തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന് ദേവപ്രശ്‌നം. നിലവറ തുറക്കുകയോ മൂല്യ നിര്‍ണ്ണയം നടത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് വംശനാശം സംഭവിക്കുമെന്നും ദേവപ്രശ്‌നത്തില്‍ പറയുന്നു. ക്ഷേത്രത്തില്‍ നാല് ദിവസമായി നടന്നിരുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തിലാണ് പുതിയ കണ്ടെത്തല്‍. ദേവപ്രശ്‌നം ഇന്നലെ അവസാനിച്ചു.
നിലവറ തുറന്നതില്‍ ഭഗവാന് കടുത്ത അതൃപ്തിയുണ്ടെന്ന് ദേവപ്രശ്‌നത്തില്‍ വ്യക്തമായതായി മധൂര്‍ നാരായണരംഗഭട്ടും കൈനാറ്റിന്‍കര പത്മനാഭശര്‍മ്മയും പറഞ്ഞു. ദേവചൈതന്യവുമായി അഭേധ്യ ബന്ധമുള്ള ബി നിലവറ തുറക്കുന്നത് രാഷ്ട്രത്തിനും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കും ആപത്തുണ്ടാക്കും. ഈ നിലവറയിലാണ് ശ്രീചക്രം സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്ര ചൈതന്യത്തിനായി രഹസ്യമായ മറ്റൊരു വിഗ്രഹവും കൂടി പ്രതിഷ്ഠിച്ചിട്ടുണ്ട്. നരസിംഹമൂര്‍ത്തിയെ കുടിയിരുത്തിയിരിക്കുന്നത് ദേവചൈതന്യത്തിന് വേണ്ടിയാണ്. അമൂല്യവസ്തുക്കള്‍ നഷ്ടപ്പെടുത്തുന്നത് നരസിംഹമൂര്‍ത്തിയുടെ കോപത്തിന് ഇടയാക്കും. നിലവറയും ക്ഷേത്രവുമായി ഗുഹാബന്ധമുണ്ട്. ദേവചൈതന്യത്തിന് വേണ്ടിയാണ് നിലവറകള്‍ സ്ഥാപിച്ചത്. ഭഗവാന്റെ അമൂല്യ ശേഖരം പ്രദര്‍ശിപ്പിക്കുന്നത് കടുത്ത അതൃപ്തിയുണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി.
തമിഴ് നാട്ടിലെ ആദികേശവപെരുമാള്‍ പദ്മനാഭസ്വാമിയുടെ ജേഷ്ഠനാണ്. ഈ ക്ഷേത്രത്തിലെ പൂജകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. കാസര്‍ഗോഡുള്ള അനന്തപദ്മനാഭ ക്ഷേത്രവും ശ്രീപദ്മനാഭക്ഷേത്രവും തമ്മിലും ബന്ധമുണ്ട്, അനന്തപദ്മനാഭന്റെ അനുസ്മരണം നടത്താത്തതും അപ്രീതിക്ക് കാരണമായിട്ടുണ്ട്. വില്വമംഗലം സ്വാമിയുടെ അദൃശ്യസാനിധ്യവും ക്ഷേത്രത്തിനുണ്ടെന്നും അവര്‍ പറഞ്ഞു.
ഇതുവരെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രത്യേക പൂജകള്‍ വേണമെന്ന് ജോത്സ്യന്മാര്‍ നിര്‍ദേശിച്ചു. 24000 വീതം മഹാസുദര്‍ശന പൂജ, ലക്ഷം തിലഹോമം, മൂന്ന് വേദങ്ങളുടെയും പാരായണം, ചക്രാബ്ദപൂജ എന്നിവ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ചാര്‍ട്ട് ഉത്രാടം തിരുനാളിനു നല്‍കി.
ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കേവലം സമ്പത്തായി മാത്രം കാണാന്‍ കഴിയില്ലെന്നും വിശ്വാസികളുടെയും വിശ്വാസത്തിന്റെയും പ്രശ്‌നമാണെന്നും അവരുടെ വികാരം കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേവപ്രശ്‌നത്തോട് പ്രതികരിച്ചു. സര്‍ക്കാറിന്റെ നിലപാട് സുപ്രീംകോടതി ആരാഞ്ഞാല്‍ ഇതേ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം.