| Tuesday, 18th November 2025, 7:29 pm

പൊതുജനങ്ങള്‍ക്ക് മുന്നില്‍ രോഷാകുലനാകരുത്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംയമനം പാലിക്കണം; സുരേഷ് ഗോപിയോട് ഉപരാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേന്ദ്ര മന്ത്രിയും കേരളത്തില്‍ നിന്നുള്ള ഏക ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി അടുത്തകാലത്തായി മോശം പെരുമാറ്റത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

പൊതുജനങ്ങളോട് ദേഷ്യപ്പെട്ടും മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയും വിവാദത്തിലായ സുരേഷ് ഗോപിയെ ഉപദേശിച്ചിരിക്കുകയാണ് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍.

മലയാള മനോരമയുടെ ന്യൂസ്‌മേക്കര്‍ പുരസ്‌കാരം സുരേഷ് ഗോപിക്ക് സമ്മാനിക്കാനായി കേരളത്തിലെത്തിയതായിരുന്നു ഉപരാഷ്ട്രപതി. തുടര്‍ന്നാണ് അദ്ദേഹം സുരേഷ് ഗോപിയെ ഉപദേശിച്ചത്.

പൊതുജനങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ രോഷാകുലനാകരുതെന്ന് ഉപരാഷ്ട്രപതി സുരേഷ് ഗോപിയോട് പറഞ്ഞു. പരമാവധി ശാന്തമായിരക്കണം. മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമ്പോഴും സംയമനം കൈവിടരുതെന്നും അദ്ദേഹം ഉപദേശിച്ചു.

മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുണ്ടെങ്കില്‍ പറയുക, അല്ലെങ്കില്‍ മിണ്ടാതിരിക്കണമെന്നും സി.പി. രാധാകൃഷ്ണന്‍ ഉപദേശിക്കുന്നു.

‘ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒരിക്കലും വികാരഭരിതനാകരുത്. മറുപടി പറയാന്‍ താത്പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുക. അല്ലെങ്കില്‍ ഒന്നും മിണ്ടാതെ പോകണം’, ഉപരാഷ്ട്രപതി പറഞ്ഞു.

തനിക്ക് സഹോദര തുല്യനായ സുഹൃത്തും വഴികാട്ടിയുമാണ് സി.പി. രാധാകൃഷ്ണനെന്നാണ് സുരേഷ് ഗോപി വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കേട്ട് ചിരിയോടെ തലയാട്ടി എല്ലാം കേള്‍ക്കുകയായിരുന്നു സുരേഷ് ഗോപി.

മുമ്പ് സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തിലെ ജനങ്ങളുമായി സംവദിക്കാന്‍ നടത്തിയിരുന്ന കലുങ്ക് സംവാദം വിവാദങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. പൊതുജനങ്ങളോട് സംവദിക്കാനുള്ള പരിപാടിക്കിടെ സുരേഷ് ഗോപി ദേഷ്യപ്പെടുന്നതും മോശമായി പെരുമാറുന്നതും സ്ഥിരമായതോടെ പാര്‍ട്ടി തന്നെ ഇടപെട്ട് പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

കൊടുങ്ങല്ലൂരിലെ കലുങ്ക് സമവാദത്തിനിടെ നിവേദനം നല്‍കാന്‍ ചെന്ന വയോധികനെയും ഇരിങ്ങാലക്കുടയിലെ പരിപാടിക്കിടെ സഹായം ചോദിച്ചുചെന്ന വയോധികയെയും സുരേഷ് ഗോപി അപമാനിച്ചത് വലിയ വിവാദമായിരുന്നു.

താന്‍ നിങ്ങളുടെ മന്ത്രിയല്ല, രാജ്യത്തിന്റെ മന്ത്രിയാണ്, സഹായം വേണമെങ്കില്‍ മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ, തന്റെ നെഞ്ചത്തോട്ട് കയറിക്കോ തുടങ്ങിയ സുരേഷ് ഗോപിയുടെ നിരവധി പരാമര്‍ശങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

കൂടാതെ ഈയടുത്ത് പൊതുജനങ്ങളെ പ്രജകളെന്ന് വിശേഷിപ്പിച്ചതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Content Highlight: Don’t get angry in front of the public And the media; Vice President to Suresh Gopi

We use cookies to give you the best possible experience. Learn more