| Wednesday, 24th June 2026, 9:20 am

മോഹന്‍ലാലിന്റെ അമ്മയായിട്ടോ പെങ്ങളായിട്ടോ അഭിനയിക്കണമെന്നുണ്ട്, വേലക്കാരിയുടെ വേഷമായാലും മതി: ഡോളി ജൂണ്‍

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് പലരും കണ്ണുംപൂട്ടി വിശേഷിപ്പിക്കുന്ന ചിത്രമാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം അണിയിച്ചൊരുക്കിയ ബാലന്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിദബംരം ബാലന്‍ അണിയിച്ചൊരുക്കിയത്.

നാലായിരത്തിലധികം ആളുകളെ ഓഡിഷന്‍ ചെയ്തതിന് ശേഷമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റുകളെ സെലക്ട് ചെയ്തത്. ബാലന്‍ കണ്ടിറങ്ങിയവരുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരാളാണ് അമ്മാമ്മയായി വേഷമിട്ട ഡോളി ജൂണ്‍. സിനിമയുടെ തുടക്കത്തില്‍ പുകവലിക്കെതിരായിട്ടുള്ള മുന്നറിയിപ്പിന് ശബ്ദം നല്‍കിയത് ഡോളിയായിരുന്നു.

ഡോളി ജൂണ്‍ Photo: Movie Street/ Facebook

സ്‌ക്രീനിലെത്തുന്ന ആദ്യ സീന്‍ മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഡോളി ജൂണ്‍ അവതരിപ്പിച്ച അമ്മാമ്മക്ക് സാധിച്ചു. കുറച്ച് സസ്‌പെന്‍സും കുറച്ചധികം കോമഡിയും എല്ലാമായി ഡോളി ജൂണ്‍ നിറഞ്ഞുനിന്നു. ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നതിന്റെ യാതൊരു പരിഭ്രമവുമില്ലാതെയുള്ള പ്രകടനം കൊണ്ട് കൈയടി നേടാന്‍ ഡോളിക്ക് സാധിച്ചു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ഡോളി ജൂണ്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍.

‘സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ല. ഗണപതിയാണ് എന്നെ വിളിച്ചത്. ഒരുദിവസം വന്ന് എന്റെ വീഡിയോ എടുത്തിട്ട് പോയി. അപ്പോഴൊന്നും പടത്തില്‍ അഭിനയിക്കാന്‍ പറ്റുമെന്ന് ഞാന്‍ കരുതിയില്ല. ഒരുദിവസം അവര്‍ വിളിച്ചിട്ട് എന്നെ സെലക്ട് ചെയ്‌തെന്ന് പറഞ്ഞു. സെറ്റില്‍ എല്ലാവരുമായിട്ടും നല്ല കമ്പനിയായിരുന്നു. വയനാട്ടിലായിരുന്നു ഷൂട്ട്. എന്റെ കാര്യങ്ങള്‍ നോക്കാനായി ഒരു ആയയെ അവര്‍ ഏര്‍പ്പാടാക്കി തന്നു.

ഡോളി ജൂണ്‍ Photo: Screen grab/ Cue Studio

പടത്തില്‍ ഞാന്‍ ഉപയോഗിച്ച വീല്‍ ചെയറും പിന്നീട് എന്നോട് എടുത്തോളാന്‍ പറഞ്ഞു. ചിദംബരത്തിന്റെ കുടുംബവുമായി നല്ല കമ്പനിയാണിപ്പോള്‍. ഭാവിയില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. മോഹന്‍ലാലിന്റെ അമ്മയായിട്ടോ പെങ്ങളായിട്ടോ അഭിനയിക്കണമെന്നുണ്ട്. വേലക്കാരിയായിട്ടായാലും മതി. മോഹന്‍ലാലിന്റെ കൂടെ മാത്രമല്ല, മമ്മൂട്ടിയുടെ കൂടെയും അഭിനയിക്കണം. അതൊക്കെ നടക്കുമോ എന്നറിയില്ല,’ ഡോളി ജൂണ്‍ പറയുന്നു.

ആവേശത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ പുതുമുഖങ്ങളായ ആദിശേഷന്‍, മുഹമ്മദ് സിയാന്‍, ഫര്‍സാന പാലത്തിങ്കല്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഗിരീഷ് എ.ഡി, ജീന്‍ പോള്‍ ലാല്‍, ടൊവിനോ തോമസ്, ബീന ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ബാലന്റെ നിര്‍മാതാക്കള്‍.

Content Highlight: Dolly June shares the shooting experience of Balan movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more