| Thursday, 27th August 2026, 7:11 pm

മണ്ഡല പുനര്‍നിര്‍ണയം: പ്രത്യേക പാര്‍ലമെന്റ് സമ്മേളന നീക്കത്തില്‍ മോദിക്ക് കത്തയച്ച് ഖാര്‍ഗെ

റെന്വര്‍ പി

ന്യൂദല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ല് അവതരിപ്പിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു ഇന്നലെ (ഓഗസ്റ്റ് 26, ബുധന്‍) ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഖാര്‍ഗെ ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്രം സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഇക്കാര്യം പഠിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമയം നല്‍കണമെന്നുമുള്ള മുന്‍ ആവശ്യം ഖാര്‍ഗെ കത്തില്‍ ആവര്‍ത്തിച്ചു. ഈവര്‍ഷം ജൂലൈ 16 ന് ഈ ആവശ്യം ഉന്നയിച്ച് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞ പശ്ചാത്തലത്തില്‍ ഈ അഭ്യര്‍ത്ഥന താന്‍ ആവര്‍ത്തിക്കുകയാണെന്നും ഖാര്‍ഗെ വ്യക്തമാക്കി.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, ഡീലിമിറ്റേഷനായുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ അവസാനമായി 2026 ജൂലൈ 16 ന് താങ്കള്‍ക്ക് കത്തെഴുതിയിരുന്നു.

പാര്‍ലമെന്റിന്റെ ഏതെങ്കിലും പ്രത്യേക സമ്മേളനത്തില്‍ ഇത്തരം നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവ വിശദമായി പഠിക്കാന്‍ മതിയായ സമയം നല്‍കണമെന്നും ഞാന്‍ താങ്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പാര്‍ലമെന്റിന്റെ അത്തരമൊരു പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടാമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി ഇന്നലെ രാത്രി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പരസ്യമായി പറഞ്ഞതിനാല്‍ ഈ അഭ്യര്‍ത്ഥന ആവര്‍ത്തിക്കാനാണ് ഞാന്‍ ഇപ്പോള്‍ എഴുതുന്നത്,’ ഖാര്‍ഗെ കത്തില്‍ കുറിച്ചു.

മണ്‍സൂണ്‍ സമ്മേളനം തന്നെ നീട്ടിവെക്കുന്ന തരത്തിലതുടര്‍ച്ചയായ കാലതാമസത്തിന്റെ കാരണം എന്താണെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും കത്തില്‍ ഖാര്‍ഗെ പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാട് വളരെ വ്യക്തമാണെന്ന് പറഞ്ഞ ഖാര്‍ഗെ ബില്ലുമായി ബന്ധപ്പെട്ട നിലപാടും കത്തില്‍ സൂചിപ്പിച്ചു.

ലോക്‌സഭയുടെ നിലവിലുള്ള അംഗബലം 543 ആയി 25 വര്‍ഷത്തേക്ക് അതുപോലെ നിലനിര്‍ത്തണം എന്നതടക്കമുള്ള മൂന്ന് ആവശ്യങ്ങളാണ് കത്തില്‍ ഖാര്‍ഗെ സൂചിപ്പിച്ചത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള അംഗബലം 25 വര്‍ഷത്തേക്ക് അതുപോലെ നിലനിര്‍ത്തണമെന്ന ആവശ്യവും കത്തില്‍ ഖാര്‍ഗെ ആവര്‍ത്തിച്ചു. 2029 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തണമെന്ന പാര്‍ട്ടിയുടെ ആവശ്യവും കത്തില്‍ ഖാര്‍ഗെ ഉന്നയിച്ചു.

മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം വിളിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും ഖാര്‍ഗെ കത്തില്‍ ആവര്‍ത്തിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും അത്തരം നിര്‍ദേശങ്ങള്‍ പഠിക്കാന്‍ മതിയായ സമയം നല്‍കണമെന്നും കത്തില്‍ അദ്ദേഹം പറഞ്ഞു. ‘കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി സൂചിപ്പിച്ചതുപോലെ മുന്നോട്ട് പോകുന്നതിനുമുമ്പ്, ഞാന്‍ നിങ്ങളോട് മുമ്പ് അഭ്യര്‍ത്ഥിച്ചത് ആവര്‍ത്തിക്കട്ടെ,’ എന്ന് പറഞ്ഞാണ് ഈ നിര്‍ദേശങ്ങള്‍ ഖാര്‍ഗെ കത്തില്‍ ആവര്‍ത്തിച്ചത്.

രാജ്യത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു വിഷയമാണിതെന്നും ഖാര്‍ഗെ പറഞ്ഞു. 2026 ഏപ്രില്‍ 16, 17 തീയതികളില്‍ നിങ്ങള്‍ ശ്രമിച്ചതുപോലെ വീണ്ടും ബുള്‍ഡോസ് ചെയ്യാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞാണ് ഖാര്‍ഗെ കത്ത് അവസാനിപ്പിക്കുന്നത്.

ലോക്സഭ പത്ത് ദിവസം അനിശ്ചിതമായി പിരിച്ചുവിട്ടിട്ടും എന്തുകൊണ്ട് ലോക്സഭാ സമ്മേളനം അവസാനിപ്പിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. പ്രത്യേക സമ്മേളനത്തില്‍ മണ്ഡല പുനര്‍ നിര്‍ണയം സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇപ്പോഴും മൂന്നില്‍ രണ്ട് ഭൂരിപക്ഷം തേടുന്നുണ്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

മണ്‍സൂണ്‍ സമ്മേളനം ഇതുവരെ നിര്‍ത്തിവച്ചിട്ടില്ലെന്നും നിലവിലുള്ള സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ സഭ വീണ്ടും വിളിച്ചുകൂട്ടാമെന്നും മന്ത്രി കിരണ്‍ റിജിജു ഇന്നലെ ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് മറ്റൊരു സമ്മേളനമോ പ്രത്യേക സമ്മേളനമോ വിളിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റിജിജു. സഭ വീണ്ടും യോഗം ചേരാന്‍ അനുവദിക്കുന്ന മുന്‍കാല പാര്‍ലമെന്ററി ഉത്തരവുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

Content Highlight: ‘Do not try to bulldoze’: Mallikarjun Kharge to PM amid special session buzz

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more