ന്യൂദല്‍ഹി: നിരവധി രാഷ്ട്രീയ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടും നിരാഹാര സമരം തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക്ക്. നീറ്റ് യൂജി ചോദ്യ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന സമരത്തില്‍ 18ാം ദിവസമായിട്ടും അദ്ദേഹം നിരാഹാരം തുടരുകയാണ്.
കടുത്ത പേശി വേദനയും ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നുണ്ടെങ്കിലും നിരാഹാര സമരം അവസാനിപ്പിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. വാങ്ചുക്കിന്റെ ആരോഗ്യം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന (യു.ബി.ടി) തലവന്‍ ഉദ്ധവ് താക്കറെ, എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ ഉപവാസം അവസാനിപ്പിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാള്‍ ഇങ്ങനെ ബലിയാടാകുന്നത് രാജ്യം നോക്കിനില്‍ക്കരുതെന്ന് മുതിര്‍ന്ന നടി സീനത്ത് അമനും പറഞ്ഞിരുന്നു. വാങ്ചുക്കുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
വാങ്ചുക്കിന്റെ ശരീരത്തിലെ പേശീകളുടെ അളവ് കുറഞ്ഞ് തുടങ്ങിയതായും അദ്ദേഹം കടുത്ത വേദനയിലാണെന്നും സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ പറഞ്ഞു. ഉപവാസം തുടങ്ങിയ ശേഷം വാങ്ചുക്കിന് 8.5 കിലോ ഗ്രാം ഭാരം കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹത്തിന് പേശി വേദന തുടങ്ങിയിട്ടുണ്ട്, കടുത്ത വേദനയിലാണ് അദ്ദേഹം. നിരാഹാരം അവസാനിപ്പിക്കാന്‍ മറ്റുള്ളവരെപ്പോലെ ഞാനും അദ്ദേഹത്തോട് അപേക്ഷിച്ചു. എന്നാല്‍ ‘എന്റെ ഉപവാസം അവസാനിപ്പിക്കാന്‍ എന്നോട് ആവശ്യപ്പെടരുത്, ഞങ്ങളോട് ഒരു ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാരിനോട് ചോദിക്കൂ’ എന്നാണ് അദ്ദേഹം ശാന്തനായി മറുപടി നല്‍കിയത്,’ ദിപ്‌കെ എക്‌സില്‍ കുറിച്ചു.
അതേസമയം ഇന്ത്യയിലെ പൊതുപരീക്ഷാ സംവിധാനത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന അഞ്ചിന പരീക്ഷാ പരിഷ്‌കരണ ചാര്‍ട്ടര്‍ സി.ജെ.പി വക്താവ് വൈഷ്ണവി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ രാജ്യത്ത് നിരവധി പരീക്ഷാ ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നിട്ടുണ്ടെങ്കിലും, അത്തരം സംഭവങ്ങളെക്കുറിച്ച് ഔദ്യോഗികമായ ഒരു വിവരശേഖരവുമില്ലെന്നും ആര്‍ക്കും ഒരു ഉത്തരവാദിത്തവുമില്ലെന്നും അവര്‍ ആരോപിച്ചു. പൊതുപരീക്ഷാ നിയമപ്രകാരം ഇതുവരെ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള നിയമത്തിന് പകരം പരീക്ഷകളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉദ്യോഗാര്‍ത്ഥികളുടെ അവകാശങ്ങളും ഉറപ്പാക്കുന്ന ‘പബ്ലിക് എക്‌സാമിനേഷന്‍സ് ആക്ട്’ കൊണ്ടുവരിക, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പിരിച്ചുവിട്ട് നിയമപരമായ പദവിയുള്ള ഒരു ‘നാഷണല്‍ ടെസ്റ്റിംഗ് കമ്മീഷന്‍’ രൂപീകരിക്കുക എന്നിവയാണ് ചാര്‍ട്ടറിലെ പ്രധാന നിര്‍ദേശങ്ങള്‍.
കൂടാതെ, പരീക്ഷാ ഏജന്‍സികളില്‍ സി.എ.ജി ഓഡിറ്റ് നിര്‍ബന്ധമാക്കുക, സ്വതന്ത്ര പരീക്ഷാ ഓംബുഡ്‌സ്മാനെ നിയമിക്കുക, വിദ്യാര്‍ത്ഥികളുടെ അവകാശ ചാര്‍ട്ടര്‍ രൂപീകരിക്കുക, ഉദ്യോഗാര്‍ത്ഥികളുടെ ക്ഷേമത്തിനായി ഒരു ദേശീയ ഫണ്ട് രൂപീകരിക്കുക എന്നിവയും ഇതില്‍ ആവശ്യപ്പെടുന്നുണ്ട്.
വാങ്ചുക്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്ന മറ്റ് നിരവധി പ്രതിഷേധക്കാരുടെയും ആരോഗ്യം വഷളായിട്ടുണ്ട്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ ദീപക് ചൊവ്വാഴ്ച രാവിലെ ഡിസ്ചാര്‍ജ് ആയി. തങ്ങളുടെ മറ്റ് പ്രവര്‍ത്തകരായ നേഹ, മനീഷ്, ആമീന്‍ എന്നിവര്‍ പ്രതിഷേധ സ്ഥലത്തെ മറ്റൊരു വേദിയില്‍ അനിശ്ചിതകാല ഉപവാസം തുടരുകയാണെന്ന് സംഘടന അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി സമരം നടത്തുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ‘ചലോ സന്‍സദ്’ (പാര്‍ലമെന്റിലേക്ക് മാര്‍ച്ച്) പ്രതിഷേധത്തിനുള്ള ഒരുക്കങ്ങളും സംഘടന ശക്തമാക്കിയിട്ടുണ്ട്.
മിസ്ഡ് കോള്‍ കാമ്പയിന്‍ വഴി ഈ മാര്‍ച്ചില്‍ പങ്കാളികളാകാന്‍ അവര്‍ ആളുകളോട് ആവശ്യപ്പെട്ടു.
ഈ ക്യാമ്പയിനിലൂടെ ഇതിനകം 1.3 ലക്ഷത്തിലധികം ആളുകള്‍ പാര്‍ലമെന്റ് മാര്‍ച്ചിന് പിന്തുണ അറിയിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വക്താവ് അശുതോഷ് രങ്ക പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി വാങ്ചുക്കിനെ ഫോണില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചതായും ധൈര്യമായിരിക്കാന്‍ ആവശ്യപ്പെട്ടതായും ദിപ്‌കെ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കാനായുള്ള സി.ജെ.പിയുടെ ഈ സമരത്തിന് അവര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: Do not ask me to end my hunger strike; instead, ask the government why it is not even willing to hold talks: Sonam Wangchuk