| Saturday, 28th November 2026, 9:28 pm

ട്രംപിന്റെ ഉപകരണമായി മാറരുത്; ഇറാഖിന് മുന്നറിയിപ്പുമായി ഇറാൻ നേതാവിന്റെ ഉപദേഷ്ടാവ്

ശ്രീലക്ഷ്മി എ.വി.

ടെഹ്‌റാൻ: പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ നടപടികളെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചതിന് പിന്നാലെ ഇറാഖിന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടായ മുഹമ്മദ് മൊഖ്ബർ.

ഇറാഖി എണ്ണക്കടത്ത് തടയാനും അഴിമതി അവസാനിപ്പിക്കാനും എല്ലാ ആയുധങ്ങളും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കാനുമുള്ള ഇറാഖി പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ ട്രംപ് വെള്ളിയാഴ്ച പ്രശംസിച്ചിരുന്നു. പിന്നാലെയാണ് ഇറാൻ നേതാവിന്റെ ഉപദേഷ്ടാവ് എക്സിലൂടെ മുന്നറിയിപ്പ് നൽകിയത്.

അയൽരാജ്യങ്ങളുമായി പൊതുവായ കാര്യങ്ങൾ പങ്കിടുക എന്നത് ഇറാന്റെ വിദേശനയത്തിന്റെ അടിസ്ഥാന തത്വമാണെന്ന് മുഹമ്മദ് മൊഖ്ബർ പറഞ്ഞു. അതിർത്തി വിഷയങ്ങളിൽ ഇറാഖ് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എണ്ണകടത്തിന്റെ അന്വേഷണത്തെ തുടർന്ന് ഇറാഖ് പ്രാദേശിക ഭരണകൂടം നിയന്ത്രിച്ചിരുന്ന സിറിയയുമായും ഇറാനുമായുള്ള രണ്ട് അതിർത്തി കവാടങ്ങൾ ഇറാഖി അതിർത്തിസേന ബുധനാഴ്ച അടച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

കള്ളക്കടത്ത്, അതിർത്തി നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തങ്ങളുടെ ഉന്നതതല സുരക്ഷാ സംഘം ഇറാനിൽ എത്തിയതായി ഇറാഖ് അംബാസഡർ അറിയിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചത് മുതൽ പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണ്. മിസൈൽ -ഡ്രോൺ ആക്രമണങ്ങൾ നടത്തികൊണ്ടും ഹോർമുസ് കടലിടുക്ക് അടച്ചുകൊണ്ടാണ് ഇറാൻ പ്രതികരിച്ചത്.

അതേസമയം ഇറാനെതിരായ അമേരിക്ക-ഇസ്രഈൽ സൈനിക നടപടി,
ഉടൻ അവസാനിപ്പിക്കണമെന്ന് ഭൂരിപക്ഷം അമേരിക്കൻ വോട്ടർമാരും ആഗ്രഹിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡും ഗവേഷണ സ്ഥാപനമായ ഇപ്സോസും സംയുക്തമായി നടത്തിയ ക്രിട്ടിക്കൽ ഇഷ്യൂസ് പോൾ സർവേയിലാണ് ഈ കണ്ടെത്തൽ.

സർവേയിൽ പങ്കെടുത്ത 1,022 മുതിർന്ന പൗരന്മാരിൽ 55 ശതമാനം പേരും അനുകൂലമായ നിബന്ധനകൾ ലഭിച്ചില്ലെങ്കിലും യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാടിനെ പിന്തുണച്ചു.

ഡെമോക്രാറ്റിക് വോട്ടർമാരിൽ 80 ശതമാനവും സ്വതന്ത്ര വോട്ടർമാരിൽ 59 ശതമാനവും യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളിൽ 25 ശതമാനം പേരും ഈ നിലപാടിനെ അനുകൂലിച്ചു.

Content Highlight: Do not become a tool for Trump; Iranian leader’s advisor warns Iraq

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more