| Wednesday, 28th January 2026, 2:46 pm

രാഷ്ട്രീയ കൂടിക്കാഴ്ചയ്ക്കായി വരരുത്, വന്നാലും ഇരുന്ന് നിരങ്ങരുത്; സതീശന് മറുപടിയുമായി സുകുമാരന്‍ നായർ

ശ്രീലക്ഷ്മി എ.വി.

കോട്ടയം: സമുദായ സംഘടനകൾ പാർട്ടി കാര്യത്തിൽ ഇടപെടരുതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമർശത്തിൽ മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.

രാഷ്ട്രീയ കാര്യത്തിന് വേണ്ടി സമുദായ സംഘടനകളെ കാണാൻ രാഷ്ട്രീയ പാർട്ടികളും വരരുതെന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി. രാഷ്ട്രീയ കൂടിക്കാഴ്ചയ്ക്കായി വരരുതെന്നും വന്നാലും ഇരുന്ന് നിരങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.ഡി. സതീശൻ പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് വേറൊന്നുമാണെന്നും തങ്ങൾ അത്തരത്തിൽ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമില്ലെന്നാണ് ഇപ്പോൾ തെളിയുന്നതെന്നും ന്യൂനപക്ഷത്തെ കൈയിലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

സാമുദായിക സംഘനകളെ ആക്ഷേപിക്കാൻ ആരും ശ്രമിക്കരുതെന്നും ഇന്നല്ലെങ്കിൽ നാളെ അവർക്ക് അത് പാരയായി തീരുമെന്നും അദ്ദേഹം പറഞ്ഞു.

സമുദായ സംഘടനകൾ രാഷ്ട്രീയ കാര്യത്തിൽ ഇടപെടരുതെന്ന സതീശന്റെ പരാമർശത്തോട് മാത്രമാണ് തനിക്ക് എതിർപ്പുള്ളതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് ഒരു എതിർപ്പുമില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

പരാമർശം നടത്തിയപ്പോൾ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നം അന്ന് തീർന്നേനെയെന്നും പിന്നീട് രഹസ്യമായി പറയാൻ ദൂതനെ അയച്ചതാണെന്നും രഹസ്യമായി ഇവിടെ പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Don’t come for a political meeting, and even if you do, don’t sit and wait; Sukumaran Nair responds to Satheesan

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more