| Monday, 22nd September 2025, 11:07 pm

ശാന്തി പറഞ്ഞതിനെ വളച്ചൊടിച്ചു, മമ്മൂക്കയെ കൊണ്ടുവന്നത് ഞങ്ങളുടെ നിര്‍ബന്ധം കാരണം: ഡൊമിനിക് അരുണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ കളക്ഷന്‍ റെക്കോഡുകള്‍ ഒന്നുവിടാതെ സ്വന്തമാക്കി മുന്നോട്ടു പോവുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമനിക് അരുണ്‍ സംവിധാം ചെയ്ത ചിത്രം മലയാളത്തിലെ സര്‍വകാല വിജയമായി മാറുകയാണ്. 270 കോടിയും കടന്ന് ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്.

കല്യാണി പ്രിയദര്‍ശന്‍ പ്രധാവേഷത്തിലെത്തിയ ചിത്രത്തില്‍ ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ അതിഥിവേഷത്തിലെത്തിയിരുന്നു. ഒടിയനായി ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ രണ്ടാം ഭാഗത്തിലെ പ്രധാന കഥാപാത്രമായ ചാത്തനായാണ് ടൊവിനോ വേഷമിട്ടത്. ഇരുവരുടെയും എന്‍ട്രി തിയേറ്ററുകളെ ഇളക്കിമറിച്ചു.

ചിത്രത്തില്‍ ഏറ്റവും ശക്തനായ കഥാപാത്രമാണ് മൂത്തോന്‍. സകല ശക്തികളെയും നിയന്ത്രിക്കുന്ന മൂത്തോന്‍ എന്ന കഥാപാത്രത്തിന്റെ മുഖം കാണിക്കുന്നില്ലെങ്കിലും സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആകെ ഒരു ഡയലോഗ് മാത്രമാണ് മൂത്തോനുള്ളത്. മമ്മൂട്ടിയാണ് മൂത്തോന് ശബ്ദം നല്‍കിയിരിക്കുന്നത്.

മമ്മൂട്ടി ലോകഃയുടെ ഭാഗമായതിനെക്കുറിച്ച് പല ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് മമ്മൂട്ടിയെ ഈ പ്രൊജക്ടിലേക്ക് കണ്‍വിന്‍സ് ചെയ്തതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞപ്പോള്‍ സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രന്‍ ഇതിനെതിരായി സംസാരിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ശാന്തിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് പറയുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍.

‘ശാന്തി പറഞ്ഞത് ഒന്നും പുറത്തുവന്നത് മറ്റൊന്നുമായിരുന്നു. സത്യം പറഞ്ഞാല്‍ മമ്മൂക്കയെ ഈ പ്രൊജക്ടിലേക്ക് ഞങ്ങള്‍ കൊണ്ടുവന്നത് തന്നെയാണ്. ഇതിന്റെ കഥ കംപ്ലീറ്റായപ്പോള്‍ മമ്മൂക്കയെ പോയി കണ്ടു. ഇതുപോലെ മൂത്തോന്‍ എന്നൊരു ക്യാരക്ടറുണ്ട്. മമ്മൂക്കയെയാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞു. ‘നിങ്ങളാദ്യം സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്ക്’ എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ തിരിച്ചയച്ചു.

പിന്നീട് പടത്തിന്റെ ഷൂട്ടൊക്കെ തീര്‍ന്ന് ഇതിന്റെ റഫ് കട്ട് മമ്മൂക്കക്കും ദുല്‍ഖറിനും കാണിച്ചുകൊടുക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ ആ റഫ് കട്ട് കണ്ടിട്ടാണ് മമ്മൂക്ക ഇങ്ങോട്ട് ഞങ്ങളെ സമീപിച്ചത്. പുള്ളി ആകെ ഒരു സീനില്‍ സൗണ്ട് കൊടുക്കാമെന്ന് സമ്മതിച്ചു. അതായിരുന്നു ശാന്തിയും പറഞ്ഞത്. പക്ഷേ, ആ വീഡിയോയുടെ ക്യാപ്ഷനും കാര്യങ്ങളും കണ്ട് പലരും തെറ്റിദ്ധരിച്ചതാണ്,’ ഡൊമിനിക് അരുണ്‍ പറയുന്നു.

Content Highlight: Dominic Arun about the presence of Mammootty in Lokah movie

We use cookies to give you the best possible experience. Learn more