മലയാള സിനിമാ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. സൂപ്പര്‍ താരങ്ങളുടെ അകമ്പടിയില്ലാതെ കല്ല്യാണി പ്രിയദര്‍ശനെയും നസ്‌ലെനെയും കേന്ദ്രകഥാപാത്രങ്ങളാക്കി തിയേറ്ററുകളിലെത്തിയ ചിത്രം മലയാളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരുന്നു.
300 കോടിയിലധികം കളക്ഷന്‍ നേടി തിയേറ്റര്‍ വിട്ട ലോകക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആദ്യഭാഗത്തില്‍ ചാത്തനായി എത്തിയ ടൊവിനോയുടെ കഥാപാത്രത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുക എന്നും വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഡൊമിനിക് അരുണ്‍ രണ്ടാം ഭാഗത്തെക്കുറിച്ച് നേരത്തേ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: Cinema Express
ഒരു ചിത്രത്തന്റെ സീക്വല്‍ എടുക്കുമ്പോള്‍ വിജയിച്ചതാണെങ്കിലും അല്ലെങ്കിലും രണ്ടാം ഭാഗം അതിനോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ ചെയ്യുക എന്നത് എപ്പോഴും സംവിധായകന് സമ്മര്‍ദമാണെന്ന കാര്യം താന്‍ അംഗീകരിക്കുന്നുവെന്ന് ഡൊമിനിക് പറയുന്നു. തങ്ങള്‍ ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വിജയമാണ് ലോകഃക്ക് ലഭിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.
‘പക്ഷേ ഇതെല്ലാം മാറ്റിവെച്ച് ബേസിക്‌സില്‍ ശ്രദ്ധിക്കുക എന്നതാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത്. ചിത്രത്തിന്റെ തിരക്കഥയിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ചിത്രത്തിന്റെ ഔട്ട്കമ്മിനെ കുറിച്ച് കൂടുതല്‍ ചിന്തിച്ചാല്‍ അത് നമ്മുടെ ക്രിയേറ്റീവ് സൈഡിനെ മോശമായി ബാധിക്കും. തിരക്കഥ ശരിയായാല്‍ ബാക്കിയെല്ലാ കാര്യങ്ങളും ശരിയായി വരും, അതുകൊണ്ട് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എഴുത്തിലാണ്,’ ഡൊമിനിക് പറയുന്നു.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: OTT Play
ഒരു മാളിലൂടെ നടക്കുമ്പോള്‍ പോലും തന്നെ തിരിച്ചറിഞ്ഞ് മൂന്നോ നാലോ ആളുകള്‍ വന്ന് ലോകഃയുടെ രണ്ടാം ഭാഗം എപ്പോഴാണ് വരിക എന്ന് ചോദിക്കാറുണ്ടെന്നും ഇതെല്ലാം ഒരു തരത്തില്‍ സമ്മര്‍ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം കരസ്ഥമാക്കിയ ഓരോ നേട്ടങ്ങളും ഇത്തരത്തില്‍ രണ്ടാം ഭാഗത്തിലേക്കുള്ള സമ്മര്‍ദമാണെന്നും അദ്ദേഹം പറഞ്ഞു.
വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രത്തില്‍ ചന്തു സലീം, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, നിശാന്ത് സാഗര്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Dominic Arun talks about his prepeation for lokah chapter 2