കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ എ.എം.എം.എയുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് യോഗം ഇന്ന് നടന്നു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്താനുദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ച് ആലോചിക്കാനും മറ്റും ചേരുന്ന ഈ യോഗത്തില്‍ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു. സി.സി നല്‍കിയ കത്തും പരിഗണിക്കും എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ നടപടിയെടുക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയായില്ല. സംഘടനയില്‍ അംഗമായ വ്യക്തിക്കെതിരെ നടപടിയെടുക്കാന്‍ നിരവധി നടപടി ക്രമങ്ങള്‍ വേണമെന്ന് ചൂണ്ടികാട്ടി മുമ്പ് എടുത്ത നടപടി പോലും സംഘടന റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് വിവിധ താരങ്ങള്‍ പ്രതിഷേധമായി രംഗത്തെത്തുകയും കഴിഞ്ഞ ആഗസ്റ്റമാസം ഏഴിന് ചേര്‍ന്ന് യോഗത്തില്‍ നടി രേവതി, പാര്‍വതി, പത്മപ്രിയ തുടങ്ങിയ താരങ്ങള്‍ നല്‍കിയ കത്തിനെത്തുടര്‍ന്ന് നടന്‍ ദിലീപിന് എതിരെ നടപടിക്കായി 21 ദിവസങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും ഇത് വരെ നടപടിയായിട്ടില്ല. ഇതിനിടക്ക് കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയമാണ് നടപടി ക്രമങ്ങള്‍ വൈകാന്‍ കാരണം.
എന്നാല്‍ മുമ്പ് നടന്‍ തിലകനെതിരെ നടപടിയെടുത്തപ്പോള്‍ ഈ നടപടി ക്രമങ്ങളില്‍ പലതും പാലിച്ചില്ലെന്നാണ് രേഖകള്‍ പറയുന്നത്. നേരത്തെ ഇതേ കാര്യം വ്യക്തമാക്കി തിലകന്റെ മകള്‍ സോണിയ രംഗത്തെത്തിയിരുന്നു. അമ്മയുടെ മുന്‍ നിലപാടുകളെ തെളിയിക്കുന്ന രേഖകളും സോണിയ പുറത്തുവിട്ടിരുന്നു.
താരസംഘടയുടെ ഒരു അച്ചടക്ക സമിതിയുടെ ശുപാര്‍ശയുടെ പുറത്താണ് 2010 ഏപ്രില്‍ 5ാം തിയ്യതി തിലകനെ താരസംഘടനയില്‍ നിന്ന് പുറത്താക്കുന്നത്. തിലകന്‍ വിഷയത്തില്‍ ഒരു ജനറല്‍ ബോഡി വിളിക്കുകയോ നിയമപരമായ കൗണ്‍സിലിന്റെ ഉപദേശം തേടുകയോ ചെയ്തിരുന്നില്ല.
2010 ഫിബ്രുവരി 10ാം തിയ്യതിയാണ് അന്നത്തെ സെക്രട്ടറി ഇടവേള ബാബു താരങ്ങള്‍ക്കെതിരെയും സംഘടനയെയും അപകീര്‍ത്തിപ്പെടുത്താന്‍ തിലകന്‍ ശ്രമിച്ചതിനാല്‍ പരസ്യമായി മാപ്പ് പറയാന്‍ നിര്‍ദ്ദേശിച്ചു 9-2-2010 ന് ചേര്‍ന്ന എക്സിക്യൂട്ടീവ് തീരുമാനം കത്തായി നല്‍കിയത്. ഏഴു ദിവസത്തിനുള്ളില്‍ മറുപടി പറയാനായിരുന്നു നിര്‍ദ്ദേശം.
തുടര്‍ന്ന് താന്‍ എവിടെ, എപ്പോള്‍ എന്ത് പറഞ്ഞു എന്ന് വ്യക്തമാക്കാതെ ഈ ആരോപണത്തിന് മറുപടി പറയാന്‍ കഴിയില്ലെന്നും തനിക്ക് ഉണ്ടായ ദുരനുഭവം വ്യക്തമാക്കി കൊണ്ടും വിവിധ സ്ഥലങ്ങളില്‍ നിന്ന് തനിക്കുണ്ടായ ഭീഷണികള്‍ വ്യക്തമാക്കി കൊണ്ടും തിലകന്‍ മറുപടി നല്‍കുകയുണ്ടായി.
തുടര്‍ന്ന് മാര്‍ച്ച് 1ന് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ മുന്നില്‍ തിലകനോട് ഹാജരാകാന്‍ പറഞ്ഞെങ്കിലും മറ്റ് ചില കാരണങ്ങളാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മാര്‍ച്ച് 15 ന് അച്ചടക്ക സമിതി തിലകനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കത്ത് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ അംഗത്വം പിന്‍വലിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും കത്ത് നല്‍കുകയുണ്ടായി.
തുടര്‍ന്നായിരുന്നു തിലകനെതിരായ നടപടികള്‍. എന്നാല്‍ ദിലീപ് വിഷയത്തില്‍ ഇത്തരത്തില്‍ ഒന്നും സംഭവിക്കുന്നില്ലെന്നും നിയമോപദേശം അടക്കം വിവിധ നടപടി ക്രമങ്ങളുടെ പേര് പറഞ്ഞ് ദിലീപിന് എതിരായ നടപടി വൈകിക്കുകയാണെന്നും തിലകന്റെ മകള്‍ സോണിയ പറയുന്നു.