| Monday, 13th July 2026, 7:14 am

ലോകഃയുടെ ഫസ്റ്റ് കട്ട് കണ്ട് ജേക്ക്‌സ് പറഞ്ഞത് ഇത് വേറെന്തോ പരിപാടിയാണല്ലോ എന്നാണ്; ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ കുറിച്ച് ഡൊമിനിക് അരുണ്‍

അശ്വിന്‍ രാജേന്ദ്രന്‍

2025ല്‍ പ്രേക്ഷകരെയാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര തിയേറ്ററുകളിലേക്കെത്തിയത്. വലിയ ഹൈപ്പൊന്നുമില്ലാതെയെത്തിയ ചിത്രം ആദ്യ ദിനത്തിലെ ഷോകള്‍ക്ക് ശേഷം കത്തിക്കയറുകയും ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറുകയും ചെയ്യുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രം കേരളത്തില്‍ പ്രചാരത്തിലുള്ള നാടോടിക്കഥകളിലെ കഥാപാത്രങ്ങളായ ചാത്തനെയും നീലിയെയുമടക്കം സൂപ്പര്‍ഹീറോ പരിവേഷത്തില്‍ അവതരിപ്പിച്ചായിരുന്നു കഥ പറഞ്ഞിരുന്നത്.

കേരളത്തിന് പുറമെ മറ്റ് ഇന്‍ഡസ്ട്രികളിലും വലിയ രീതിയില്‍ ചര്‍ച്ചയായ ചിത്രം 300 കോടിയിലധികം നേടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായും മാറിയിരുന്നു. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തനെ കേന്ദ്രകഥപാത്രമാക്കി ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്.

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര . Photo: The Hindu

അടുത്തിടെ ഒരു പരിപാടിയില്‍ സംസാരിക്കവെ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ എഡിറ്ററായ ചമന്‍ ചാക്കോയെ കുറിച്ചും സംഗീത സംവിധായകന്‍ ജേക്ക്‌സ് ബിജോയിയെ കുറിച്ചും ഡൊമിനിക് അരുണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഓണം ക്ലാഷ് റിലീസാകുന്ന ദുല്‍ഖര്‍ ചിത്രം ഐ ആം ഗെയിമിലും പൃഥ്വി ചിത്രം ഖലീഫയിലും ഇരുവരും ഭാഗമാകുന്ന പശ്ചാത്തലത്തിലാണ് സംവിധായകന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ലോകഃയുടെ ഷൂട്ട് നടക്കുമ്പോള്‍ ചമനോട് സെറ്റിലേക്ക് വരാാന്‍ ഞാന്‍ പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെതായ എന്തെങ്കിലും സംഭാവന നല്‍കാനുണ്ടോ എന്നറിയാനാണ് അത്. അതൊന്നും കുഴപ്പമില്ല നിങ്ങള്‍ എടുത്തോ എന്നാണ് ചമന്‍ പറയുന്നത്. പക്ഷേ എഡിറ്റ് ടേബിളില്‍ എത്തിക്കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഷൂട്ട് ചെയ്ത പേസെല്ലാം മാറി. ചമന്റെ ലോകഃയുടെ വേര്‍ഷന്റെ പേസ് കുറച്ച് കൂടെ കൂടുതലായിരുന്നു. അതോടെ ചിത്രം അദ്ദേഹം കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നുണ്ട് എന്ന തോന്നല്‍ എനിക്ക് വന്നു. ജോണ്‍സണ്‍ മാഷുമായി ഒരു പരമ്പരയില്‍ പെട്ട ആളായത് കൊണ്ട് അദ്ദേഹത്തിന്റെ മ്യൂസിക്ക് സെന്‍സും പൊളിയാണ്.

Photo: Ott play

ജേക്ക് ബിജോയ് ആയിരുന്നില്ല ചിത്രത്തിന്റെ ആദ്യ സംഗീത സംവിധായകന്‍. പിന്നീടാണ് അദ്ദേഹം ചിത്രത്തിലേക്ക് വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് കട്ട് കണ്ടപ്പോള്‍ ഇത് വേറെ എന്തോ പരിപാടി ആണല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ വേറെ പരിപാടി പിടിക്കാം എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം വര്‍ക്ക് ചെയ്തത്. അതോടെ സ്വന്തം ചിത്രം എന്ന ഒരു ഉടമസ്ഥതയോടെ ജേക്ക്‌സ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നീലിയുടെ തീം കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി, അത് ചിത്രത്തെ വല്ലാതെ എലവേറ്റ് ചെയ്യുന്നുണ്ട്,’ ഡൊമിനിക് അരുണ്‍ പറഞ്ഞു.

Content Highlight: Dominic Arun talks about Lokah Movie Music Director Jakes Bejoy and Editor Chaman Chakko

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more