| Wednesday, 5th August 2026, 6:30 pm

മിസ്റ്റര്‍ ബീനായി സൈജു കുറുപ്പ്, മിസ് വിക്കറ്റായി ബാലനിലെ അമ്മാമ്മ, ഈയൊരു കാസ്റ്റിങ് കിടുക്കുമെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ബാലന്‍ സിനിമ കണ്ടവരാരും അതിലെ അമ്മാമ്മയെ മറക്കാന്‍ സാധ്യതയില്ല. പുകവലിക്കെതിരായ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ സീനിലും അമ്മാമ്മ സ്‌കോര്‍ ചെയ്യുകയായിരുന്നു. പുതുമുഖമായ ഡോളി ജൂണാണ് അമ്മാമ്മയായി വേഷമിട്ടത്. സ്വാഭാവികമായ അഭിനയം കൊണ്ട് ഡോളി ജൂണ്‍ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു.

ബാലന്‍ ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ഡോളി ജൂണിന്റെ കഥാപാത്രവും ചര്‍ച്ചയാവുകയാണ്. അമ്മാമ്മയുടെ എന്‍ട്രിയും ഓരോ സീനിലെയും തഗ് ഡയലോഗുകളും സിനിമാപേജുകളില്‍ വൈറലാണ്. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു പോസ്റ്റാണ് പലരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. മിസ്റ്റര്‍ ബീന്‍ എന്ന അനിമേഷന്‍ സീരീസുമായാണ് ഡോളിയുടെ കഥാപാത്രത്തെ താരതമ്യം ചെയ്യുന്നത്.

മിസ്റ്റര്‍ ബീനിന്റെ ഹൗസ് ഓണറായ മിസ് വിക്കറ്റായി ഡോളി ജൂണിനെ കാസ്റ്റ് ചെയ്യാമെന്നാണ് പോസ്റ്റില്‍ പറയുന്നത്. മിസ്റ്റര്‍ ബീനിന് മലയാളത്തില്‍ ലൈവ് ആക്ഷന്‍ വേര്‍ഷന്‍ ഒരുങ്ങുകയാണെങ്കില്‍ അതില്‍ വിക്കറ്റിനെ അവതരിപ്പിക്കാന്‍ ഡോളി അമ്മാമ്മയല്ലാതെ വേറൊരാളില്ലെന്നാണ് പോസ്റ്റില്‍ അഭിപ്രായപ്പെടുന്നത്.

മിസ്റ്റര്‍ ബീനായി സൈജു കുറുപ്പും കൂടി വരുമ്പോള്‍ ഗംഭീരമാകുമെന്നും ഇതിനെക്കാള്‍ മികച്ച കാസ്റ്റിങ് വേറെയുണ്ടാകില്ലെന്നും പോസ്റ്റില്‍ പറയുന്നു. ഡ്രൈവിങ് ലൈസന്‍സില്‍ സൈജു അവതരിപ്പിച്ച കഥാപാത്രത്തിന് മിസ്റ്റര്‍ ബീനുമായി നല്ല സാമ്യമുണ്ടെന്ന് പറയുന്ന ട്രോള്‍ വീഡിയോ വൈറലായിരുന്നു. നടനും ഇന്‍ഫ്‌ളുവന്‍സറുമായ സ്വാതി ദാസ് പ്രഭുവാണ് ഈ വീഡിയോ നിര്‍മിച്ചത്.

ബീനായി സൈജുവും വിക്കറ്റായി ഡോളി ജൂണുമുള്ള ട്രോള്‍ പോസ്റ്റ് ഇതിനോടകം പലരും ചര്‍ച്ച ചെയ്യുകയാണ്. ഗംഭീര കാസ്റ്റിങ്ങാണെന്നും ആരെങ്കിലും ഇതുപോലെ ഒരു സിനിമ ഭാവിയില്‍ ചെയ്തിരുന്നെങ്കില്‍ ഗംഭീരമാകുമെന്നും കമന്റുണ്ട്. വരുംദിവസങ്ങളില്‍ ഈ പോസ്റ്റ് കൂടുതല്‍ ആളുകളിലേക്കെത്തുമെന്നും ഉറപ്പാണ്.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ബാലന്‍. പല നാടുകളില്‍ പല പേരുകളില്‍ ജീവിക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത്. പ്രധാന കഥാപാത്രങ്ങളായി എത്തിയവരുടെ ഗംഭീര പെര്‍ഫോമന്‍സ് ബാലനെ കൂടുതല്‍ സ്‌പെഷ്യലാക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് പ്രധാന രംഗങ്ങളും കഥാപാത്രങ്ങളും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Dolly June character in Balan movie comparing with Mr Bean animated series

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more