ന്യൂദല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എച്ച്.പി. രാഹുല്‍ ഗാന്ധിയുടെ മനുസൃമിതി മനോഭവം എന്ന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു വി.എച്ച്.പിയുടെ വിമര്‍ശനം. മറ്റ് മതങ്ങളുടെ ഗ്രസ്ഥങ്ങളില്‍ സ്ത്രീകളെക്കുറിച്ച് പറയുന്നത് പരസ്യമായി ഉദ്ധരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ധൈര്യമുണ്ടോയെന്ന് വി.എച്ച്.പി ചോദിച്ചു.
പുരുഷാധിപത്യം തകര്‍ക്കണമെന്നും പെണ്‍കുട്ടികള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതിനെ മാത്രമാണ് പ്രധാനമന്ത്രി വിമര്‍ശിച്ചതെന്നും ഇത് മനുസ്മൃതി മനോഭാവത്തിന്റെയും പുരുഷാധിപത്യ ചിന്തയുടെയും ഭാഗമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പിന്നാലെയാണ് വി.എച്ച്.പിയുടെ വിമര്‍ശനം.
പൂനെയില്‍ വെച്ച് നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ എന്ന വിദ്യാര്‍ത്ഥി സംവാദ പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി മനുസ്മൃതിയിലെ വരികള്‍ ഉദ്ധരിച്ച് സംസാരിച്ചത്. കുട്ടിക്കാലത്ത് പിതാവിനെയും യൗവനത്തില്‍ ഭര്‍ത്താവിനെയും വാര്‍ധക്യത്തില്‍ മക്കളെയും അനുസരിക്കേണ്ടവളാണ് സ്ത്രീ എന്ന മനുസ്മൃതിയിലെ വരികള്‍ ചൂണ്ടിക്കാട്ടികൊണ്ട് സ്ത്രീ മറ്റാരുടെയും അധീനതയിലല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം മനുസ്മൃതി ചിന്താഗതികള്‍ അപമാനകരമാണെന്നും പിതൃമേധാവിത്വപരമായ കെട്ടുകള്‍ തകര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബന്‍സാലാണ് രംഗത്തെത്തിയത്.
‘അര്‍ത്ഥം പൂര്‍ണമായി മനസിലാക്കാതെ മനുസ്മൃതിയിലെ ഏതെങ്കിലും ഒരു ശ്ലോകം മാത്രം എടുത്ത് ഹിന്ദു സമൂഹത്തെ കുറ്റക്കാരാക്കാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ അശുദ്ധമായ മനോഭാവം കൊണ്ട് രാജ്യത്തെ യുവാക്കളുടെ ശുദ്ധമായ മനസില്‍ വിഷം കലര്‍ത്തരുത്’ ബന്‍സാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മനുസ്മൃതിയെ കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് അത് മുഴുവന്‍ വായിച്ചു പഠിക്കാനും സന്യാസിവര്യന്മാരുടെ അടുത്ത് ഇരുന്ന് കാര്യം മനസിലാക്കാനും രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു. ചില വരികള്‍ മാത്രം സന്ദര്‍ഭത്തില്‍ നിന്ന് വേര്‍പെടുത്തി തെറ്റായ അര്‍ത്ഥത്തില്‍ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും വി.എച്ച്.പി ആരോപിച്ചു.
Content Highlight: Do not poison the pure minds of the youth with your impure mindset; VHP on Rahul Gandhi’s remarks regarding the Manusmriti.