ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. അനിമലിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും ഹൈപ്പുള്ള പ്രൊജക്ടായി സ്പിരിറ്റ് മാറിക്കഴിഞ്ഞു. സ്പിരിറ്റുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി കേള്‍ക്കുന്ന അഭ്യൂഹമാണ് കൊറിയന്‍ താരം മാ ഡോങ് സിയോകിന്റെ സാന്നിധ്യം.
കൊറിയന്‍ സിനിമാപ്രേമികള്‍ സ്‌നേഹത്തോടെ ഡോണ്‍ ലീ എന്ന് വിളിക്കുന്ന മാ ഡോങ് സിയോക് സ്പിരിറ്റില്‍ വില്ലന്‍ വേഷത്തിലെത്തുമെന്നായിരുന്നു ആദ്യം കേട്ട വാര്‍ത്ത. എന്നാല്‍ ഡോണ്‍ ലീയെപ്പൊലെ വലിയൊരു താരത്തെ ഇന്ത്യന്‍ സിനിമക്ക് താങ്ങാനാകില്ലെന്നും ഇത് വ്യാജമാണെന്നും ചില സിനിമാപേജുകള്‍ അഭിപ്രായപ്പെട്ടു.
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഡോണ്‍ ലീ സൈന്‍ ചെയ്‌തെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് പുതിയ വിവരം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിരവധി പേജുകള്‍ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്. ഇതോടെ സ്പിരിറ്റില്‍ ഡോണ്‍ ലീയുടെ സാന്നിധ്യം ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ഗംഭീര സിനിമാ എക്‌സ്പീരിയന്‍സ് സ്പിരിറ്റില്‍ ലഭിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ വില്ലനായിട്ടാകില്ല ഡോണ്‍ ലീ പ്രത്യക്ഷപ്പെടുകയെന്നും നായകനെ സഹായിക്കുന്ന കഥാപാത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡോണ്‍ ലീയുടെ സാന്നിധ്യത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ അധികം വൈകാതെ ലഭിക്കുമെന്നാണ് കരുതുന്നത്.
വന്‍ ബജറ്റിലൊരുങ്ങുന്ന സ്പിരിറ്റിന്റെ ആദ്യ അപ്‌ഡേറ്റ് കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വിഷ്വലുകളൊന്നുമില്ലാതെ ഡയലോഗുകള്‍ മാത്രം വെച്ചുകൊണ്ട് പുറത്തിറക്കിയ സൗണ്ട് സ്റ്റോറിക്ക് ഗംഭീര വരവേല്പാണ് ലഭിച്ചത്. ഇതുവരെ കാണാത്ത റോ ആയിട്ടുള്ള വേഷത്തിലാകും പ്രഭാസ് സ്പിരിറ്റില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് കരുതുന്നത്.
തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. ദീപിക പദുകോണിനെയായിരുന്നു ആദ്യം നായികയായി നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് ദീപികയെ സ്പിരിറ്റില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ മാറ്റുകയായിരുന്നു. പ്രകാശ് രാജ്, വിവേക് ഒബ്‌റോയ്, കാഞ്ചന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2026ല്‍ ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Don Lee signed for Spirit movie reported by Korean Medias