| Wednesday, 7th January 2026, 7:22 pm

മലയാളസിനിമയിലെ ശ്വാനപര്‍വം, നായകനൊപ്പം മനസില്‍ കയറിക്കൂടുന്ന നായകള്‍

അമര്‍നാഥ് എം.

മലയാളസിനിമയില്‍ മുമ്പെങ്ങുമില്ലാത്ത വൈവിധ്യമാര്‍ന്ന വര്‍ഷമാണ് കടന്നുപോയത്. സ്റ്റാര്‍ കാസ്റ്റിനെക്കാള്‍ കണ്ടന്റാണ് മലയാളസിനിമയിലെ കിങ്ങെന്ന് 2025 വീണ്ടും തെളിയിച്ചു. എമ്പുരാനെയും തുടരുമിനെയും മറികടന്ന ലോകഃ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത് ഇതിന് ഉദാഹരണമാണ്. കഥപറച്ചില്‍ കൊണ്ട് കഴിഞ്ഞവര്‍ഷം ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ.

ബാഹുല്‍ രമേശിന്റെ അനിമല്‍ ട്രിലോജിയിലെ അവസാന ചിത്രമാണ് എക്കോ. കുര്യച്ചന്‍ എന്ന ഡോഗ് ട്രെയിനറെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളാണ് എക്കോയുടെ കഥ. ചിത്രത്തില്‍ നായകളും പ്രധാന കഥാപാത്രങ്ങളാണ്. മ്ലാത്തി ചേട്ടത്തി, കുര്യച്ചന്‍, പീയൂസ് എന്നിവരെപ്പോലെ കഥയില്‍ നായകള്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല.

എക്കോയില്‍ മാത്രമല്ല, കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ പല ഹിറ്റുകളിലും നായകള്‍ക്കും പ്രാധാന്യമുണ്ടായിരുന്നു. ബേസില്‍ ജോസഫ് നായകനായ മരണമാസില്‍ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബാബു ആന്റണിയുടെ വളര്‍ത്തുനായ. പക്രു എന്ന നായക്ക് കഥയില്‍ ചെറുതല്ലാത്ത പ്രാധാന്യമുണ്ടായിരുന്നു.

കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് തുടരുമിലും നായയുടെ സാന്നിധ്യമുണ്ടായിരുന്നു. ബെന്‍സിന്റെ കുടുംബത്തിലെ അംഗമായി വളരുന്ന നായകള്‍ ക്ലൈമാക്‌സില്‍ കണ്ണ് നിറയിച്ചു. സര്‍പ്രൈസ് ഹിറ്റായി മാറിയ പടക്കളത്തിലെ രാജാപാളയം നായയെ ആരും മറക്കാനിടയില്ല. ഓണം റിലീസായെത്തിയ ലോകഃ, ഹൃദയപൂര്‍വം എന്നീ സിനിമകളിലും നായ ഒരു പ്രധാന കഥാപാത്രമായിരുന്നു.

ലോകഃയില്‍ നീലിയുടെയും ഒടിയന്റെയും സന്തത സഹചാരിയായ ഒരുകാലില്ലാത്ത നായക്ക് അടുത്ത ഭാഗത്തില്‍ പ്രാധാന്യമുണ്ടെന്നാണ് പല ഫാന്‍ തിയറികളും പറയുന്നത്. ഹൃദയപൂര്‍വത്തിലെ നായയും പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു. സിനിമയില്‍ ഒരിടത്തും കേണല്‍ എന്ന കഥാപാത്രത്തെ കാണിക്കുന്നില്ലെങ്കിലും കേണലിന്റെ നായ ക്ലൈമാക്‌സില്‍ കണ്ണ് നിറക്കുന്നുണ്ട്.

എക്കോയിലും യഥാര്‍ത്ഥ ഹീറോ നായകള്‍ തന്നെയാണ്. തന്റെ ജീവിതം ഇല്ലാതാക്കിയ കുര്യച്ചനെ താന്‍ വളര്‍ത്തിയ നായകളെക്കൊണ്ട് തന്നെ പ്രതികാരം പൂര്‍ത്തിയാക്കിയ മ്ലാത്തി ചേട്ടത്തിയുടെ മാസ് രംഗം തിയേറ്ററില്‍ കൈയടികള്‍ സ്വന്തമാക്കിയിരുന്നു. മ്ലാത്തി ചേട്ടത്തിയുടെ സീക്രട്ട് ആര്‍മിയെക്കണ്ട് ഞെട്ടിയിരിക്കുന്ന പീയൂസിന്റെ രംഗം ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഫ്രെയിമായിരുന്നു.

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന സര്‍വം മായയിലും ഇത്തരമൊരു പെറ്റ് കൈയടി നേടുന്നുണ്ട്. പ്രഭേന്ദു വളര്‍ത്തുന്ന പപ്പു എന്ന നായ മനസില്‍ ഇടംപിടിച്ചിട്ടുണ്ട്. പപ്പുവും പ്രഭയുടെ അച്ഛനും തമ്മിലുള്ള രംഗമെല്ലാം മനസില്‍ സ്പര്‍ശിക്കുന്നതായിരുന്നു.

അനിമല്‍ ട്രിലോജിയിലെ രണ്ടാമത്തെ കഥയായ കേരള ക്രൈം ഫയല്‍സ് സീസണ്‍ 2വും നായകളെക്കുറിച്ചായിരുന്നു. അമ്പിളി രാജു എന്ന സി.പി.ഒയുടെ തിരോധനത്തിന്റെ കഥ വികസിച്ചത് പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി. ക്ലൈമാക്‌സില്‍ ജൈസ്‌മോനെ നോക്കി നായകള്‍ ചിരിക്കുന്ന രംഗം പ്രേക്ഷകര്‍ക്ക് നല്‍കിയ രോമാഞ്ചം ചെറുതല്ല. മലയാള സിനിമയിലെ ഈ ശ്വാന പര്‍വം യാദൃശ്ചികമായിരിക്കാം. നായകനൊപ്പം നായകളും സിനിമയുടെ കഥയില്‍ പ്രധാന പങ്കുവഹിക്കുന്നത് ചിലരുടെ ശ്രദ്ധ നേടുന്നുണ്ട്.

Content Highlight: Dogs are become important characters in Malayalam movies recent times

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more