| Friday, 18th July 2025, 8:28 am

ഒ.ടി.ടി റിലീസിന് ഒരു ദിവസം മുമ്പേ ഡി.എന്‍.എ തെലുങ്ക് പതിപ്പ് തിയേറ്ററുകളില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെല്‍സണ്‍ വെങ്കിടേശന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ഡി.എന്‍.എ. ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങിയ ചിത്രത്തില്‍ അഥര്‍വയും നിമിഷ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആതിഷ വിനോയ്, നെല്‍സണ്‍ വെങ്കിടേശന്‍ എന്നിവരാണ് ഡി.എന്‍.എയ്ക്ക് തിരക്കഥ ഒരുക്കിയത്. നിമിഷ അഭിനയിച്ച നാലാമത്തെ തമിഴ് ചിത്രമായിരുന്നു ഇത്. ദിവ്യയെന്ന കഥാപാത്രമായി നിമിഷ അഭിനയിച്ചപ്പോള്‍ അഥര്‍വയാണ് ആനന്ദ് എന്ന നായക കഥാപാത്രമായി ഡി.എന്‍.എയില്‍ എത്തിയത്. ജൂണ്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ഇന്ന് (വെള്ളി) തിയേറ്ററുകളിലെത്തും. തിയേറ്ററിലെത്തിയ ഒരു ദിവസത്തിന് ശേഷം, ജൂലൈ 19ന് ഡി.എന്‍.എ ഒ.ടി.ടിയിലെത്തും. ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

ഡി.എന്‍.എയുടെ എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ടീം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് തെലുങ്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു. തെലുങ്കില്‍ മൈ ബേബി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഡബ്ബിങ് അവകാശം സ്വന്തമാക്കിയത് സുരേഷ് കൊണ്ടേറ്റിയാണ്. തുടക്കത്തില്‍ ജൂലൈ 25ന് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് നടക്കുമെന്ന് കരുതിയിരുന്നെങ്കിലും നിര്‍മാതാക്കള്‍ അത് ജൂലൈ 19ലേക്ക് വെക്കുകയായിരുന്നു.

തെലുങ്ക് പതിപ്പിന്റെ തിയേറ്റര്‍ റിലീസ് കഴിഞ്ഞ ആഴ്ച നടക്കേണ്ടതായിരുന്നുവെങ്കിലും ഇന്നത്തേക്ക് മാറ്റിവെക്കുകയിരുന്നു. നിര്‍മാതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യസങ്ങള്‍ മൂലമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിയേറ്ററിലെത്തി ഒരു ദിവസത്തിന്റെ വ്യത്യാസത്തില്‍ ഒ.ടി.ടിയില്‍ ഡി.എന്‍.എ എത്തുമ്പോള്‍ കളക്ഷനെ അത് കാര്യമായി തന്നെ ബാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ തമിഴില്‍ ചിത്രത്തിന് ലഭിച്ച മികച്ച അഭിപ്രായം തെലുങ്കില്‍ തുണയാകുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: DNA Telugu version hits theaters a day before it’s OTT release

We use cookies to give you the best possible experience. Learn more