം സ്‌നേഹവും കരുതലും നല്‍കിക്കൊണ്ടിരിക്കുന്നത് വളരെ മോശമായ കാര്യമാണ്,’ താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: Don’t lose your identity for someone else, that’s obsession, not love actress Aiswarya Lekshmi