| Monday, 31st August 2026, 12:37 pm

ചോദ്യം ചോദിച്ചതിന് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തരുത്; അത് അധികാര ദുര്‍വിനിയോഗം: ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനോ ചോദ്യങ്ങള്‍ ചോദിക്കുന്നതിനോ വിദ്യാര്‍ത്ഥികളെ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധവും അധികാരത്തിന്റെയും പദവിയുടെയും ദുരുപയോഗവുമാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍.

ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാനുള്ള അവകാശം എതിര്‍പ്പിന്റെ പ്രകടനമല്ലെന്നും പൗരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്വത്തിന്റെയും ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നടന്ന 13-ാമത് എല്‍.എല്‍.എം ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുമ്പോഴോ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴോ അവരെ ഭീഷണിപ്പെടുത്താന്‍ പാടില്ല. ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഭരണഘടനാവിരുദ്ധമാണ്. അത് അധികാരത്തിന്റെയും പദവിയുടെയും ദുരുപയോഗമാണ്,’ ജസ്റ്റിസ് പറഞ്ഞു.

എല്ലാവരും ഒരേ രീതിയില്‍ ചിന്തിക്കുന്ന സമൂഹമല്ല ജനാധിപത്യത്തിന്റേതെന്ന് ജസ്റ്റിസ് ഭൂയാന്‍ വ്യക്തമാക്കി.

വ്യത്യസ്ത അഭിപ്രായങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുമെന്നും അവയെ ഭരണഘടനയുടെ വിശാലമായ ചട്ടക്കൂടിനുള്ളില്‍ അംഗീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിയോജിപ്പുകളെ ഭീഷണിയായി കാണുന്ന സമീപനം ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അസഹിഷ്ണുത ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണെന്നും അത് മറ്റൊരു തരത്തിലുള്ള അക്രമമായി മാറാമെന്നും ജസ്റ്റിസ് ഭൂയാന്‍ അഭിപ്രായപ്പെട്ടു.

അഭിപ്രായവ്യത്യാസങ്ങളെ നിശ്ശബ്ദമാക്കുകയോ നിരസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിന് പകരം അവ ചര്‍ച്ച ചെയ്യാനുള്ള ഇടം ജനാധിപത്യ സമൂഹത്തില്‍ ഉണ്ടാകണം.

സ്വതന്ത്ര ചിന്തയുടെ തുടക്കം സര്‍വകലാശാലകളില്‍ നിന്നായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള ആശയങ്ങളെയും നിലപാടുകളെയും ചോദ്യം ചെയ്യാനും അസൗകര്യമുണ്ടാക്കുന്ന ചോദ്യങ്ങള്‍ പോലും ഉന്നയിക്കാനും കഴിയുന്ന ഇടങ്ങളായിരിക്കണം സര്‍വകലാശാലകള്‍.

അഭിപ്രായ വ്യത്യാസത്തെ ഭയക്കുന്ന വിദ്യാഭ്യാസ അന്തരീക്ഷമല്ല സ്വതന്ത്രമായി ചിന്തിക്കാനും സംവദിക്കാനും കഴിയുന്ന അന്തരീക്ഷമാണ് ജനാധിപത്യത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Do not threaten students for asking questions; that amounts to an abuse of power: Justice Ujjal Bhuyan.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more