| Tuesday, 3rd June 2025, 5:25 pm

രാത്രി 12നും അഞ്ചിനും ഓണ്‍ലൈന്‍ ഗെയിമുകളില്‍ ലോഗിന്‍ ചെയ്യരുത്; തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ശരിവെച്ച് മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാത്രി 12നും പുലര്‍ച്ചെ അഞ്ചിനും ഓണ്‍ലൈന്‍ ഗെയിമുകളില്‍ ലോഗിന്‍ ചെയ്യരുതെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ശരിവെച്ച് മദ്രാസ് ഹൈക്കോടതി. പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നും ന്യായമായ നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയതെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യം, ജസ്റ്റിസ് കെ. രാജശേഖരന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഗെയിമിങ്ങ് കമ്പനികളുടെ ഹരജി തള്ളിയത്.

തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണം സ്വകര്യതയുടെ ലംഘനമാണെന്നും ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് സാധിക്കുകയുള്ളുവെന്നും ചൂണ്ടിക്കാണിച്ചാണ് ഗെയിമിങ് കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിട്ടില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങള്‍ ഈ വിഷയത്തിലെ ശൂന്യത നികത്തുന്നതായി കോടതി നിരീക്ഷിച്ചു. കൂടാതെ കേന്ദ്ര നിയമം നിലവില്‍ വരുന്നത് വരെ പ്രവര്‍ത്തിക്കാതിരിക്കനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ അകത്തുള്ള വ്യാപാരങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

അര്‍ദ്ധരാത്രിയിലെ ഗെയിം ഉപയോഗത്തിന് നിയന്ത്രണം ഉള്‍പ്പെടുത്തിയതിന് പുറമെ നിര്‍ബന്ധിത ആധാര്‍ പരിശോധനയും തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. റമ്മി, പോക്കര്‍ എന്നിങ്ങനെയുള്ള ഗെയിമുകള്‍ ധനഷ്ടമുണ്ടാക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഗെയിമിങ് കമ്പനികളുടെ സ്വകാര്യതയെപ്പറ്റിയുള്ള വാദം കേട്ട കോടതി സ്വകാര്യതയ്ക്കുള്ള അവകാശം സമ്പൂര്‍ണമല്ലെന്നും പൊതുജനക്ഷേമത്തിനായി ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും പുട്ടസ്വാമി വിധിയെ ചൂണ്ടിക്കാണിച്ച് കോടതി പറഞ്ഞു.

2022ലാണ് സംസ്ഥാന ഗെയിമിങ് അതോറിറ്റി ഗെയിമിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രി 12 മണി മുതല്‍ രാവിലെ അഞ്ച് വരെ ഗെയിമിങ് നിരോധിക്കുകയും യൂസര്‍ ഐഡന്റിഫിക്കേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയും ചെയ്യുകയാണുണ്ടായത്.

Content Highlight: Do not log in to online games between 12 midnight and 5 am; Madras High Court upholds Tamil Nadu government’s action

We use cookies to give you the best possible experience. Learn more