2026 ടി – 20 ലോകകപ്പിനാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. ക്രിക്കറ്റ് പൂരത്തിന് അരങ്ങുണരാൻ ഇനി രണ്ട് ദിവസത്തിന്റെ ദൂരം മാത്രമാണുള്ളത്. ഫെബ്രുവരി ഏഴിന് തുടങ്ങുന്ന ടൂർണമെന്റ് മാർച്ച് എട്ടിനാണ് അവസാനിക്കുക.
ലോകകപ്പിന്റെ ആവേശം വാനോളമുണ്ടെങ്കിലും മലയാളി ആരാധകർ തങ്ങളുടെ പ്രിയ സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ കാണാനാകുമോ എന്ന ആകാംക്ഷയിലാണ്. ഒരു മാസം മുമ്പ് വരെ താരം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് കാണാമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാൽ, ന്യൂസിലാൻഡ് പരമ്പര അവസാനിച്ചതോടെ മലയാളി വിക്കറ്റ് കീപ്പരുടെ സ്ഥാനത്തിനും ആരാധകരുടെ പ്രതീക്ഷകൾക്കും മങ്ങലേൽക്കുകയാണ്.
കിവീസിന് എതിരെ സഞ്ജുവിന് തിളങ്ങാൻ സാധിക്കാത്തതും ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ തകർത്തടിക്കുന്നതുമാണ് അതിന് കാരണം. സഞ്ജു അഞ്ച് മത്സരങ്ങളിൽ വെറും 46 റൺസ് മാത്രമെടുത്തപ്പോൾ കിഷൻ സെഞ്ച്വറിയടക്കം അടിച്ച് തിളങ്ങിയതോടെ മലയാളി താരത്തിന് ടീമിന് പുറത്ത് പോകേണ്ടിവരുമോ എന്ന ചോദ്യം ഉയർന്നിരുന്നു.
സഞ്ജു സാംസൺ. Photo: Team Samson/x.com
കാര്യവട്ടത്ത് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് കിഷൻ അണിഞ്ഞതോടെ സഞ്ജുവിന്റെ സ്ഥാനം ഒട്ടും സുരക്ഷിതമല്ലെന്ന പേടിക്ക് ആക്കം കൂട്ടി. ആരാധകരുടെ ഈ ആശങ്കകളെ സാധൂരിക്കും വിധമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ.
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള മത്സരത്തിൽ അഭിഷേകിന് ഒപ്പം ഓപ്പൺ ചെയ്യാൻ എത്തിയത് ഇഷാൻ കിഷനായിരുന്നു. മത്സരത്തിലാകട്ടെ അർധ സെഞ്ച്വറിയുമായി ഇടം കൈയ്യൻ വിക്കറ്റ് കീപ്പർ തിളങ്ങുകയും ചെയ്തു. ഇതോടെ ലോകകപ്പിൽ ഇഷാൻ തന്നെ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചുവെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഇഷാൻ കിഷൻ. Photo: BCCI/x.com
അങ്ങനെയെങ്കിൽ സഞ്ജുവിന് ഒരു സാധ്യതയുമില്ലേ എന്നാണ് മറ്റൊരു ചോദ്യം. ഇഷാൻ ഫോമിലാണെങ്കിലും സഞ്ജുവിന്റെ സാധ്യതകൾ പൂർണമായി അവസാനിച്ചുവെന്ന് പറയാൻ സാധിക്കില്ല. ഇഷാൻ ഓപ്പണറാകുകയാണെങ്കിൽ ഇന്ത്യയുടെ ടോപ് ത്രീ ബാറ്റർമാരും ഇടം കൈയ്യന്മാരാകും. അഭിഷേകും വൺ ഡൗണായി എത്തുന്ന തിലകുമെല്ലാം ഇടം കൈ ബാറ്റർമാരാണ്.
ഈ ഒരു ഘടകം സഞ്ജുവിന് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. എങ്കിലും, കഴിഞ്ഞ ദിവസം ഈ കോമ്പിനേഷൻ മികച്ച പ്രകടനം നടത്തിയതും സഞ്ജുവിനെ സംബന്ധിച്ച് അത്ര നല്ല സൂചനയല്ല.
സഞ്ജു സാംസൺ. Photo: Team Samson/x.com
പിന്നീട് സഞ്ജുവിന് പ്രതീക്ഷ വെക്കാനുള്ളത് വിക്കറ്റ് കീപ്പിങ്ങിലാണ്. വിക്കറ്റ് കീപ്പിങ്ങിൽ ഇഷാനെക്കാൾ മുൻതൂക്കം സഞ്ജുവിന് നൽകുന്നവരുണ്ട്. ഈ മികവ് മുൻനിർത്തി ടീമിലെത്തിയാലും താരത്തിന് ഓപ്പണിങ്ങിൽ കളിക്കാൻ സാധിച്ചേക്കില്ല. ചിലപ്പോൾ ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങേണ്ടി വരും.
ഇങ്ങനെയൊക്കെ പ്രതീക്ഷ വെക്കാമെങ്കിലും ഇനിയൊരു അവസരം സഞ്ജുവിന് ഉണ്ടാകുമോയെന്ന കാത്തിരുന്ന കാണേണ്ടി വരും. കിട്ടുന്ന അവസരം മുതലാക്കി റൺസ് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ പിന്നീട് താരത്തിന് ഇന്ത്യൻ ടീമിന്റെ നീലക്കുപ്പായത്തിൽ തിരിച്ചെത്തുക വലിയ പ്രയാസമായിരിക്കും.
Content Highlight: Does Sanju Samson’s fate is sealed in T20 World Cup?