| Friday, 3rd July 2020, 9:05 pm

തിയതി നേരത്തെ കുറിച്ച് വാക്‌സിന്‍ കണ്ടെത്താനാവില്ല; ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ ആഗസ്റ്റ് 15 ന് പുറത്തിറങ്ങുമെന്ന വാദത്തിനെതിരെ ആരോഗ്യവിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തിനുള്ള ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനെതിരെ ആരോഗ്യവിദഗ്ധര്‍. നേരത്തെ തിയതി പ്രഖ്യാപിച്ച് വാക്‌സിന്‍ പുറത്തിറക്കുന്നത് അശാസ്ത്രീയമാണെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ എത്തിക്‌സ് എഡിറ്റര്‍ അമര്‍ ജെസനി പറഞ്ഞു.

‘ക്ലിനിക്കല്‍ പരീക്ഷണം പോലും നടത്താതെ ലോകത്തെവിടേയും ഇത്തരത്തില്‍ വാക്‌സിന്‍ പുറത്തിറക്കുന്നതിന് തിയതി പ്രഖ്യാപിക്കുമെന്ന് തോന്നുന്നില്ല. ശാസ്ത്രം ഇങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്’, ജെസനി പറഞ്ഞു.

ഐ.സി.എം.ആറിലെ ബയോ എത്തിക്‌സ് സെല്ലിലെ ഉപദേശക കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത മുത്തുസ്വാമിയും തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇത് സംബന്ധിച്ച് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബാല്‍റാം ഭാര്‍ഗവ എഴുതിയ കത്തിനെക്കുറിച്ച് അറിയില്ലെന്നും വസന്ത മുത്തുസ്വാമി പറഞ്ഞു.

‘സമയം വളരെ കുറവാണ്. ഒരു മാസം കൊണ്ടൊക്കെ വാക്‌സിന്‍ പുറത്തിറക്കുക എന്നത് വളരെ ചെറിയ കാലയളവാണ്. ഫാസ്റ്റ് ട്രാക്ക് പരിശോധന ഉണ്ടെങ്കില്‍ പോലും അതിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കും’, മുത്തുസ്വാമി പറഞ്ഞു.

ആഗസ്റ്റ് 15 ന് വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് ഐ.സി.എം.ആര്‍ പറഞ്ഞിരുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കോവാക്സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര്‍ നടത്തുന്നത്.

കൊവിഡ് വാക്സിന്‍ (BBV152 COVID വാക്സിന്‍) ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഒരു ഡസന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ തിരഞ്ഞെടുത്തുവെന്ന് സര്‍ക്കാരിന്റെ ഉന്നത മെഡിക്കല്‍ റിസര്‍ച്ച് ബോഡി അറിയിച്ചു.

സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിരീക്ഷിക്കുന്ന മുന്‍ഗണനാ പദ്ധതി ആയതിനാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളോട് ഐ.സിഎം.ആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൂനെയിലെ ഐ.സി.എംആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വേര്‍തിരിച്ചെടുത്ത SARS-CoV-2 ന്റെ ഘടകത്തില്‍ നിന്നുമാണ് ഈ വാക്സിന്‍ ഉണ്ടായത്.

” ഐ.സി.എം.ആറും ബി.ബിഎല്ലും സംയുക്തമായി ഈ വാക്സിന്റെ പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ്,” ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് നല്‍കിയ കത്തില്‍ ഐ.സി.എം.ആര്‍ പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിന് വാക്സിന്‍ ലോഞ്ച് ചെയ്യാനുള്ള പദ്ധതിയെക്കുറിച്ചും ഐ.സി.എം.ആര്‍ സൂചന നല്‍കി. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15 നകം പൊതുജനാരോഗ്യ ഉപയോഗത്തിനുള്ള വാക്സിന്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നെന്നാണ് ഗവേഷണ സമിതി അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more