കൊല്‍ക്കത്ത: ട്രാഫിക് പൊലീസിന്റെ ബോധവത്ക്കരണ സന്ദേശത്തെ ഓണ്‍ലൈനില്‍ പരിഹസിച്ചുവെന്നാരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവാവിനെ അറസ്റ്റ് ചെയ്ത് വെസ്റ്റ് ബംഗാള്‍ പൊലീസ്.
ബംഗാളിലെ ഹുഗ്ലി സ്വദേശിയായ അമിത് നന്ദി എന്നയാളെയാണ് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയുയര്‍ത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്.
മദ്യപിച്ച് വാഹനമോടിക്കരുത് എന്ന പൊലീസിന്റെ സന്ദേശം വാഹനം കഴിച്ച് മദ്യം ഓടിക്കരുതെന്ന് തിരുത്തി പരിഹസിച്ചുകൊണ്ട് അമിത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നുവെന്നാണ് എഫ്.ഐ.ആര്‍.
പൊലീസ് വകുപ്പിന്റെ അന്തസിന് കളങ്കം വരുത്തുക, പൊലീസിന്റെ പ്രശസ്തിക്കും പൊതു പ്രതിച്ഛായയ്ക്കും ഭംഗം വരുത്തുക, പൊലീസ് ഭരണകൂടത്തിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ അവിശ്വാസവും നിഷേധാത്മക ധാരണയും സൃഷ്ടിക്കുക എന്നിവയാണ് പോസ്റ്റിന്റെ ഉദ്ദേശമെന്നതാണ് അറസ്റ്റിനെ ന്യായീകരിച്ചുള്ള പൊലീസിന്റെ വാദം.
‘ഈ പോസ്റ്റ് പൊലീസ്-പൊതുജന ബന്ധങ്ങളിലും നിയമപാലകരിലുള്ള പൊതുജന വിശ്വാസത്തിലും പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,’ പൊലീസ് അവകാശപ്പെട്ടു.
കാന്തി പൊലീസ് സ്റ്റേഷനിലെ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് ഗുപ്തയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജില്ലാ പൊലീസ് അവരുടെ ഔദ്യോഗിക പേജില്‍ അപ്ലോഡ് ചെയ്തുകൊണ്ടിരുന്ന പൊതുജന അവബോധ സന്ദേശത്തിന്റെ വളച്ചൊടിക്കലാണ് പോസ്‌റ്റെന്നും പൊലീസ് പറഞ്ഞു.
ഭാരതീയ ന്യായ് സംഹിതയുടെ സെക്ഷന്‍ 152, ഇന്ത്യയുടെ പരമാധികാരം, ഐക്യം, സുരക്ഷ എന്നിവയെ അപകടപ്പെടുത്തുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച 197(1)d, ക്രിമിനല്‍ ഭീഷണി സംബന്ധിച്ച 351, മാനനഷ്ടം സംബന്ധിച്ച 356(2) എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസ്.
എന്നാല്‍ സാധാരണ പരിഹാസ പോസ്റ്റിന് മേല്‍ രാജ്യദ്രോഹത്തിന് സമാനമായ വകുപ്പുകള്‍ ചുമത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് മനുഷ്യാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രോട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് വിമര്‍ശിച്ചു.
‘ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാരിനെയാ നേതാക്കളെയോ വിമര്‍ശിക്കുന്നവരെ കണ്ടെത്തുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സോഷ്യല്‍ മീഡിയയില്‍ പതിവായി നിരീക്ഷണം നടത്തുന്നുണ്ട്.
വിചിത്രമെന്നു പറയട്ടെ, തൃണമൂല്‍ സര്‍ക്കാരും അതേ പാത സ്വീകരിച്ചിരിക്കുകയാണ്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. എസ്.ഐ.ആറിനെ എതിര്‍ക്കുന്ന ഞങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം അടച്ചുപൂട്ടി,’ സംഘടനയുടെ സംസ്ഥാന സെക്രട്ടറി രജിത് സുര്‍ ആരോപിച്ചു.
പശ്ചിമ ബംഗാള്‍ നിയമ നിര്‍വഹണ ഏജന്‍സിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മെറ്റ തന്റെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടും സസ്പെന്‍ഡ് ചെയ്തതായും സുര്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ സംയമനം പാലിക്കണമെന്ന് ജുഡീഷ്യറി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ അറസ്റ്റ്.
അറസ്റ്റിലായ അമിത് നന്ദി ടി.എം.സിയെയും ബി.ജെ.പിയേയും നിരന്തരമായി വിമര്‍ശിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെകുറിച്ച് അദ്ദേഹം അടുത്തിടെ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്തിരുന്നു.
Content Highlight: ‘Don’t drink and drive’; Social media influencer arrested for trolling Bengal police
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ