മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം ദൊഡ്ഡ ഗണേശ്. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ മത്സരങ്ങളില്‍ നിന്ന് സഞ്ജുവിനെ മാറ്റിയതില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്ത് വന്നത്. സഞ്ജു സാംസണിന് നിരാശപ്പെടാന്‍ എല്ലാ കാരണങ്ങളുമുണ്ടെന്നും ലോകകപ്പില്‍ നിര്‍ണായകമായ ബാറ്ററെ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം പുറത്താക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സഞ്ജുവിന് നിരാശപ്പെടാന്‍ എല്ലാ കാരണങ്ങളുമുണ്ട്. ഇന്ത്യയുടെ മൂന്നാം ടി-20 ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബാറ്ററെ വെറും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ടീമില്‍ നിന്ന് പുറത്താക്കിയത് തീര്‍ത്തും യുക്തിരഹിതമായ തീരുമാനമാണ്. അദ്ദേഹത്തിന് ഇതിലും മികച്ച പരിഗണന ലഭിക്കേണ്ടതായിരുന്നു,’ ദൊഡ്ഡ ഗണേശ് തന്റെ എക്‌സില്‍ കുറിച്ചു.
നിലവില്‍ ഓപ്പണിങ് സ്ഥാനത്ത് സഞ്ജുവിന് പകരം ഇടം നേടിയത് വൈഭവ് സൂര്യവംശിയാണ്. തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കും വൈഭവിനെ പരിഗണിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല കഴിഞ്ഞ ദിവസം സിംബാബ്‌വേയ്‌ക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്റെ പേര് ഇല്ലാത്തത് ഏറെ അമ്പരപ്പിച്ചിരുന്നു. സിംബാബ്‌വേക്കതിരായ സ്‌ക്വാഡില്‍ സഞ്ജുവിനെ ഒഴിവാക്കിയതിനാല്‍ നേരത്തെ പ്രഖ്യാപിച്ച ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ നിന്നും താരത്തെ തഴയുമെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്താന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Dodda Ganesh Supports Sanju Samson