| Saturday, 13th September 2025, 6:43 am

ലോക: ചാപ്റ്റര്‍ വണ്ണില്‍ കണ്ടതൊക്കെ ചെറുത്; വരാനുള്ളത് ഇതിലും കിടിലം; വിവരങ്ങള്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഈ യൂണിവേഴ്‌സിലെ ഏറ്റവും ചെറിയ സൂപ്പര്‍ ഹീറോയാണ് ചന്ദ്ര. ഇനി വരാന്‍ പോകുന്നതൊക്കെ അതിനും മുകളിലാണ്,’ തിയേറ്ററുകളെ ജനസാഗരമാക്കി 200 കോടിയും പിന്നിട്ട് മുന്നേറുന്ന ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ അമരക്കാരന്‍ ഡൊമിനിക് അരുണിന്റെ വാക്കുകളാണ് ഇത്.

ഇതുവരെ കണ്ടതൊന്നും ഒന്നുമല്ലെന്നും ഇതിലും വലിയൊരു ലോകമാണ് ഇനി കാണാനിരിക്കുന്നതെന്നുമുള്ള ഉറപ്പ് അരുണിന്റെ ഈ വാക്കുകളിലുണ്ട്. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ലോക തുറന്നിടുന്നത് പുതിയൊരു വാതിലാണ്.

ഹോളിവുഡ് ലെവല്‍ മേക്കിങ്ങും കഥാപാത്രങ്ങളുടെ പ്രകടനങ്ങളും തിരക്കഥയും ക്യാമറയും സംഗീതവും എഡിറ്റിങ്ങും എന്നു വേണ്ട സകല മേഖകളിലും മികവുപുലര്‍ത്തുന്ന ചിത്രമായി ലോകയെ പ്രേക്ഷകര്‍ അടയാളപ്പെടുത്തിക്കഴിഞ്ഞു.

ബെംഗളൂരു നഗരമായിരുന്നു ലോക ചാപ്റ്റര്‍ വണ്ണിന്റെ ആദ്യ കഥാപരിസരമെങ്കില്‍ ലോകയുടെ വരും ഭാഗങ്ങളില്‍ അത് മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്നാണ് സംവിധായകന്‍ അരുണ്‍ പറഞ്ഞുവെക്കുന്നത്.

‘ഇതൊരു ഫിക്ഷണലായിട്ടുള്ള സിറ്റിയാണ്. ഇപ്പോള്‍ കാണിച്ചിരിക്കുന്ന സിറ്റി കുറച്ചുകൂടി വലുതാകും,’ എന്നാണ് അരുണ്‍ പറയുന്നത്.

മാത്രമല്ല ലോകയുടെ ഒരു സ്നീക്ക് പീക്ക് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് അരുണ്‍ പറയുന്നതിലൂടെ തന്നെ ലോക ചാപ്റ്റര്‍ 2 എങ്ങനെയായിരിക്കുമെന്ന ഒരു സൂചന പ്രേക്ഷകന് ലഭിക്കുന്നുണ്ട്. മാത്രമല്ല ഇനിയും പറയാന്‍ ഒട്ടേറെ കഥകളും ഉപകഥകളുമെല്ലാം ബാക്കിവെച്ചുകൊണ്ടാണ് ലോകയുടെ ആദ്യ ചാപ്റ്റര്‍ അവസാനിക്കുന്നതും.

പ്രേക്ഷകനെ അതിശയിപ്പിക്കുന്ന, അതിലുപരി അത്ഭുതപ്പെടുത്തുന്ന ഒട്ടനവധി സസ്പെന്‍സുകള്‍ വരുംഭാഗങ്ങളിലേക്കായി അരുണ്‍ കാത്തുവെച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല.

ഇന്ത്യയിലെ തന്നെ ആദ്യ ലേഡി സൂപ്പര്‍ഹീറോ ചിത്രമായാണ് ലോക അടയാളപ്പെടുത്തുന്നത്. ഫീമെയില്‍ സെന്‍ട്രിക് ആയി തന്നെ ലോകയുടെ കഥ പറയാനിരുന്നു സിനിമയുടെ ആദ്യ ചര്‍ച്ച മുതല്‍ തന്നെ അരുണും ഉദ്ദേശിച്ചത്. ലോകയുടെ കോ റൈറ്ററായി ശാന്തിയെ കൊണ്ടുവരുന്നതും ആ ഉദ്ദേശത്തോടെയാണ്.

‘ഞങ്ങള്‍ ഒരു ഫീമേയ്ല്‍ സെന്‍ട്രിക് സിനിമയാണ് ചെയ്തിരിക്കുന്നത്. ശാന്തി ഈ സിനിമയിലേക്ക് വരുന്നത് ഇതിലൊരു ഫെമിനിസ്റ്റ് ആംഗിള്‍ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയായിരുന്നു,’ അരുണ്‍ പറയുന്നു.

മാത്രമല്ല ലോകയില്‍ ഏറ്റവും കയ്യടി അര്‍ഹിക്കുന്നതും അതില്‍ ബോധപൂര്‍വം കൊണ്ടുവരാതിരുന്ന ചില ഹിന്ദുത്വ എലമെന്റുകളുടെ പേരിലാണ്. ഹിന്ദുത്വയും ഭക്തിയുമൊക്കെ ആവശ്യത്തിലേറെ കൊണ്ടുവരാനുള്ള സ്പേസ് ഉണ്ടായിരുന്നിട്ടുകൂടി സംവിധായകന്‍ അത്തരമൊരു ശ്രമത്തിന് മുതിര്‍ന്നില്ലെന്നത് അഭിനന്ദനാര്‍ഹമാണ്.

ആര്‍.ആര്‍.ആര്‍, സലാര്‍, സിങ്കം എഗെയ്ന്‍, പുഷ്പ 2 പോലുള്ള സിനിമകള്‍ ഹിന്ദുത്വ എലമെന്റുകളെ ബോധപൂര്‍വം തിരുകിക്കയറ്റി കച്ചവട സാധ്യതകള്‍ തേടിയപ്പോള്‍ അതിനൊന്നും മെനക്കെടാതെ ലോക മിത്തെന്ന സങ്കല്‍പ്പത്തിലേക്ക് ലോകയുടെ മെയിന്‍ പ്ലോട്ടിനെ മാറ്റി. മാത്രമല്ല അമാനുഷിക ശക്തിയുള്ള നീലിയായി അവള്‍ മാറിയതിന്റെ കാരണം പോലും യാഥാര്‍ത്ഥ്യ ബോധത്തോടെയും റിയലിസ്റ്റിക്കായും അവതരിപ്പിക്കാന്‍ സംവിധായകനായി.

ഒരു കാലത്ത് ഇവിടെ ജാതി ഏതൊക്കെ രൂപത്തില്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് പല രംഗങ്ങളിലൂടെയും സംവിധായകന്‍ പ്രേക്ഷകനെ കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയായിരിക്കും ചിത്രം ഹിന്ദുത്വ വിരുദ്ധമെന്ന ആക്ഷേപം തുടക്കത്തില്‍ ഉയര്‍ത്തുന്നതും.

ലോകയുടെ രാഷ്ട്രീയത്തെ കുറിച്ചും സംവിധായകന് ചില നിര്‍ബന്ധങ്ങളുണ്ടായിരുന്നു. ലോകയുടെ പൊളിറ്റിക്സ് കൃത്യമായിരിക്കണമെന്ന് താന്‍ തീരുമാനിച്ചിരുന്നെന്നാണ് ഇതേ കുറിച്ച് അരുണ്‍ പറയുന്നത്. ഒരു പുരുഷനെന്ന നിലയില്‍ തന്നേക്കാള്‍ ചന്ദ്രയുടെ ഉള്‍ചിന്തകളെ മനസിലാക്കി എഴുതാന്‍ സാധിക്കുക മറ്റൊരു സ്ത്രീയ്ക്കാണെന്ന് അരുണിന് തോന്നി.

താന്‍ എത്ര ശ്രമിച്ചാലും അത് ആ രീതിയില്‍ കണ്‍വേ ചെയ്യാന്‍ സാധിച്ചേക്കില്ലെന്നും ശാന്തിയെന്ന എഴുത്തുകാരിലേക്ക് എത്തുന്നത് അങ്ങനെയാണെന്നുമാണ് ഡൊമിനിക് അരുണ്‍ പറയുന്നത്.

ശാന്തി ലോകയ്ക്കും ചന്ദ്രയ്ക്കും നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് അരുണ്‍ പറയുമ്പോള്‍ ലോക കണ്ട പ്രേക്ഷകര്‍ക്കും മറിച്ചൊരഭിപ്രായം ഉണ്ടാകാന്‍ തരമില്ല.

മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും തരംഗമായി ‘ലോക’ മാറിക്കഴിഞ്ഞു. സെപ്റ്റംബര്‍ നാലിനാണ് ലോകയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. പിന്നാലെ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തി.

ചിത്രത്തിനെ പ്രശംസിച്ച് ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചു. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോയെ അവതരിപ്പിച്ച ചിത്രത്തിന്റെ ക്രൂവിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പോസ്റ്റ്.

‘ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോ ഇതാ ഇവിടെ. ദുല്‍ഖര്‍ സല്‍മാനും ലോക ടീമിനും അഭിനന്ദനങ്ങള്‍. ഈ കഥ മലയാളി ഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ചിത്രം ഞാനെന്റെ വാച്ച്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. നിങ്ങളോ?’ എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ലോകഃ നിര്‍മിച്ചിരിക്കുന്നത്. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍, തുടരും എന്നീ സിനിമകള്‍ക്ക് ശേഷം ഈ വര്‍ഷം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം കൂടിയാണ് ലോകഃ

Content highlight: Dominic Arun talks about the new chapters of Lokah and the making of the first chapter

We use cookies to give you the best possible experience. Learn more