| Monday, 10th August 2026, 7:30 am

ശുദ്ധമായ പെട്രോള്‍ നിന്റെ അച്ഛന്റെ വീട്ടില്‍ നിന്ന് വരുമോ? കേന്ദ്രത്തിന്റെ എഥനോള്‍ നയത്തെ ന്യായീകരിച്ച് ബി.ജെ.പി എം.പി

ആദർശ് എം.കെ.

റേവ: എഥനോള്‍ കലര്‍ത്തിയ പെട്രോളിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ബി.ജെ.പി എംപി ജനാര്‍ദന്‍ മിശ്ര. മധ്യപ്രദേശിലെ റേവയില്‍ നിന്ന് ഭോപ്പാലിലേക്കും കൊല്‍ക്കത്തയിലേക്കുമുള്ള പുതിയ വിമാന സര്‍വീസുകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് എം.പി സര്‍ക്കാരിന്റെ ഇന്ധന നയത്തെ ന്യായീകരിച്ചത്.

എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വാഹനങ്ങള്‍ക്ക് ഫലപ്രദമല്ലെന്നും തങ്ങള്‍ക്ക് ശുദ്ധമായ പെട്രോള്‍ തന്നെ വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മിശ്രയുടെ പ്രതികരണം.

ചിലര്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിനെതിരെ പ്രതിഷേധിക്കുന്നുണ്ടെങ്കിലും രാജ്യത്ത് ശുദ്ധമായ പെട്രോള്‍ ഉത്പാദനം ഇല്ലാതിരിക്കെ അത് എവിടെ നിന്ന് വരാനാണെന്നും നിന്റെ അച്ഛന്റെ വീട്ടില്‍ നിന്ന് വരുമോ എന്നായിരുന്നു മിശ്രയുടെ പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ അനാവശ്യമായി പ്രതിഷേധം ഉയര്‍ത്തുകയാണെന്നും ബി.ജെ.പി എം.പി കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ഇന്ധന ആവശ്യകത പൂര്‍ണമായും വിദേശ രാജ്യങ്ങളെ ആശ്രയിച്ചാണെന്ന യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടിയാണ് എം.പി എഥനോള്‍ നയത്തിന്റെ ആവശ്യകതയെ ന്യായീകരിച്ചത്.

ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 20 ശതമാനം മാത്രമാണ് രാജ്യത്തിനുള്ളില്‍ ഉത്പാദിപ്പിക്കുന്നത് എന്നും ബാക്കി വരുന്ന 80 ശതമാനവും വിദേശ വിപണിയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ആഗോള യുദ്ധസാഹചര്യങ്ങള്‍ കാരണം എണ്ണക്കപ്പലുകള്‍ക്ക് ഇന്ത്യയിലേക്ക് ഇന്ധനം എത്തിക്കുന്നതിനായി അധികമായി 18,000 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഏറ്റവും കൂടുതല്‍ എഥനോള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമായ ബ്രസീലില്‍ വാഹനങ്ങള്‍ 100 ശതമാനവും എഥനോളിലാണ് ഓടുന്നതെന്നും അവിടെയൊന്നും ഇന്ധനം കാരണം വാഹനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

എഥനോള്‍ കലര്‍ത്തിയ ഇന്ധനം വാഹനങ്ങളുടെ എഞ്ചിനുകള്‍ക്ക് യാതൊരുവിധ കേടുപാടുകളും വരുത്തില്ലെന്ന് ഓട്ടോമൊബൈല്‍ വിദഗ്ധരും മെക്കാനിക്കുകളും സാക്ഷ്യപ്പെടുത്തുന്നുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം, ഇന്ധന സ്വാതന്ത്ര്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് ഈ നയമെന്നും പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിച്ച മിശ്ര, ഇന്ന് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ നിരക്കും ഏറ്റവും കുറഞ്ഞ പണപ്പെരുപ്പവുമാണ് ഇന്ത്യയിലുള്ളതെന്ന് ചൂണ്ടിക്കാട്ടി.

നേരത്തെയും ഇത്തരം വിവാദ പ്രസ്താവനകളിലൂടെ നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് മിശ്ര. 2019ല്‍ പൊതുജനങ്ങളില്‍ നിന്ന് പണം ചോദിച്ചു വരുന്ന ഉദ്യോഗസ്ഥരെ കുഴിച്ച് മൂടാന്‍ പരസ്യമായി ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത്.

2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടി ഉള്ളിടത്തോളം കാലം ജനങ്ങള്‍ക്ക് വീടുകള്‍ ലഭിക്കുമെന്നും ആ വീടുകള്‍ വരുന്നത് മോദിയുടെ താടിയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേവര്‍ഷം തന്നെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ 15 ലക്ഷം രൂപ വരെ അഴിമതി നടത്തുന്നതില്‍ ജനങ്ങള്‍ പരാതിപ്പെടേണ്ടതില്ലെന്ന് പറഞ്ഞ് അഴിമതിയെ ന്യായീകരിക്കുകയും ചെയ്തു.

2022ല്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട മിശ്ര, അതേവര്‍ഷം തന്നെ കളക്ടറുടെ കരണത്തടിക്കുന്നത് രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ സഹായിക്കുമെന്ന വിചിത്ര നിരീക്ഷണവും നടത്തിയിരുന്നു. കൂടാതെ 2025ല്‍ വിഭജന കാലത്ത് മുസ്‌ലിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകേണ്ടവരായിരുന്നുവെന്നും അവര്‍ ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നുമുള്ള വര്‍ഗീയ പരാമര്‍ശവും നടത്തിയിരുന്നു.

Content Highlight: ‘Does clean petrol come from your father’s house?’: BJP MP Janardan Mishra defends ethanol policy

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more