സംവിധായകനും തിരക്കഥാകൃത്തുമാണ് ജീത്തു ജോസഫ്. സുരേഷ് ഗോപി നായകനായ ഡിറ്റക്ടീവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും തിരക്കഥ എഴുതുകയും ചെയ്തു. അദ്ദേഹം സംവിധാനം ചെയ്ത ദൃശ്യം സിനിമ ദേശവും ഭാഷയും കടന്ന് റീമേക്ക് ചെയ്യപ്പെട്ടു.
ദൃശ്യത്തിന്റെ തുടർഭാഗമായെത്തിയ ദൃശ്യം 2 കൊവിഡ് പ്രതിസന്ധികൾക്കിടയിൽ ഒ.ടി.ടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇന്ത്യയൊട്ടാകെ ചിത്രം ചർച്ചയാവുകയും ചെയ്തു. ദൃശ്യത്തിന്റെ തുടർച്ചയായി എത്തുന്ന ദൃശ്യം 3യും ജീത്തു അനൗൺസ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു.
‘ഒരു സിനിമ ഹിറ്റ് ആകുന്നത് മെജോരിറ്റി ഇഷ്ടപ്പെടുമ്പോഴല്ലേ… അപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ഉളളവരുണ്ട്. ഇപ്പോൾ ദൃശ്യത്തെക്കുറിച്ച് പറയുമ്പോൾ ചിലർക്ക് ഒന്നാം ഭാഗമാണ് ഇഷ്ടപ്പെട്ടത്. എന്നാൽ ചിലർക്ക് രണ്ടാം ഭാഗമാണ് ഇഷ്ടപ്പെട്ടത്. വ്യത്യസ്തയുണ്ടെന്ന് തോന്നുമ്പോഴാണ് ഞാനൊരു വിഷയം എടുക്കുന്നത്. ത്രില്ലർ വരുമ്പോൾ എനിക്കൊരു പേടിയായിരുന്നു റിപ്പീറ്റാകുന്നുണ്ടോ അല്ലെങ്കിൽ ഒരേ പാറ്റേൺ വരുന്നുണ്ടോയെന്ന്,’ ജീത്തു പറയുന്നു.
സിനിമയുടെ ഏറ്റവും വലിയ പ്രശ്‌നം എക്‌സ്‌പെക്ടേഷൻ ആണെന്നും ദൃശ്യം ആദ്യ ഭാഗത്തിന് ഒരു സ്‌ക്രിപ്റ്റിങ് പാറ്റേൺ ഉണ്ടായിരുന്നെന്ന് ജീത്തു ജോസഫ് അറിയിച്ചു.
രണ്ടാം ഭാഗം എഴുതിയപ്പോൾ ആ സ്‌ക്രിപ്റ്റിങ് പാറ്റേൺ മാറിയെന്നും അത് സംഭവിച്ച് പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം ഭാഗം അനൗൺസ് ചെയ്തപ്പോൾ രണ്ടാം ഭാഗത്തിന് മുകളിൽ നിൽക്കണമെന്ന് ചിലർ കമന്റ് ചെയ്തിരുന്നെന്നും എന്നാൽ തനിക്ക് അങ്ങനെ ചെയ്യാൻ അറിയില്ലെന്നും ജീത്തു പറയുന്നു. ദൃശ്യം 3 മറ്റുഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണെന്നും ജോർജുകുട്ടിയുടെ കുടുംബത്തിന് വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്നതാണ് ദൃശ്യം 3യിൽ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രം കാണാൻ ആകാംക്ഷയോടെയാണ് വരേണ്ടതെന്നുംഅതിനപ്പുറത്തേക്ക് ഒരുപാട് പ്രതീക്ഷയോടെ വരാതിരിക്കുന്നതായിരിക്കും നല്ലതെന്നും ജീത്തു പറയുന്നു.
മിറാഷാണ് ജീത്തുവിന്റെ സംവിധാനത്തിൽ പ്രദർശനത്തിന് എത്താൻ പോകുന്ന സിനിമ. ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററിലെത്തും. അപർണ ബാലമുരളി, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ.
ബിജു മേനോനും ജോജു ജോർജും അഭിനയിക്കുന്ന വലതുവശത്തെ കള്ളൻ, ഫഹദ് ഫാസിൽ ചിത്രം (പേരിട്ടിട്ടില്ല), ദൃശ്യം 3 എന്നിവയും പിന്നാലെ അനൗൺസ് ചെയ്തിട്ടുണ്ട്.
Content Highlight: Don’t expect too much; director on Drishyam 3