കൊച്ചി: നിപയെ തുടര്‍ന്ന് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്ന് വിദ്യാര്‍ത്ഥിയെ ചികിത്സിക്കുന്ന ഡോ. അനൂപ്. നേരത്തെയുണ്ടായിരുന്ന കഠിനമായ പനി ഇപ്പോള്‍ ഇല്ല. ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയിലും മാറ്റമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.
” രോഗിയുടെ അവസ്ഥ തീര്‍ച്ചയായും സ്റ്റേബിള്‍ ആണ്. രണ്ട് ദിവസത്തെ കണ്ടീഷന്‍ നോക്കുകയാണെങ്കില്‍ പനിയ്ക്ക് കൊടുക്കുന്ന മരുന്ന് നിര്‍ത്തിയിട്ടുണ്ട്. ഇടയ്ക്കിടെ ചെറിയ രീതിയിലുള്ള പനി ഉണ്ടെങ്കിലും നേരത്തെ ഉണ്ടായിരുന്ന രീതിയില്‍ വലിയ പനി ഇല്ല. ബോധത്തിന്റെ അവസ്ഥ പറയുകയാണെങ്കില്‍ അതിലും മാറ്റമുണ്ട്. അബോധാവസ്ഥയിലുള്ള കണ്ടീഷന്‍ അല്ല ഇപ്പോള്‍. ഓര്‍മ്മക്കുറവിലും നേരിയ വ്യത്യാസമുണ്ട്. തീര്‍ച്ചയായും കണ്ടീഷന്‍ സറ്റേബിള്‍ ആണ് എന്ന് തന്നെ പറയാം.
ചികിത്സയിലുള്ള നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നിപ സ്ഥീകരീകരിച്ചിട്ടില്ല. അവര്‍ക്ക് പനിയുള്ളതുകൊണ്ട് അവരുടെ സാമ്പിളുകള്‍ അയച്ചിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ അതിന്റെ ടെസ്റ്റ് റിപ്പോര്‍ട്ട് വന്നിട്ടില്ല. രണ്ടാമത്തെ കാര്യം ആദ്യം പേഷ്യന്റ് വന്നപ്പോള്‍ എമര്‍ജന്‍സി റൂമില്‍ നിന്ന് ടേക്ക് കെയര്‍ ചെയ്തതും വാര്‍ഡിലേക്ക് മാറ്റിയതും എല്ലാം ഇവരാണ്.
ഇത്തരത്തില്‍ ക്ലോസ് കോണ്‍ടാക്ട് ഉണ്ടായ എല്ലാവരും ഒബ്‌സര്‍വേഷനില്‍ ഉണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും പനി പോലുള്ള അസ്വസ്ഥതകള്‍ എല്ലാം ഉണ്ടെങ്കില്‍ അവരെ നമ്മള്‍ ഗവര്‍മെന്റിന്റെ വ്യവസ്ഥ അനുസരിച്ച് പരിശോധിക്കണമെന്നുമാണ്. ആ ഒരു പ്രോട്ടോക്കോളിലാണ് ഇവര്‍ ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളതും- അദ്ദേഹം പറഞ്ഞു.