| Thursday, 3rd September 2026, 6:56 am

'ബി.ജെ.പിയുടെ കെണിയില്‍ വീഴരുത്'; യുവാക്കള്‍ രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷ കാണുന്നു: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: രാജ്യത്തെ പുതിയ തലമുറ ഭയപ്പെടുന്നവരല്ലെന്നും ബി.ജെ.പി ഉയര്‍ത്തുന്ന പ്രചാരണങ്ങളില്‍ വീഴാതെ സ്വയം അന്വേഷിച്ച് മനസിലാക്കുന്നവരാണ് ജെന്‍ സിയെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ്. യുവാക്കള്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ രാജ്യത്തെ പ്രതീക്ഷയുടെ ഉറവിടമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ചിബിന്റെ പ്രതികരണം.

ബി.ജെ.പി നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ അതേപടി വിശ്വസിക്കുന്നതിന് പകരം യുവാക്കള്‍ സ്വന്തം നിലയില്‍ പരിശോധിക്കുകയാണ്. തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ യുവാക്കള്‍ കാണിക്കുന്ന ധൈര്യമാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റം സൃഷ്ടിക്കുന്നതെന്നും ചിബ് പറഞ്ഞു.

‘ഈ പുതിയ തലമുറ വളരെ ധീരരാണ്. ഇന്നത്തെ യുവാക്കള്‍ക്ക് ഏറ്റവും നല്ല കാര്യം അവരുടെ (ബി.ജെ.പി) കെണിയില്‍ വീഴാതിരിക്കുകയെന്നതാണ്. ഇന്ന് യുവാക്കള്‍ അദ്ദേഹത്തെ (രാഹുല്‍ ഗാന്ധി) രാജ്യത്തിന്റെ പ്രതീക്ഷയുടെ ഉറവിടമായി കാണുന്നു. അത്തരം വിശ്വാസവും ബന്ധവും ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതല്ല,’ അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ 12 വര്‍ഷമായി രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി യുവാക്കളുടെയും ജനങ്ങളുടെയും വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും ചിബ് കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന് തോന്നുന്നിടത്തെല്ലാം അവരുടെ ശബ്ദമായി രാഹുല്‍ ഗാന്ധി മാറുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ തുടര്‍ച്ചയായ ഇടപെടലിന്റെ ഫലമായാണ് യുവാക്കള്‍ അദ്ദേഹത്തെ ‘ബാറ്റ്മാന്‍’ എന്ന് വിളിക്കുന്നതെന്നും ചിബ് പറഞ്ഞു.

പ്രയാഗ്രാജിലെയും പൂനെയിലെയും ‘ഛാത്രോന്‍ കി ഗൂഞ്ച്’ പരിപാടികളിലെ യുവജന പങ്കാളിത്തവും രാഹുല്‍ ഗാന്ധിയോടുള്ള പുതിയ തലമുറയുടെ ബന്ധവും ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികമാധ്യമങ്ങളില്‍ സി.ജെ.പിക്ക് വലിയ സ്വാധീനമുണ്ടെങ്കിലും യുവാക്കളുമായി ബന്ധപ്പെടാന്‍ യൂത്ത് കോണ്‍ഗ്രസും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചിബ് വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളിലും യൂത്ത് കോണ്‍ഗ്രസ് ശക്തമായ നിലപാട് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ പേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ചിബ് വ്യക്തമാക്കി.

ഭാരത് മണ്ഡപത്തില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ചും ചിബ് പ്രതികരിച്ചു. പ്രതിഷേധിക്കാനുള്ള ഇടങ്ങള്‍ തന്നെ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യത്യസ്ത രീതിയില്‍ പ്രതിഷേധിച്ചതെന്നും, അതിന്റെ പേരില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധം രാജ്യത്തിനെതിരായിരുന്നില്ലെന്നും പ്രധാനമന്ത്രിക്കെതിരായ രാഷ്ട്രീയ വിമര്‍ശനമായിരുന്നുവെന്നും ചിബ് പറഞ്ഞു.

Content Highlights: Do not fall into the BJP’s trap’; youth see hope in Rahul Gandhi: Youth Congress President

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more