| Saturday, 3rd May 2025, 8:14 pm

തിരുവാതിരയ്ക്കും വാഴ്ത്തുപാട്ടിനും ശേഷം 'പിണറായി ദി ലെജന്‍ഡ്'; ഡോക്യുമെന്ററിയുമായി സി.പി.ഐ.എം അനുകൂല സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാകുന്നു. ‘പിണറായി ദി ലെജന്‍ഡ്’ എന്ന പേരിലാണ് ഡോക്യുമെന്ററി ഒരുങ്ങുന്നത്.

സെക്രട്ടറിയേറ്റിലെ ഒരു സി.പി.ഐ.എം അനുകൂല സംഘടനയാണ് ഡോക്യുമെന്ററി ഒരുക്കുന്നതെന്നാണ് വിവരം.

15 ലക്ഷം രൂപ ചെലവഴിച്ചാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. ഈ മാസം തന്നെ ഡോക്യുമെന്ററി തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കും.

മുഖ്യമന്ത്രിയുടെ ജീവചരിത്രവും നേട്ടങ്ങളുമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. നേമം സ്വദേശിയാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. ഡോക്യുമെന്ററിയുടെ നിര്‍മാണം പൂര്‍ത്തിയായതായും വിവരമുണ്ട്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഡോക്യുമെന്ററി ഒരുങ്ങുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് അസോസിയേഷന്റെ തീരുമാനം.

നേരത്തെ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് സെക്രട്ടറിയേറ്റിലെ എംപ്ലോയീസ് അസോസിയേഷന്‍ വാഴ്ത്തുപാട്ട് പുറത്തിറക്കിയിരുന്നു.

അസോസിയേഷന്‍ സുവര്‍ണജൂബിലി മന്ദിര ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു വാഴ്ത്തുപാട്ട് പുറത്തിറക്കിയത്. ഇത് വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

ധനവകുപ്പ് ഉദ്യോഗസ്ഥനായ ചിത്ര സേനനാണ് പാട്ട് എഴുതിയത്. പിണറായി വിജയനെ ഫിനിക്‌സ് പക്ഷിയെന്നും പടനായകനെന്നും വിശേഷിപ്പിച്ചും കാവലാള്‍ എന്ന തലക്കെട്ടോടും കൂടിയായിരുന്നു ഗാനം.

‘ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന വരിയോടെയായിരുന്നു പാട്ട് തയ്യാറാക്കിയിരുന്നത്. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ കുറിച്ച് ഡോക്യുമെന്ററിയും ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഇതിനും മുമ്പ് പിണറായി വിജയനെ സ്തുതിച്ച് തിരുവനന്തപുരത്ത് മെഗാ തിരുവാതിരയും സംഘടിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് നടന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് തിരുവാതിര സംഘടിപ്പിച്ചത്.

‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ. എതിരാളികള്‍ കൂട്ടത്തോട പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ്,’ തിരുവാതിരയിലെ ഈ വരികള്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്.

Content Highlight: Documentary being prepared on Chief Minister Pinarayi Vijayan

We use cookies to give you the best possible experience. Learn more