| Monday, 2nd November 2026, 4:43 pm

റോജി എം ജോണ്‍ അറിയുമോ ഇന്ദിരാ ഗാന്ധിയെ ഘരാവോ ചെയ്ത് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച എസ്.എഫ്.ഐക്കാരനെ?

അരുൺ എയ്ഞ്ചല

എന്ത് കൊണ്ടാണ് കുട്ടികള്‍ കണ്‍വൊക്കേഷന്‍ വേദിയില്‍ പ്രതിഷേധിച്ചത്?

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വി.സി ഡോ. സിസാ തോമസിനെതിരായ സമരവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ഒന്നിന് 16 വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആ വിഷയം ശ്രദ്ധയില്‍ പെടുത്താനാണ് വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ സംസാരിച്ച വേദി തെരഞ്ഞെടുത്തത്.

നാള്‍വഴി

സസ്‌പെന്‍ഷന്‍ ഉത്തരവ്: 2026 സെപ്റ്റംബര്‍ ഒന്ന്.
സസ്‌പെന്‍ഷന്‍ കാലാവധി: സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ.
സമരം ആരംഭിച്ചത്: 2026 ജൂലൈ 22.
വിവാദ സംഭവം: ഓഗസ്റ്റ് 13.
സെപ്റ്റംബര്‍ 2-ലെ റിപ്പോര്‍ട്ട് പ്രകാരം: സമരം ഏകദേശം 29 ദിവസമായി തുടരുകയായിരുന്നു.

അതായത്, 16 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. ഇത് നിശ്ചിത ദിവസത്തേക്കുള്ള സസ്‌പെന്‍ഷനല്ല; അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ തുടരാനാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.

ഓഗസ്റ്റ് 16-ന് വി.സി പരാതി നല്‍കി. അതില്‍ ദേഹോപദ്രവം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളുണ്ട്.

ശ്രദ്ധിക്കുക, പരാതിയില്‍ ആരോപണം ഉന്നയിച്ചതല്ലാതെ. വി.സി വൈദ്യപരിശോധനയ്ക്ക് വിധേയയായതായിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊരു ആരോപണം മാത്രമാണെന്ന് പറയേണ്ടി വരും.

എന്തിനായിരുന്നു സമരം?

ജൂലൈ 22-ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അനിശ്ചിതകാല വിദ്യാര്‍ത്ഥി സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥികളുടെ അക്കാദമികവും ഭരണപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സര്‍വകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്, എസ്.എഫ്.ഐയുടെ നേതൃത്വത്തിലായിരുന്നു സമരം. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ചത് 18 ആവശ്യങ്ങളടങ്ങിയ അവകാശപത്രികയായിരുന്നു.

സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍

1. അധ്യാപക നിയമനം
ഒഴിവുള്ള തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരെ ഉടന്‍ നിയമിക്കുക. അധ്യാപകരുടെ കുറവ് മൂലം പഠനം തടസപ്പെടുന്നുവെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി.

2. ഗവേഷക ഫെലോഷിപ്പുകള്‍
മുടങ്ങിക്കിടക്കുന്ന ഗവേഷണ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യുക, പുതിയ ഗവേഷകര്‍ക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാനുള്ള നടപടികള്‍ ആരംഭിക്കുക.

3. സര്‍ട്ടിഫിക്കറ്റ് വിതരണം
വിദ്യാര്‍ത്ഥികള്‍ക്ക് അച്ചടിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കുക. സര്‍ട്ടിഫിക്കറ്റ് വിതരണം വൈകുന്നതും സമരത്തിലെ പ്രധാന ആവശ്യമായിരുന്നു.

4. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക
ശുദ്ധജലം, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ക്ലാസ് മുറികള്‍, പഠനസ്ഥലങ്ങള്‍, ആരോഗ്യകേന്ദ്രം, കായിക സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുക. ഫൈന്‍ ആര്‍ട്‌സ് വിഭാഗങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും ലൈറ്റുകളും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

5. വിദ്യാര്‍ത്ഥികളുടെ ക്ഷേമം
വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി പ്രൊഫഷണല്‍ കൗണ്‍സിലറെ നിയമിക്കുക, ക്യാമ്പസിലെ ആരോഗ്യപരിരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

6. വൈസ് ചാന്‍സലറുമായും സിന്‍ഡിക്കേറ്റുമായും ചര്‍ച്ച
വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും പരാതികള്‍ കേള്‍ക്കാന്‍ വൈസ് ചാന്‍സലര്‍ ക്യാമ്പസില്‍ എത്തുക, സിന്‍ഡിക്കേറ്റും അക്കാദമിക് കൗണ്‍സിലും അടിയന്തരമായി യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.

വിവാദസംഭവം

ഓഗസ്റ്റ് 13 ന് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് യോഗം നടന്നുകൊണ്ടിരിക്കെ ഭരണവിഭാഗം ഓഫീസിന് സമീപം വിദ്യാര്‍ത്ഥികള്‍ ഒരു പ്രതീകാത്മക സമരം നടത്തി.

വിദ്യാര്‍ത്ഥികളുടെ വിശദീകരണമനുസരിച്ച് അത് മാസങ്ങളായി പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന സ്റ്റേജ് സ്‌പോട്ട്ലൈറ്റുകളോടുള്ള പ്രതിഷേധമായിരുന്നു.
നാടകാവതരണങ്ങള്‍ക്ക് ആവശ്യമായ സ്‌പോട്ട്ലൈറ്റുകള്‍ മാസങ്ങളായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്.

പരാതി പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് അവര്‍ ആരോപിച്ചു. ഇതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി,
പ്രവര്‍ത്തനരഹിതമായ ലൈറ്റുകളെ പ്രതീകാത്മകമായി മരിച്ചതായി അവതരിപ്പിച്ച് അവയുടെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതുപോലുള്ള പ്രതിഷേധമാണ് നടത്തിയതെന്ന് അവര്‍ വിശദീകരിച്ചു. ഇതിനെ സാധൂകരിക്കുന്ന വിഷ്വലുകളും പൊതുമധ്യത്തിലുണ്ട്.

ശ്രദ്ധിക്കേണ്ട ഒരു കാര്യം, സര്‍വകലാശാലയിലെ 2026 ഓഗസ്റ്റ് 13-ലെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതാണ്. ഒന്നാമത്തെ എഫ്.ഐ.ആര്‍ ഓഗസ്റ്റ് 13 നും രണ്ടാമത്തേത് ഓഗസ്റ്റ് 16 നുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നാമത്തേതില്‍ പ്രതിഷേധത്തിനിടെ അന്യായമായി സംഘംചേരല്‍, മുദ്രാവാക്യം വിളിക്കല്‍, വഴി തടയല്‍, പൊലീസുമായുള്ള സംഘര്‍ഷം എന്നിവയാണ് കാരണങ്ങള്‍.

ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും സംഭവത്തിന് മൂന്ന് ദിവസത്തിനുശേഷം വൈസ് ചാന്‍സലറുടെ പരാതിയില്‍ അതേ സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ആദ്യ കേസില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നില്ല. പക്ഷെ 16ന് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആറില്‍ വൈസ് ചാന്‍സലറെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും തടഞ്ഞുവെക്കല്‍, കൈയേറ്റം, പരിക്കേല്‍പ്പിക്കല്‍, ഔദ്യോഗിക വാഹനം കേടുവരുത്തല്‍ തുടങ്ങിയ ആരോപണങ്ങള്‍ എന്നിങ്ങനെ ഗുരുതരമായ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടയില്‍ ഓഗസ്റ്റ് 14 ന് നടന്ന ഒരു സംഭവം, ഗവര്‍ണര്‍ ആര്‍.വി അര്‍ലേക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശനെ വിളിക്കുകയും, ”എസ്.എഫ്.ഐ സമരത്തിനിടെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന റിപ്പോര്‍ട്ടില്‍” ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് ഉറപ്പ് നല്‍കി. സതീശന്‍ രാജ്ഭവന്‍ സന്ദര്‍ശിച്ചപ്പോഴാണ് അര്‍ലേക്കര്‍ വിഷയം ഉന്നയിച്ചത്. സംഭവം കേവലം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമായി നിസാരമായി കാണരുതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഓഗസ്റ്റ് 15 ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്റെ അനുമതിയില്ലാതെ സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. സിസ തോമസിനെതിരായ കൈയേറ്റാരോപണത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 15ന് സിസ തോമസ് തന്നെ മുടിയില്‍ പിടിച്ചുവെന്നും ശരീരത്തില്‍ മാന്തിയെന്നും ഔദ്യോഗിക വാഹനം കേടുവരുത്തിയെന്നും മാധ്യമങ്ങളോട് വിശദീകരിച്ചു. എന്നാല്‍ ദേഹോപദ്രവത്തിന്റെ പേരില്‍ പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഔദ്യോഗിക വാഹനം കേടുവരുത്തിയതിന് നിയമനടപടി സ്വീകരിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. ഓഗസ്റ്റ് 16ന് കേരള കൗമുദിക്ക് നല്‍കിയ വിശദമായ അഭിമുഖത്തില്‍, പ്രതീകാത്മക ശവസംസ്‌കാരം തനിക്കെതിരായതാണെന്ന് അവര്‍ നേരിട്ട് ആരോപിച്ചു.

ഓഗസ്റ്റ് 16ന് സിസ തോമസ്, ഗവര്‍ണര്‍ അര്‍ലേക്കറെ കണ്ടശേഷം, കൈയേറ്റം, ദേഹോപദ്രവം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, വാഹനം കേടുവരുത്തല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചു, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി.

ആരാണ് സിസ തോമസ്?

2022 നവംബര്‍ മൂന്ന്: അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡോ. സിസാ തോമസിന് എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ താത്ക്കാലിക വൈസ് ചാന്‍സലറുടെ ചുമതല നല്‍കി.

സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് വിധി സിസ തോമസിന് അനുകൂലമായിരുന്നു. സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. പിന്നീട് വന്ന വിധിയില്‍, കെ.ടി.യു നിയമത്തിലെ വകുപ്പ് 13(7) പ്രകാരം താത്ക്കാലിക വി.സി. നിയമനത്തിനുള്ള പേരുകള്‍ ശുപാര്‍ശ ചെയ്യാനുള്ള അധികാരം സര്‍ക്കാരിനാണെന്ന് കോടതി വ്യക്തമാക്കി.

കോടതി സര്‍ക്കാരിന്റെ ശുപാര്‍ശാധികാരം അംഗീകരിച്ചെങ്കിലും, അന്നത്തെ നിയമനം റദ്ദാക്കാതിരുന്നതിനാല്‍ സിസാ തോമസിന് തുടര്‍ന്നും താത്ക്കാലിക വി.സി.യായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ 2026 മാര്‍ച്ച് അഞ്ചിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വി.സി. ഡോ. കെ.കെ. ഗീതാകുമാരിയെ സ്ഥാനത്തുനിന്ന് മാറ്റി. തുടര്‍ന്ന് സിസാ തോമസിന് അടുത്ത ഉത്തരവ് വരുന്നതുവരെ അധികചുമതല നല്‍കി.

മഹാരാജാസില്‍ അന്ന് എന്തു സംഭവിച്ചു? എന്തിനായിരുന്നു മഹാരാജാസിലെ പ്രതിഷേധം?

ബിരുദദാനച്ചടങ്ങില്‍ മന്ത്രി റോജി എം. ജോണ്‍ പ്രസംഗിക്കുമ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്‌റിയയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചു.

”ചടങ്ങിനുശേഷം മറുപടി നല്‍കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഉടന്‍ മറുപടി വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.”

തുടര്‍ന്ന് മന്ത്രി ഇറങ്ങിപ്പോവുകയും കണ്‍വൊക്കേഷന്‍ നടന്നില്ല, വേദിയുടെ പവിത്രത നശിപ്പിച്ചു എന്നീ ആരോപണങ്ങള്‍ എസ്.എഫ്.ഐ ക്കെതിരെ നിരന്നു. വന്നു വന്നു അതൊടുവില്‍ നഫീസത്തുല്‍ മിസ്‌റിയയെ ഒട്ടനവധി പ്രൊഫൈലുകളില്‍ നിന്ന് സ്‌ളട്ട് ഷെയിം (slut shame) ചെയ്യുന്ന അവസ്ഥയില്‍ വരെയെത്തി.

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?

നഫീസത്തുല്‍ മിസ്‌റിയ ചോദ്യം ചോദിക്കാനായി മൂന്ന് നിമിഷം ആവശ്യപ്പെട്ടു. അത് നല്‍കിയില്ല, അവര്‍ സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്തു, തുടര്‍ന്ന് അവര്‍ മൈക്കില്ലാതെ സംസാരിച്ചു. വലിയൊരു നീതിനിഷേധം മന്ത്രിയുടെയും സമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ട് വരാന്‍ വേണ്ടി നടത്തിയ പ്രതിഷേധത്തില്‍.

ആളും ആരവവും ഒഴിഞ്ഞിട്ട് മന്ത്രി എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ചെവിയില്‍ പോയി രഹസ്യമായി കൊടുക്കേണ്ട ഒന്നല്ല വിശദീകരണം. ‘ബധിരകര്‍ണങ്ങള്‍ തുറപ്പിക്കാന്‍ വലിയൊരു ശബ്ദം തന്നെ വേണം’ (If the deaf are to hear, the osund has to be very loud) എന്ന് പറഞ്ഞ കമ്മ്യൂണിസ്സ്റ്റുകാരനായ ഭഗത് സിങ്ങിന്റെ പിന്മുറക്കാരിയാണവള്‍. ചോദ്യങ്ങളുണ്ടാകും.

ആരോടാണ് ചോദിച്ചത് എന്ന് കൂടി നമ്മള്‍ അറിയേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോട്.

ഇവിടെയുള്ള ഒരു കുഴപ്പം, യു.ഡി.എഫ് അധികാരമേറ്റതിന് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് റോജി എം. ജോണ്‍ ആണോ അതോ സംഘപരിവാര്‍ ആണോ എന്ന് സംശയമുണ്ടാകുന്ന വിധത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. വിശദമായി പറയാം.

മഹാത്മാഗാന്ധി സര്‍വകലാശാല: വൈസ് ചാന്‍സലര്‍ നിയമനം

2026 ജൂണില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, എം.ജി. സര്‍വകലാശാലയുടെ ചുമതലയുള്ള വൈസ് ചാന്‍സലറായി ഡി. മാവൂത്തുവിനെ നിയമിച്ചു.
കൊച്ചിന്‍ സര്‍വകലാശാലയിലെ സംഘപരിവാര്‍ അനുകൂല അധ്യാപകസംഘടനാ പശ്ചാത്തലമുള്ള വ്യക്തിയാണ് മാവൂത്ത്.

വെറും പശ്ചാത്തലമല്ല, ”കൊച്ചിന്‍ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് സംഘ്” (Cochin University Teachers’ എന്ന പരിവാര്‍ അനുകൂല സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് മാവൂത്ത്. ഇവിടെ നിയമനത്തിന് ആവശ്യമായ പാനല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നില്ല.

എം.ജി. സര്‍വകലാശാല സെനറ്റില്‍ 19 പേരുടെ നാമനിര്‍ദേശം

2026 ജൂണില്‍ തന്നെ ഗവര്‍ണര്‍ 30 അംഗ എം.ജി. സര്‍വകലാശാല സെനറ്റിലേക്ക് 19 പേരെ നാമനിര്‍ദേശം ചെയ്തു. ബി.ജെ.പി, ആര്‍.എസ്.എസ്, സംഘപരിവാര്‍ അനുകൂല സംഘടനകളുമായി ബന്ധമുള്ളവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും.

ബി.ജെ.പി ദേശീയ സമിതി അംഗമായിരുന്ന ജെ. പ്രമീളാദേവി, അഭിഭാഷക പരിഷത്തുമായി ബന്ധമുള്ള എന്‍. ശങ്കരരാമന്‍ തുടങ്ങിയവര്‍ ഇതിലുള്‍പ്പെടുന്നു.

മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തു

ഇതേ മാസം തന്നെ തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആര്‍.എസ്.എസ് ശതാബ്ദി പ്രഭാഷണ പരിപാടിയില്‍ മൂന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് വലിയ വിവാദമായി.

ഡോ. മോഹനന്‍ കുന്നുമ്മല്‍ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല.
ഡി. മാവൂത്തു എം.ജി. സര്‍വകലാശാലയുടെ ചുമതലയുള്ള വൈസ് ചാന്‍സലര്‍.
ഡോ. സി.ആര്‍. പ്രസാദ് മലയാളം സര്‍വകലാശാലയുടെ ചുമതലയുള്ള വൈസ് ചാന്‍സലര്‍.

കാലിക്കറ്റ് സര്‍വകലാശാലയിലെ 32 പേരുടെ നിയമനവിവാദം

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ Boards of Studies-ലേക്ക് ഡഢഅട (ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം) മായി ബന്ധമുള്ളവരെന്ന് സംഘടന തന്നെ അവകാശപ്പെട്ട 32 പേരെ നിയമിച്ചു.

അവരില്‍ ചിലര്‍ പ്രധാന പഠനബോര്‍ഡുകളുടെ അധ്യക്ഷരായി.
നിയമനങ്ങളുടെ പട്ടിക സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്കു മുന്നില്‍ വെച്ചിരുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഉള്‍പ്പെടെയുള്ളവര്‍, ഇതിനെതിരെ രംഗത്ത് വന്നു.

പാഠ്യപദ്ധതിയും സിലബസും രൂപപ്പെടുത്തുക, പുതുക്കുക.ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ അക്കാദമിക ഉള്ളടക്കം നിര്‍ണയിക്കുക, പരീക്ഷാ രീതികളും അക്കാദമിക നിലവാരവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും തയ്യാറാക്കുക, പുതിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ പാഠ്യപദ്ധതിയില്‍ എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കുന്നതില്‍ പങ്കുവഹിക്കുക, എന്നിങ്ങനെ വളരെ അവധാനതയോടെ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളാണ് Boards of studies ന് ഉള്ളത്. അവിടെയാണ് സംഘികളെ തിരുകിക്കയറ്റുന്നത്.

മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ പ്രതികരണം

ഇടക്കാല വി.സി. നിയമനത്തിനായി ഗവര്‍ണര്‍ സര്‍ക്കാരിനോട് പേരുകളോ പാനലോ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു.
സര്‍വകലാശാലാ ചട്ടപ്രകാരം ഇടക്കാല വി.സി.യെ നിയമിക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് അംഗീകരിച്ചു.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതേപോലൊരു ഘട്ടത്തില്‍ ശക്തമായ നിയമപോരാട്ടം നടത്തിയിരുന്നു. അതേസമയം, ഇതൊന്നും ചെയ്യാതെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും രാഷ്ട്രീയ താത്പര്യങ്ങള്‍ സര്‍വകലാശാലകളില്‍ കടന്നുകയറുന്നത് ചെറുക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ പ്രഖ്യാപിച്ചത് ഒരു സര്‍ക്കാസം പോലെ തോന്നിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജൂണില്‍ തന്നെ വി.സി. നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചതാണെന്നും, സ്ഥിരം വി.സി.യുടെ തിരഞ്ഞെടുപ്പിനുള്ള പാനല്‍ മുന്‍ സര്‍ക്കാര്‍ നല്‍കേണ്ടതായിരുന്നുവെന്നും അത് നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും നിയമപരമായി സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നിട്ട്?

മുഖ്യമന്ത്രി പറഞ്ഞത് ”പരിശോധിക്കും, നടപടിയെടുക്കും” എന്ന വാഗ്ദാനമാണ്. പതിവ് പോലെ അവിടെ പ്രത്യേകിച്ചൊന്നും നടന്നില്ല.

മുഖ്യമന്ത്രിയും മന്ത്രിയും കാവിവത്ക്കരണത്തെ എതിര്‍ക്കുമെന്ന് വെറുതേ അങ്ങ് പറഞ്ഞിട്ടുണ്ടെങ്കിലും, ഈ നിയമനവിവാദങ്ങളില്‍ നിയമന ഉത്തരവ് പുനഃപരിശോധിചിട്ടില്ല,
സര്‍വകലാശാലയോട് വിശദീകരണം തേടിയിട്ടില്ല, ഏതെങ്കിലും നിയമനം റദ്ദാക്കുകയോ തിരുത്തുകയോ ചെയ്യാന്‍ നിയമോപദേശം തേടിയിട്ടില്ല. ഇതിനൊന്നും എതിരെ കോടതിയെ സമീപിച്ചിട്ടില്ല.

വെറും അഞ്ച് മാസം കൊണ്ടാണ് മേല്‍ പറഞ്ഞ കാര്യങ്ങള്‍ നടന്നിട്ടുള്ളത്. ഇത്രയും വസ്തുതകള്‍ പരിശോധിക്കുമ്പോഴേക്കും സംഘപരിവാര്‍ വത്കരണത്തിനെതിരെ വായ്താളം അടിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല അതിന് വഴിയൊരുക്കുകയും കൂടി ചെയ്തവരാണ് മുഖ്യമന്ത്രി വി.ഡി സതീശനും, റോജി എം ജോണും.

ഇവരില്‍ റോജി എം.ജോണിനോടാണ് മഹാരാജാസ് കോളേജിലെ ഒരു പെണ്‍കുട്ടി, ഒരു എസ്.എഫ്.ഐ വൈസ് ചെയര്‍ പേഴ്‌സണ്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഞങ്ങളെപ്പോലെയുള്ള 16 വിദ്യാര്‍ഥികള്‍ രണ്ട് മാസമായി സസ്‌പെന്‍ഷനിലാണ്, അവരുടെ ഭാവി തകര്‍ക്കരുത് എന്നാവശ്യപ്പെടുന്നത്.

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗത്തിലും വകുപ്പ് മേധാവിയായി പ്രവര്‍ത്തിച്ച പരിചയം വച്ചാണ് ആരാധ്യനായ അര്‍ലേക്കര്‍ സിസ തോമസിനെ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വി.സി ആക്കിയത്. പാവത്തിന് നാടകം മനസിലാവാഞ്ഞിട്ടാണോ അതോ സംഘപരിവാറിന്റെ തിരക്കഥയിലെ നാടകത്തിനനുസരിച്ച് ചുവടു വയ്ക്കുകയാണോ എന്നതാണ് ചോദ്യം.

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ ആയിരുന്നപ്പോഴേയുള്ള സംഘപരിവാര്‍ നോമിനിയാണ് സിസ തോമസ്. അവര്‍ കാരണം 16 വിദ്യാര്‍ഥികള്‍ രണ്ട് മാസമായി സസ്‌പെന്‍ഷനിലാണ്. അതിനെതിരെയുള്ള എസ്.എഫ്.ഐ പ്രതിഷേധമാണ് മഹാരാജാസിലുണ്ടായത്.

ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നു. ഇങ്ങനെ വൈര്യനിര്യാതന ബുദ്ധിയോടെയാണോ ഒരു സ്ഥാപനമേധാവി വിദ്യാര്‍ത്ഥികളോട് പെരുമാറേണ്ടത്?

അര്‍ഹതയില്ലാത്തത് വീണ് കിട്ടുമ്പോള്‍ പകരമായി വി.സി സംഘപരിവാറിന് ദാസ്യപ്പണി എടുക്കുന്ന കാഴ്ച ബോറാണ്. ഒരു വശത്ത് കോ ലോ ബി സഖ്യവും, മറുവശത്തു 16 എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ, വിദ്യാര്‍ത്ഥികളുടെ ഭാവിയുമാണ്.

സര്‍വകലാശാലകളിലെ സംഘപരിവാര്‍ നോമിനികള്‍ തോന്നിയ പോലെ ഭരിക്കുമ്പോള്‍ അണ്ണാക്കില്‍ പിരി വെട്ടി, കണ്ണും കെട്ടി നോക്കി ഇരിക്കുക എന്നുള്ളതല്ല ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ജോലി. അതാണ് പിള്ളേര് ചോദിക്കുന്നത്.

ചോദ്യങ്ങള്‍ ചോദിക്കും പ്രിയപ്പെട്ട റോജി എം. ജോണ്‍. 1977ല്‍, അടിയന്തിരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ചാന്‍സലര്‍ പദവി ഒഴിയാതിരുന്ന ഇന്ദിരാ ഗാന്ധിയുടെ വസതിയിലേക്ക് 500-ഓളം വിദ്യാര്‍ത്ഥികളുമായി മാര്‍ച്ച് നടത്തി, വീട് ഉപരോധിച്ചു, അവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച അന്നത്തെ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായിരുന്ന സീതാറാം യെച്ചൂരിയുടെ പ്രസ്ഥാനത്തിന്റെ ഭാഗമാണ് നഫീസത്തുല്‍ മിസ്‌റിയ.

അവളൊരു പ്രതീകമാണ്. ഇന്നാട്ടിലെ ചോദ്യം ചോദിക്കുന്ന യുവതയുടെ, സമരം നയിക്കുന്ന ഇടത് പെണ്‍കരുത്തിന്റെ പ്രതീകം. അവരിനിയും ചോദിക്കും, ഇത്രയും നാള്‍ നിങ്ങളുടെ വകുപ്പ് സംഘപരിവാര്‍ ഭരിച്ചപ്പോള്‍, അഞ്ച് മാസമായി ഒന്നും ചെയ്യാതിരിക്കുന്ന നിങ്ങള്‍ക്ക് വേദിയില്‍ നിന്നിറങ്ങിപ്പോവുകയല്ലാതെ വേറെ വഴിയില്ല എന്നോര്‍ക്കുക.

Content Highlight: Do you know Roji M. John—the SFI member who ‘gheraoed’ Indira Gandhi and read out a charge sheet to her?

അരുൺ എയ്ഞ്ചല

ഫോട്ടോ ജേര്‍ണലിസ്റ്റ്

Latest Stories

We use cookies to give you the best possible experience. Learn more