| Monday, 1st September 2025, 10:18 pm

ലോകഃയുടെ ഫസ്റ്റ് ഹാഫിന്റെ കഥ ദുല്‍ഖറിനോട് പറഞ്ഞ് തീര്‍ന്നതും മമ്മൂക്ക വന്നു, അദ്ദേഹത്തിന്റെ ആവശ്യം കേട്ട് ഞാന്‍ പുറത്തേക്കിറങ്ങി: ഡൊമിനിക് അരുണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ജനസാഗരം തീര്‍ത്ത് മുന്നേറുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യത്തെ ചിത്രമായാണ് ലോകഃ ഒരുങ്ങിയത്. മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത സൂപ്പര്‍ഹീറോ ഴോണറിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഓണം റിലീസുകളില്‍ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ലോകഃ കുതിക്കുന്നത്.

ഡൊമിനിക് അരുണാണ് ലോകഃ എന്ന ചിത്രം അണിയിച്ചൊരുക്കിയത്. ഡൊമിനിക്കിന്റെ രണ്ടാമത്തെ ചിത്രമാണ് ലോകഃ. ആദ്യചിത്രമായ തരംഗം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് ഡൊമിനിക് നടത്തിയത്. ചിത്രത്തിന്റെ നിര്‍മാണത്തിനായി ദുല്‍ഖറിനെ കണ്‍വിന്‍സ് ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഡൊമിനിക് അരുണ്‍.

ഒരുപാട് നിര്‍മാതാക്കളോട് ആദ്യം കഥ പറഞ്ഞിരുന്നെന്ന് ഡൊമിനിക് പറയുന്നു. എന്നാല്‍ കഥയില്‍ അവര്‍ക്ക് വിശ്വാസം വന്നില്ലെന്നും അതിനാല്‍ പിന്മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവുമൊടുവില്‍ ദുല്‍ഖറിനോട് കഥ പറയുമ്പോഴും വലിയ പ്രതീക്ഷയില്ലായിരുന്നെന്നും രണ്ട് തവണയായാണ് കഥ പറഞ്ഞതെന്നും ഡൊമിനിക് പറയുന്നു.

‘ദുല്‍ഖറിനോട് ഈ പടത്തിന്റെ കഥ പറഞ്ഞ അനുഭവം ഞാന്‍ ഒരിക്കലും മറക്കില്ല. പുള്ളിയുടെ വീട്ടില്‍ പോയിട്ടാണ് കഥ പറഞ്ഞത്. ഫസ്റ്റ് ഹാഫ് ശരിക്കും ഈ പടത്തിന്റെ വേള്‍ഡ് ബില്‍ഡിംഗാണല്ലോ. അപ്പോള്‍ പതിയെ ഇതിന്റെ കഥ പറഞ്ഞ് സ്ലോ ബേര്‍ണായി വന്ന് ഇന്റര്‍വെല്ലിലാണ് അതിന്റെ പീക്കിലെത്തുന്നത്. ഇന്റര്‍വെല്‍ വരെ പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും ദുല്‍ഖര്‍ ഓക്കെയായി.

പുള്ളിക്ക് ഈ കഥ വര്‍ക്കായി എന്ന് അപ്പോള്‍ എനിക്ക് മനസിലായി. ആ സമയത്ത് മമ്മൂക്ക തൊട്ടടുത്ത റൂമില്‍ നിന്ന് വന്നു. ‘എനിക്ക് എന്റെ മകന്റെ കൂടെ ഭക്ഷണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്’ എന്ന് പറഞ്ഞു. എന്നാല്‍ പിന്നെ ഞാനിനി ഇവിടെ ഇരിക്കണ്ടല്ലോ എന്ന ചിന്ത വന്നു. ദുല്‍ഖര്‍ വല്ലപ്പോഴുമൊക്കെയേ വീട്ടില്‍ വരുള്ളൂ എന്ന് അറിയാം. അപ്പോള്‍ അത് ഞാന്‍ ഇല്ലാതാക്കണ്ട എന്ന് വിചാരിച്ച് അവിടെ നിന്ന് ഇറങ്ങി,’ ഡൊമിനിക് അരുണ്‍ പറഞ്ഞു.

തൊട്ടടുത്ത ദിവസമാണ് താന്‍ സെക്കന്‍ഡ് ഹാഫിന്റെ കഥ പറയാന്‍ പോയതെന്നും ദുല്‍ഖറിന് കഥ ഓര്‍മയുണ്ടാകുമോ എന്ന് സംശയമായിരുന്നെന്നും ഡൊമിനിക് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദുല്‍ഖറിന് അതെല്ലാം കൃത്യമായി ഓര്‍മയുണ്ടായിരുന്നെന്നും തന്നോട് ബാക്കി പറയാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സെക്കന്‍ഡ് ഹാഫിന്റെ കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന് ഓക്കെയായെന്നും സിനിമ ചെയ്യാമെന്ന് സമ്മതിച്ചെന്നും ഡൊമിനിക് പറയുന്നു.

Content Highlight: Dominic Arun explains the story telling experience of Lokah with Dulquer

We use cookies to give you the best possible experience. Learn more