| Tuesday, 10th March 2026, 8:45 pm

ലോകകപ്പ് വിജയത്തെ മതവുമായി കൂട്ടിക്കെട്ടരുത്; ജയ് ഷായുടെയും സൂര്യയുടെയും ഗംഭീറിന്റെയും ക്ഷേത്ര സന്ദര്‍ശനത്തില്‍ സന്ദീപ് വാര്യര്‍

രാഗേന്ദു. പി.ആര്‍

പാലക്കാട്: ലോകകപ്പ് വിജയം എന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെയോ പ്രത്യേക വിഭാഗത്തിന്റെയോ മാത്രം നേട്ടമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. 140 കോടി ഇന്ത്യക്കാരുടെ പ്രാര്‍ത്ഥനയുടെയും പ്രതീക്ഷയുടെയും ഫലമാണ് ഈ വിജയമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

ലോകകപ്പ് വിജയത്തെ ഒരു പ്രത്യേക മതവിശ്വാസത്തിന്റെ മാത്രം ചട്ടക്കൂടിനുള്ളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ വേദനയുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ടി-20 ലോകകപ്പുമായി ഐ.സി.സി ചെയര്‍മാന്‍ ജയ് ഷാ, ഇന്ത്യന്‍ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിനെ മുന്‍നിര്‍ത്തിയാണ് സന്ദീപ് വാര്യരുടെ വിമര്‍ശനം.

‘ഇത് ‘ടീം ഇന്ത്യ’ ആണ്. ഈ ടീമില്‍ നമ്മുടെ സ്വന്തം സഞ്ജു സാംസണ്‍ ഉണ്ട്, മുഹമ്മദ് സിറാജുണ്ട്, അര്‍ഷ്ദീപ് സിങ്ങുണ്ട്. ഹിന്ദുവും മുസ്‌ലിമും സിഖുകാരനും ക്രിസ്ത്യാനിയും ഒരേ ലക്ഷ്യത്തിനായി, ഒരേ ജേഴ്‌സിയണിഞ്ഞ് മൈതാനത്ത് പൊരുതിയപ്പോഴാണ് ആ കപ്പ് നമ്മുടെ കൈകളിലെത്തിയത്. ആ വൈവിധ്യമാണ് ഇന്ത്യയുടെ യഥാര്‍ത്ഥ കരുത്ത്,’ സന്ദീപ് വാര്യര്‍ എഴുതി.

‘സര്‍വധര്‍മ സമഭാവന’യിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഈ ലോകകപ്പ് ഒരു ഗുരുദ്വാരയിലേക്കോ പള്ളിയിലേക്കോ മസ്ജിദിലേക്കോ കൊണ്ടുപോകാന്‍ ഇവര്‍ തയ്യാറാകുമോയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

ഒരു വിശ്വാസത്തിന് മാത്രം ഔദ്യോഗിക പരിഗണന നല്‍കുന്നത് ഇന്ത്യ എന്ന മഹത്തായ മതേതര സങ്കല്‍പ്പത്തിന് തന്നെ വിരുദ്ധമാണ്. വിവേചനമില്ലാത്ത സ്‌നേഹമാണ് ത്രിവര്‍ണ പതാക നമ്മെ പഠിപ്പിക്കുന്നത്. കായികരംഗത്തെ വിജയങ്ങളെ മതവുമായി കൂട്ടിക്കെട്ടുന്നത് ശരിയായ പ്രവണതയല്ലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

മൈതാനത്തെ വിയര്‍പ്പിനും കഠിനാധ്വാനത്തിനും മതമില്ല. ആ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേപോലെ അവകാശപ്പെട്ടതാണ്. നമുക്ക് വേണ്ടത് വിഭജിക്കപ്പെട്ട മനസുകളല്ല, മറിച്ച് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഇന്ത്യയെയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ അനുഗ്രഹത്തിനായി ക്ഷേത്രത്തില്‍ എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ട്രോഫിയുമായി എല്ലാ മതവിശ്വാസികളുടെയും ആരാധനാലയങ്ങളിലും പോകുമോയെന്ന് സോഷ്യല്‍ മീഡിയ ചോദ്യമുയര്‍ത്തിയിരുന്നു.

Content Highlight: Don’t link World Cup victory with religion; Sandeep varier on Jay Shah, Surya and Gambhir’s temple visit

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more