ഗസസിറ്റി: ഗസയില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എം.എസ്.എഫ്) സംഘടനയുടെ ക്ലിനിക്കിനു നേരെ വെള്ളിയാഴ്ച ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്ന് എം.എസ്.എഫ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.
ക്ലിനിക്കിനു നേരെ നടന്നത് ഒരു ഡയരക്ട് ഹിറ്റ് ആക്രമണം ആണെന്ന് സംഘടന അറിയിച്ചു. ആക്രമണത്തെ അപലപിക്കുന്നതായും എം.എസ്.എഫ് വ്യക്തമാക്കി.
‘ഗസയിലെ ഞങ്ങളുടെ ക്ലിനിക്കുകളിലൊന്നില്‍ ഇന്ന് രാത്രി ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍, കാവല്‍ക്കാരായി ജോലി ചെയ്തിരുന്ന ഞങ്ങളുടെ രണ്ട് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ അതീവ ദുഖിതരും രോഷാകുലരുമാണ്,’ എം.എസ്.എഫിന്റെ എക്സ് പോസ്റ്റില്‍ പറയുന്നു.
എം.എസ്.എഫിനു നേരെ നടന്ന നേരിട്ടുള്ള ആക്രമണമാണിത്. ഇതോടെ, ഗസയില്‍ കൊല്ലപ്പെട്ട എം.എസ്.എഫ് സഹപ്രവര്‍ത്തകരുടെ ആകെ എണ്ണം 17 ആയെന്നും സംഘടന വ്യക്തമാക്കി.
തങ്ങളുടെ കെട്ടിടങ്ങളില്‍ എം.എസ്.എഫ് ലോഗോകള്‍ വ്യക്തമായി പതിച്ചിരുന്നു. കൂടാതെ, ഈ കെട്ടിടങ്ങള്‍ എവിടെയാണെന്ന വിവരം ഇസ്രഈല്‍ സൈന്യത്തെ അറിയിച്ചിരുന്നതുമാണ്. അവര്‍ക്ക് അത് അറിയാമായിരുന്നുവെന്നും എം.എസ്.എഫ് ചൂണ്ടിക്കാട്ടി.
തങ്ങളുടെ സഹപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒപ്പം ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയും ഉത്തരവാദിത്തം ഉറപ്പാക്കലും ഞങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും എം.എസ്.എഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എം.എസ്.എഫ് ക്ലിനിക്കിനു നേരെയുള്ള ആക്രമണത്തിന് പുറമെ ഇന്നലെ (നവംബര്‍ 27, വെള്ളി) ഗസയിലെ മറ്റിടങ്ങളിലും ഇസ്രഈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകിട്ട് റഫയ്ക്ക് തെക്കുപടിഞ്ഞാറുള്ള അല്‍-മവാസിയില്‍ ഇസ്രഈല്‍ സേനയുടെ വെടിയേറ്റ് ഒരു ഫലസ്തീന് പൗരന് കൊല്ലപ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇന്നലെ കൊല്ലപ്പെട്ട എം.എസ്.എഫ് ജീവനക്കാര്‍ ഹമാസ് അംഗങ്ങളാണെന്ന് ഇസ്രഈല്‍ സെന്യം അവകാശപ്പെട്ടു. തെളിവുകളൊന്നും ഇല്ലാതെയാണ് ഇസ്രഈല്‍ ഈ കാര്യം അവകാശപ്പെട്ടത്.
ഇസ്രഈല്‍ സേനയ്ക്കെതിരെ ആക്രമണം ആസൂത്രണം ചെയ്തവരാണ് കൊല്ലപ്പെട്ടവരെന്നും തെളിവുകളൊന്നും നല്‍കാതെ ഇസ്രഈല്‍ അവകാശപ്പെട്ടു. അഹമ്മദ് സുഫ്യാന് മുഹമ്മദ് അലി അബു ഹസിറ, മാദ് യൂസഫ് അലി സബേഹ് എന്നിവരെ സൈന്യം തിരിച്ചറിഞ്ഞെന്നും അവര്‍ ഹമാസിന്റെ സായുധ വിഭാഗത്തിലെ ആര്‍ട്ടിലറി യൂണിറ്റ് കമാന്‍ഡറാണെന്നും സൈന്യം അവകാശപ്പെടുന്നു.
അതേസമയം, എം.എസ്.എഫ് ക്ലിനിക്കിന് നേര്‍ക്കുള്ള ആക്രമണത്തെ ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അപലപിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാനുഷിക പ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അതിക്രൂരവും അസ്വീകാര്യവുമാണെന്നും അവര്‍ പറഞ്ഞു.
Content Highlight: Doctors Without Borders says two staff killed in Israeli ‘direct hit’ on Gaza clinic