| Wednesday, 10th September 2025, 5:35 pm

ആളുകളുടെ സ്വകാര്യതയില്‍ കയറി അഭിപ്രായം പറയരുത്; നദ്‌വിയെ തള്ളി ജിഫ്രി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്‌വിയുടെ ‘ഇന്‍ചാര്‍ജ് ഭാര്യ’ പരാമര്‍ശത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.

ആളുകളുടെ സ്വകാര്യതയില്‍ കയറി അഭിപ്രായം പറയരുതെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നദ്‌വിയുടേത് വ്യക്തിപരമായ പരാമര്‍ശമാണെന്നും അത് സമസ്തയുടെ നയമല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കയറിച്ചെന്ന് സംസാരിക്കുന്നത് സമസ്തയുടെ നിലപാടല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവര്‍ത്തിച്ചു.

നദ്‌വിയുടെ പേരെടുത്ത് പറയാതെയാണ് ജിഫ്രി തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. പരാമര്‍ശത്തില്‍ നദ്‌വിയോടാണ് വിശദീകരണം തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇ.കെ വിഭാഗം നേതാവായ ഉമര്‍ ഫൈസി മുക്കവും നദ്‌വിയുടെ പരാമര്‍ശം തള്ളിയിരുന്നു. നദ്‌വി പറഞ്ഞത് സമസ്തയുടെ നിലപാടല്ലെന്നും സംസാരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു എന്നുമാണ് ഉമര്‍ ഫൈസി പ്രതികരിച്ചത്.

മുന്‍ മുഖ്യമന്ത്രി ഇ.എം.എസിന്റെ കുടുംബത്തെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു നദ്‌വിയുടെ പരാമര്‍ശം. ഇ.എം.എസിന്റെ മാതാവ് വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് 11 വയസായിരുന്നെന്ന നദ്‌വിയുടെ പരാമര്‍ശമാണ് വിവാദത്തിലായത്.

‘ഇ.എം.എസിന്റെ ഉമ്മാനെ കെട്ടിച്ചത് അവര്‍ക്ക് 11 വയസുള്ളപ്പോഴാണ്. 15ാം നൂറ്റാണ്ട് വരെയൊന്നും പോകേണ്ട, തൊട്ടുമുമ്പത്തെ ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ് പറയുന്നത്. ഇ.എം.എസിന്റെ മാതാവിന്റെ വിവാഹം 11ാം വയസിലായിരുന്നു എന്നതിന്റെ പേരില്‍ ആരും അവരെ അവഹേളിച്ചിരുന്നില്ല. കാരണം അത് അന്നത്തെ സാമൂഹിക രീതിയായിരുന്നു. അതിനെ അവഹേളിക്കാനും പാടില്ല,’ നദ്‌വിയുടെ പരാമര്‍ശം.

രാഷ്ട്രീയക്കാര്‍ക്കും സമൂഹത്തിലെ ഉന്നതര്‍ക്കും അവിഹിത ബന്ധങ്ങളുണ്ടെന്നും അതില്ലാത്തവരാണ് സമൂഹത്തില്‍ എണ്ണത്തില്‍ കുറവെന്നും നദ്‌വിപറഞ്ഞിരുന്നു.

‘ബഹുഭാര്യത്വത്തെ കുറിച്ച് പറയുകയാണെങ്കില്‍, നാട്ടിലെ മാന്യന്മാരായ ഉദ്യോഗസ്ഥരും എം.പിമാരും എം.എല്‍.എമാരും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പടെയുള്ളവര്‍ക്ക് ഭാര്യമാര്‍ ഒന്നേ ഉണ്ടാകൂ. എന്നാല്‍ അവര്‍ക്കൊക്കെ വൈഫ്-ഇന്‍-ചാര്‍ജ് ഭാര്യമാര്‍ ഉണ്ടായിരിക്കും. പേര് ഇന്‍ചാര്‍ജ് ഭാര്യമാര്‍ എന്നായിരിക്കില്ലെന്ന് മാത്രം. ഇല്ലാത്തവരോട് കൈ പൊന്തിക്കാന്‍ പറഞ്ഞാല്‍ എത്ര പേര്‍ക്ക് സാധിക്കും,’ എന്നും നദ്‌വി ചോദിച്ചിരുന്നു.

ഈ പരാമര്‍ശങ്ങള്‍ തള്ളിക്കൊണ്ടാണ് കൂടുതല്‍ സമസ്ത നേതാക്കള്‍ രംഗത്തെത്തുന്നത്. കോഴിക്കോട്മടവൂരില്‍ വെച്ച് നടന്ന കോഴിക്കോട് ജില്ല ത്വയ്ബ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് നദ്‌വിയുടെ വിവാദ പരാമര്‍ശമുണ്ടായത്.

Content Highlight: Don’t comment on people’s privacy; Jifri Thangal rejects Nadwi

We use cookies to give you the best possible experience. Learn more