ന്യൂദല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ച രേഖപ്പെടുത്തിയതിന് പിന്നാലെ രാജ്യത്തെ ഉത്പന്നങ്ങള്‍ക്കും സ്വയംപര്യാപ്തതയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിദേശത്ത് വിനോദയാത്ര നടത്തുന്നതും വിവാഹം നടത്തുന്നതും ഒഴിവാക്കണമെന്നും അത്യാവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
‘സ്വയംപര്യാപ്ത ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം കൂടുതല്‍ ശക്തമായി മുന്നേറേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. വിദേശ ഉത്പന്നങ്ങള്‍ക്ക് പകരം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.
‘വിനോദത്തിന് പോകുകയാണെങ്കില്‍ വിദേശ യാത്രകള്‍ പാടില്ല. വിദേശത്ത് വിവാഹം കഴിക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. അത്യാവശ്യമില്ലെങ്കില്‍ സ്വര്‍ണവും വാങ്ങരുത്,’ മോദി പറഞ്ഞു.
നിലവിലെ സാമ്പത്തിക നേട്ടം ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ ശക്തമായ വളര്‍ച്ചയുടെ സൂചനയാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ 7.8 ശതമാനം ജി.ഡി.പി വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 6.9 ശതമാനത്തേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചയാണിത്. സ്വന്തം രാജ്യത്തിനും സ്വയംപര്യാപ്തതയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിലൂടെ ഇന്ത്യയുടെ വികസന യാത്ര കൂടുതല്‍ ശക്തമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തിന് പ്രാധാന്യം നല്‍കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Content Highlights: Do not buy gold, do not hold weddings abroad: Narendra Modi’s call.