തിരുവനന്തപുരം: സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) മരുന്ന് മാറ്റവുമായി ബന്ധപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍ക്കുണ്ടായ ആശങ്കകള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ ഇടപെട്ട് പരിഹരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്.
രക്ഷിതാക്കള്‍ തന്നോട് യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും അവരുടെ സംശയങ്ങള്‍ ഡോക്ടര്‍മാര്‍ കൃത്യമായി തീര്ത്തുകൊടുക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഡോ. ബി. ഇക്ബാല്‍, ഡോ. വി. രാമന്‍കുട്ടി, എം.ജി. രാധാകൃഷ്ണന് തുടങ്ങിയവര്‍ മറുപടി നല്കിയിട്ടുള്ളതിനാല് താന്‍ കൂടുതല്‍ വിശദീകരണത്തിനില്ലെന്നും ബാക്കി കാര്യങ്ങള്‍ നിയമസഭയില്‍ വ്യക്തമാക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ലിനിക്കല്‍ പരിശോധനയിലുള്ള മരുന്ന് എങ്ങനെ ആശുപത്രിയിലെത്തി, വിദഗ്ധ സമിതിയുടെ അനുമതിയുണ്ടോ, കെ.എം.എസ്.സി.എല്‍ ഗുണപരിശോധന നടത്തിയോ, ടെന്‍ഡര്‍ വൈകിയതെന്ത്, ഒരു കമ്പനിക്ക് മാത്രം ഇളവ് നല്കിയതെന്തിന്, കുട്ടികളില്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ ആര് ഉത്തരം പറയും തുടങ്ങിയ ആറ് ചോദ്യങ്ങളാണ് എം.വി. ഗോവിന്ദന് സര്‍ക്കാരിനോട് ഉന്നയിച്ചത്.
വിവാദം അനാവശ്യമായി നിലനിര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ വിവാദം കൊണ്ടുനടക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നും ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്നും മന്ത്രി പറഞ്ഞു.
എസ്.എം.എ മരുന്ന് മാറ്റത്തില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസവും മന്ത്രി മറുപടി നല്‍കിയിരുന്നു. ആര് എതിര്‍ത്താലും രോഗികള്‍ക്ക് മരുന്ന് ഉറപ്പാക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
അതേസമയം, മുന്‍ ആരോഗ്യമന്ത്രിമാരായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, വീണാ ജോര്‍ജ് എന്നിവരും എം.വി. ഗോവിന്ദനും സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പോറലേല്ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കെ.കെ. ശൈലജ ആരോപിച്ചു. വില കുറഞ്ഞ മരുന്ന് വാങ്ങുന്നതില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ടെന്‍ഡര്‍ കോട്ട് ചെയ്ത് ഗുണനിലവാരം ഉറപ്പാക്കി കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് (കെ.എം.എസ്.സി.എല്‍) വഴിയാണ് മരുന്ന് വാങ്ങേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കെ.എം.എസ്.സി.എല്ലിലെ ക്വാളിറ്റി ചെക്കിങ് സെല്‍ ഒഴിവാക്കി ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസില്‍ മാത്രം പരിശോധന നടത്താനുള്ള നീക്കം അപകടകരമാണെന്നും പരിമിതമായ ജീവനക്കാരുള്ള ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിന് ഓരോ ബാച്ച് മരുന്നിന്റെയും ഗുണനിലവാരം ഉറപ്പാക്കാന്‍ കഴിയില്ലെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് കരാറുകാരന് അറസ്റ്റിലായ സാഹചര്യത്തില്‍ ഇത്തവണത്തെ ടെന്‍ഡറില്‍ മില്‍മ പങ്കെടുക്കാത്തതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ടെന്‍ഡറില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് മില്‍മ സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്നും അവര്‍ക്ക് സര്‍ക്കാര്‍ യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Content Highlight:Doctors addressed the concerns of the parents; K. Muraleedharan stated that he would speak about the rest in the Legislative Assembly.