| Saturday, 7th June 2025, 7:46 pm

മധ്യപ്രദേശില്‍ നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുകീറി തെരുവുനായ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: മധ്യപ്രദേശില്‍ നവജാത ശിശുവിന്റെ മൃതശരീരം കടിച്ചുകീറി തെരുവുനായ. ഇന്‍ഡോര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഇന്ന് (ശനിയാഴ്ച) പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആശുപത്രി ജീവനക്കാര്‍ തെരുവുനായയെ കണ്ടെത്തിയത്.

ആശുപത്രിയിലെ ശുചിമുറിയുടെ സമീപത്തായി നവജാത ശിശുവിന്റെ താടിയെല്ല് കടിച്ചുകീറുന്ന തെരുവുനായയെ ജീവനക്കാരന്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നായയെ ഓടിച്ചതിന് ശേഷം ജീവനക്കാരന്‍ നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.

ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയുള്ള മൊഹൗവിലെ സിവില്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത് അനുസരിച്ച് പുലര്‍ച്ചയോടെ ഒരു പെണ്‍കുട്ടി ശുചിമുറിയില്‍ പോകുന്നതായി കണ്ടു. ജീവനക്കാരോട് കാര്യം തിരക്കിയപ്പോള്‍ വയറുവേദനയെ തുടര്‍ന്ന് 17 വയസുകാരിയായ ഒരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഈ പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. പിന്നീട് ഇവര്‍ ശുചിമുറിയില്‍ വെച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കിയതായാണ് മനസിലാക്കുന്നത്. ഈ കുഞ്ഞിനെയാണ് പിന്നീട് കണ്ടെത്തിയത്,’ സിവില്‍ ആശുപത്രിയുടെ ചുമതലയുള്ള ഡോ. എച്ച്.ആര്‍. വര്‍മ പറഞ്ഞു.

പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടി ഒരു പുരുഷനോടൊപ്പം ആശുപത്രി വിട്ടതായും ഡോക്ടര്‍ ആരോപിച്ചു. മരിച്ചതുകൊണ്ടാകാം കുഞ്ഞിനെ പെണ്‍കുട്ടി ശുചിമുറിയില്‍ തന്നെ ഉപേക്ഷിച്ചതെന്നും ഡോ. എച്ച്.ആര്‍. വര്‍മ പറഞ്ഞു. നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാഥമിക നിഗമനം അനുസരിച്ച് പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞ് മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണത്തിനായി പൊലീസിന് സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറുമെന്നും എച്ച്.ആര്‍. വര്‍മ അറിയിച്ചു.

Content Highlight: Dog carrys dead newborn in its jaws at MP government hospital

We use cookies to give you the best possible experience. Learn more