തിരുവനന്തപുരം: സംസ്ഥാന സർക്കാർ രൂപീകരിച്ച ഹെൽത്ത് ടാസ്‌ക് ഫോഴ്‌സിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) മുൻ ദേശീയ അധ്യക്ഷൻ ഡോക്ടർ അശോകൻ.
കേരളത്തിൽ നിലവിൽ പ്രാക്ടീസ് ചെയ്യുന്ന എഴുപതിനായിരത്തോളം വരുന്ന ഡോക്ടർമാരിൽ ഒരാളെപ്പോലും ഉൾപ്പെടുത്താതെയാണ് സർക്കാർ ഈ സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
ഈ ടാസ്‌ക് ഫോഴ്‌സ് നിലവിൽ വരുന്നതുകൊണ്ട് കേരളത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് മാത്രമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ദിവസേന രോഗികളെ നേരിൽ കാണുകയും പരിശോധിക്കുകയും ചെയ്യുന്ന വിപുലമായ ഡോക്ടർമാരുടെ സമൂഹത്തിൽ നിന്ന്, പ്രത്യേകിച്ച് പതിനായിരക്കണക്കിന് ഐ.എം.എ അംഗങ്ങളിൽ നിന്ന് ഒരാളെപ്പോലും ഈ സുപ്രധാന കമ്മിറ്റിയിലേക്ക് പരിഗണിക്കാതിരുന്നത് കടുത്ത ദുരൂഹതയുണർത്തുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു പുതിയ പദ്ധതി കൊണ്ടുവരുമ്പോൾ നിലവിലെ സംവിധാനങ്ങളെ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെങ്കിൽ മാത്രമേ അതിനെ ന്യായീകരിക്കാനാകൂ. എന്നാൽ ഇവിടെ അത്തരത്തിലുള്ള യാതൊരു നേട്ടവും കാണാനില്ലെന്നും കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഇതുകൊണ്ട് ഒരു പുരോഗതിയും ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ പ്രധാന അജണ്ടയായ ‘മിക്‌സോപ്പതി’ (ഇന്റഗ്രേറ്റീവ് മെഡിസിൻ) സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ വ്യത്യസ്ത ചികിത്സാരീതികളെ പരസ്പരം കൂട്ടിക്കുഴച്ചുകൊണ്ട് ഒരു പുതിയ പരീക്ഷണ സിസ്റ്റം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത്തരമൊരു പരീക്ഷണാത്മക നീക്കം നടപ്പിലായാൽ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരുന്നത് സാധാരണക്കാരായ രോഗികളാണ്. രോഗികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് കൃത്യമായ ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യവും അവർക്ക് ലഭിക്കേണ്ട ശരിയായ ചികിത്സയും ഇതോടെ പൂർണമായും നഷ്ടപ്പെടുമെന്നും ഡോ. അശോകൻ മുന്നറിയിപ്പ് നൽകി.
Content Highlight:Doctors excluded from State Health Task Force; former IMA president alleges move to impose ‘mixopathy’