| Wednesday, 18th September 2019, 9:49 pm

ഹിന്ദി ഭാഷയില്‍ അമിത് ഷായുടെ മലക്കം മറിച്ചില്‍; വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ നടത്താനിരുന്ന സമരം ഡി.എം.കെ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഡി.എം.കെ തമിഴ്‌നാട്ടില്‍ സെപ്തംബര്‍ 20 ന് നടത്താനിരുന്ന പ്രതിഷേധം പിന്‍വലിച്ചു. ഹിന്ദി ഒന്നാം ഭാഷയാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണത്തിന് പിന്നാലെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ പ്രതിഷേധം പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട് ഗവര്‍ണര്‍ ബാന്‍വാരിലാല്‍ പുരോഹിത് ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിനുമായും മുതിര്‍ന്ന നേതാവ് ടി. ആര്‍ ബാലുവുമായും കൂടിക്കാഴ്ച നടത്തി പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ അമിത് ഷാ നയം വ്യക്തമാക്കുക കൂടി ചെയ്തതോടെയാണ് പ്രതിഷേധം പിന്‍വലിക്കുന്നതായി സ്റ്റാലിന്‍ അറിയിച്ചത്.

‘എന്തുകൊണ്ടാണ് സംസ്ഥാന വ്യാപകമായി ഡി.എം.കെ സമരത്തിനൊരുങ്ങിയതെന്ന് ഗവര്‍ണറോട് ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് ഉദ്ദേശമില്ലെന്ന് അദ്ദേഹം ഉറപ്പുതന്നിട്ടുണ്ട്. പിന്നാലെ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് അമിത് ഷായും വ്യക്തമാക്കിയിട്ടുണ്ട്.’- സ്റ്റാലിന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ വെള്ളിയാഴ്ചത്തെ പ്രതിഷേധം മാത്രമാണ് പിന്‍വലിച്ചിട്ടുള്ളതെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ ഇനിയും എതിര്‍ക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

അമിത്ഷായുടെ പ്രസ്താവനക്കെതിരെ രാഷ്ട്രീയരംഗത്തും സാമൂഹിക രംഗത്തുമുള്ള നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

ശക്തമായ വിമര്‍ശനമാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാന്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് നടനും മക്കല്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more