വാഷിങ്ടൺ: അമേരിക്കൻ സ്വദേശിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന രേഖകൾ സൽപ്പേര് നശിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകൾ യു.എസ് നീതിന്യായ കോടതി പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം.
അന്വേഷണ ഫയലുകൾ പുറത്തുവിടുന്നത് ജെഫ്രി എപ്‌സ്റ്റീനുമായി യാദൃശ്ചികമായി മാത്രം സമ്പർക്കം പുലർത്തിയിരുന്ന ആളുകളുടെ പ്രശസ്തി തകർക്കുമെന്ന് ട്രംപ് പറഞ്ഞു.
‘ജെഫ്രി എപ്‌സ്റ്റീനുമായി യാദൃശ്ചികമായും നിഷ്കളങ്കമായും കണ്ടുമുട്ടിയവരും അന്യായമായി കേസിൽ കുടുങ്ങാൻ സാധ്യതയുണ്ട്. വർഷങ്ങൾക്ക് മുമ്പ് ജെഫ്രി എപ്സ്റ്റീനെ കണ്ടുമുട്ടിയ ആളുകളുടെ ചിത്രങ്ങൾ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കാം, അവർ ബാങ്കർമാരും അഭിഭാഷകരും മറ്റും ആയിരുന്നു,’ ട്രംപ് പറഞ്ഞു.
മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണടക്കമുള്ളവർ എപ്സ്റ്റീനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവിടുന്നതിനെ അംഗീകരിക്കില്ലെന്നും അത് ഭയാനകമായ കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
‘പക്ഷെ അവർ അദ്ദേഹത്തോടൊപ്പം ഒരു ചിത്രത്തിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റൊരാളുടെ പ്രശസ്തി നശിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്,’ ട്രംപ് പറഞ്ഞു.
ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുന്നത് മന്ദഗതിയിലാണെന്നും രേഖകളും മറ്റും പുനർനിർമിക്കുന്നുണ്ടെന്ന ഇരകളുടെയും നിയമനിർമാതാക്കളുടെയും വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പരാമർശം.
ഡിസംബർ 19 നാണ് എപ്‌സ്റ്റീൻ ഫയലുകൾ എന്ന് ഫയലുകൾ യു.എസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ടത്.
പുറത്തുവിട്ട ആയിരക്കണക്കിന് എപ്സ്റ്റീൻ ഫയൽ രേഖകളിലെ ചിലതിൽ 2020 ലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിഡന്റ് ട്രംപിന് ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുള്ളതായി രേഖകൾ അടങ്ങിയിട്ടുണ്ടെന്ന് യു.എസ് നീതിന്യായ വകുപ്പ് ചൊവ്വാഴ്ച സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു.
ട്രംപിനെക്കുറിച്ചുള്ള നൂറുകണക്കിന് പരാമർശങ്ങൾ എപ്സ്റ്റീൻ ഫയലിലെ രേഖകളിൽ അടങ്ങിയിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ട്രംപുമായി ബന്ധമുള്ള വിവരങ്ങൾ രേഖകളിൽ നിന്നും നീക്കം ചെയ്യില്ലെന്നും വരും ദിവസങ്ങളിൽ അത് പുറത്തുവിടുന്നത് തുടരുമെന്നും ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു.
ലൈംഗീക കുറ്റകൃത്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയ കേസിൽ ജയിൽ കഴിയവേ 2019 ലാണ് ജെഫ്രി എപ്‌സ്റ്റീൻ തൂങ്ങി മരിച്ചത്. എപ്‌സ്റ്റീനിന്റെ മരണം ഗൂഢാലോചനയുണ്ടെന്ന് ഒരു വിഭാഗം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ലയന്റുകളിൽ ട്രംപും എലോൺ മസ്കുമുൾപ്പടെയുള്ള പ്രമുഖർ ഉൾപ്പെട്ടിരുന്നെന്ന് നേരത്തെയും ആരോപണങ്ങൾ ഉണ്ടായിരുന്നു. അത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
Content Highlight: Documents alleging ties to Jeffrey Epstein will ruin his reputation: Trump